ദില്ലി: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി ചാരവൃത്തി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ തൂക്കിലേറ്റിയെന്ന് ഇറാൻ. ജൂൺ മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന 12 ദിവസത്തെ ഏറ്റുമുട്ടലിനെ തുടർന്ന് നടപ്പാക്കിയ വധശിക്ഷകളിൽ ഏറ്റവും ഒടുവിലത്തേതാണിത്.
എന്നാൽ തൂക്കിലേറ്റിയത് ആരെയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല. 2023 ഒക്ടോബറിൽ ഇസ്രായേലി ഇന്റലിജൻസുമായി ബന്ധപ്പെടാൻ തുടങ്ങിയ ഇയാളെ 2024 ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഈ മാസം ആദ്യം, ഭീകരവാദം ആരോപിച്ച് ഖുസെസ്ഥാൻ പ്രവിശ്യയിൽ ആറ് പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിനും ഒരാഴ്ച മുൻപ് ഇസ്രയേലിൻ്റെ പ്രധാന ചാരന്മാരിൽ ഒരാളെന്ന് ആരോപിച്ച് ഒരാളെ തൂക്കിലേറ്റിയിരുന്നു.
മൊസാദുമായി സഹകരിച്ചതായും രഹസ്യ വിവരങ്ങൾ ഓൺലൈനായി കൈമാറിയെന്ന് സമ്മതിച്ചതിൻ്റെയും അടിസ്ഥാനത്തിലാണ് ഏറ്റവും ഒടുവിലത്തെ വധശിക്ഷയെന്നാണ് ഇറാൻ്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള വിശുദ്ധ നഗരമായ കോമിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വധശിക്ഷ നടപ്പാക്കിയത്.
ഇയാളുടെ ശിക്ഷാ വിധി സുപ്രീം കോടതി ശരിവെച്ചെന്നും മാപ്പപേക്ഷ കോടതി നിരസിച്ചെന്നും ഇറാൻ ചീഫ് ജസ്റ്റിസ് കാസിം മൗസവി പറഞ്ഞതായി ജുഡീഷ്യറിയുടെ മിസാൻ ഓൺലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈന കഴിഞ്ഞാൽ കുറ്റവാളികളെ തൂക്കിലേറ്റുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇറാൻ.
ഈ വർഷം മാത്രം ചാരവൃത്തി ആരോപണത്തിൻ്റെ പേരിൽ നിരവധി പേരുടെ വധശിക്ഷ ഇറാനിൽ നടപ്പാക്കിയിരുന്നു. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട
ആണവ ശാസ്ത്രജ്ഞനെ കുറിച്ച് വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് റൂസ്ബെ വാഡി എന്നയാളെയും ഇറാൻ ഈ വർഷം വധിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]