ഹൈദരാബാദ്: പ്രൈം വോളിബോള് ലീഗ് നാലാം സീസണിലെ ആവേശകരമായ പോരാട്ടത്തിൽ, മുംബൈ മിറ്റിയോഴ്സിൻ്റെ മുന്നേറ്റത്തിന് അഹമ്മദാബാദ് ഡിഫൻഡേഴ്സ് തടയിട്ടു. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് അഹമ്മദാബാദിന്റെ വിജയം (12-15, 15-7, 15-12, 21-20).
മത്സരത്തിലെ താരമായി നന്ദഗോപാൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ 12 പോയിന്റുമായി അഹമ്മദാബാദ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു, മുംബൈ മൂന്നാം സ്ഥാനത്താണ്.
ആദ്യ സെറ്റിൽ മുത്തുസ്വാമി അപ്പാവു ഒരുക്കിയ അവസരങ്ങൾ മുതലെടുത്ത് നന്ദഗോപാലും അഭിനവും നടത്തിയ മികച്ച ആക്രമണങ്ങളിലൂടെ അഹമ്മദാബാദ് തുടക്കത്തിൽ ആധിപത്യം നേടി. എന്നാൽ, പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് മുംബൈ തിരിച്ചടിച്ചു.
മത്തിയാസ് ലോഫ്റ്റൻസസിൻ്റെ സൂപ്പർ സെർവിലൂടെ കളിയിലേക്ക് തിരിച്ചുവന്ന മുംബൈക്കായി, പീറ്റർ ഒസ്റ്റവിക് അംഗമുത്തുവിനെ രണ്ടുതവണ ബ്ലോക്ക് ചെയ്തു. മറ്റൊരു സൂപ്പർ സെർവിലൂടെ അവർ ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ ബട്ടുർ ബറ്റ്സുറിയുടെ നേതൃത്വത്തിൽ അഹമ്മദാബാദ് ശക്തമായി തിരിച്ചുവന്നു. അംഗമുത്തുവും ആക്രമണത്തിൽ പങ്കുചേർന്നതോടെ മുംബൈ പ്രതിരോധം സമ്മർദ്ദത്തിലായി.
നന്ദയുടെ സൂപ്പർ സ്പൈക്കിലൂടെ ലഭിച്ച സൂപ്പർ പോയിന്റ് അഹമ്മദാബാദിന് മുൻതൂക്കം നൽകി. ബറ്റ്സുറിയും അംഗമുത്തുവും ആക്രമണം കടുപ്പിച്ചതോടെ അഹമ്മദാബാദ് മത്സരം തങ്ങളുടെ നിയന്ത്രണത്തിലാക്കി.
മത്സരത്തിൽ പിന്നോട്ട് പോയ മുംബൈ, ബ്ലോക്കർ കാർത്തികിനെ കളത്തിലിറക്കി. ഒരു സൂപ്പർ സെർവിലൂടെ കാർത്തിക് ടീമിന് ഊർജ്ജം പകർന്നു.
നിഖിലിന്റെ ഇടംകൈയ്യൻ സ്പൈക്ക് മുംബൈക്ക് പ്രതീക്ഷ നൽകിയെങ്കിലും, തകർപ്പൻ സെർവുകളുമായി നന്ദഗോപാൽ അഹമ്മദാബാദിനെ മത്സരത്തിൽ നിലനിർത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നാലാം സെറ്റിൽ, ലോഫ്റ്റൻസസിൻ്റെ ശക്തമായ ഷോട്ട് ബ്ലോക്ക് ചെയ്ത് അംഗമുത്തു അഹമ്മദാബാദിന് ആവേശകരമായ വിജയം സമ്മാനിച്ചു.
ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകിട്ട് 6.30-ന് ഡൽഹി തൂഫാൻസ്, ഗോവ ഗാർഡിയൻസിനെ നേരിടും.
രാത്രി 8.30-ന് നടക്കുന്ന കേരള ഡെർബിയിൽ, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കാലിക്കറ്റ് ഹീറോസുമായി ഏറ്റുമുട്ടും. സീസണിലെ രണ്ടാം ജയമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണിൽ നേർക്കുനേർ വന്നപ്പോൾ 3-1ന് കാലിക്കറ്റിനായിരുന്നു വിജയം. ഈ സീസണിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച ഇരുടീമുകൾക്കും 4 പോയിന്റ് വീതമാണുള്ളത്.
കാലിക്കറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തും കൊച്ചി ഒമ്പതാം സ്ഥാനത്തുമാണ്. നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് ഹീറോസിന്റെ ഈ സീസണിലെ അവസാന മത്സരമാണിത്.
ടീം ഇതിനോടകം സെമി ഫൈനൽ കാണാതെ പുറത്തായിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]