ദോഹ: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ദിവസങ്ങളായി തുടരുന്ന രൂക്ഷമായ സംഘർഷത്തിന് വിരാമം. ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ദോഹയിൽ വെച്ച് നടന്ന ചർച്ചയിൽ അടിയന്തരമായി വെടിനിർത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും തുടർനടപടികൾക്കുമായി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹോദര രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഖത്തർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
2021-ൽ താലിബാൻ കാബൂളിൽ ഭരണം പിടിച്ചെടുത്തതോടെയാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. അടുത്തിടെയുണ്ടായ അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ പോലുള്ള ഭീകരസംഘടനകൾ വീണ്ടും സജീവമാകാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരാണ് ദോഹയിലെ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുക, അതിർത്തിയിൽ സമാധാനം ഉറപ്പാക്കുക എന്നിവയാണ് ചർച്ചയിലെ മുഖ്യ അജണ്ടയെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ, പാകിസ്ഥാന് നേരെ ആക്രമണം നടത്താൻ ഭീകരർക്ക് താവളമൊരുക്കുന്നുവെന്ന ആരോപണം താലിബാൻ നിഷേധിച്ചു.
പാക് സൈന്യം അഫ്ഗാനിസ്ഥാനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നും രാജ്യത്തിന്റെ പരമാധികാരം തകർക്കാൻ ശ്രമിക്കുകയാണെന്നും താലിബാൻ തിരിച്ചടിച്ചു. ഡ്യൂറണ്ട് ലൈൻ എന്നറിയപ്പെടുന്ന 2,611 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്.
എന്നാൽ ഈ അതിർത്തി നിർണ്ണയത്തെ അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]