ശബരിമല ∙ സന്നിധാനത്തേക്ക് തീർഥാടകരുടെ വൻപ്രവാഹം. പൊലീസിന്റെ നിയന്ത്രണങ്ങൾ എല്ലാം പാളി.
എല്ലാവഴിയിലൂടെയും തീർഥാടകർ സന്നിധാനത്തെത്തി തിക്കുംതിരക്കും കൂട്ടി. പതിനെട്ടാംപടി കയറാൻ 10 മണിക്കൂറിലേറെ കാത്തുനിന്നിട്ടും ദർശനം കിട്ടാതെ പതിനായിരങ്ങൾ വലഞ്ഞു.
പൊലീസിന്റെ കണക്കൂകൂട്ടലുകൾ എല്ലാം തെറ്റിച്ചുള്ള തീർഥാടക പ്രവാഹമായിരുന്നു തുലാമാസ പുലരിയിൽ. ഇന്നലെ മാത്രം ദർശനത്തിനായി 50,000 പേർ വെർച്വൽ ക്യു ബുക്കുചെയ്തിരുന്നു.
ഇതിനു പുറമേ 20 ശതമാനം പേർ സ്പോട് ബുക്കിങ് വഴിയും എത്തി. വെള്ളിയാഴ്ച വൈകിട്ടാണ് നട
തുറന്നതെങ്കിലും 52,000 പേർ ദർശനത്തിനെത്തി. രാത്രി മുഴുവൻ ഇവരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചെങ്കിലും കുറഞ്ഞത് 22,000 പേർക്കെങ്കിലും ദർശനം കിട്ടാതെ വന്നു.
ഇന്നലെ പുലർച്ചെ 4ന് നട തുറന്നപ്പോൾ ഇവർ വടക്കേ നടയിലൂടെ ദർശനത്തിനായി എത്തി.
ഒപ്പം ഇന്നലെ പുതിയതായി എത്തിയ തീർഥാടകർ കൂടി ആയതോടെ പൊലീസിന്റെ എല്ലാ ക്രമീകരണങ്ങളും താളം തെറ്റി.
പതിനെട്ടാംപടി കയറാനുള്ള ക്യൂ ശരംകുത്തി വരെ നീണ്ടു. ഇതോടെ പമ്പയിൽനിന്നു മലകയറി എത്തിയവർ ക്യൂവിൽ കയറാതെ നേരെ സന്നിധാനത്തേക്ക് വന്നു.
ഇവർ വാവരുനട, മഹാകാണിക്ക, ആഴി, വലിയ നടപ്പന്തൽ എന്നിവിടങ്ങളിൽ എത്തി തിക്കുംതിരക്കും കൂട്ടി. രക്ഷയില്ലാതെ വന്നതോടെ അപകടം ഒഴിവാക്കാൻ ക്യൂവിൽ അല്ലാതെ നിന്നവരെ പതിനെട്ടാംപടിക്കലേക്കു കടത്തിവിട്ടു. ഇതുകാരണം ക്യുവിൽ നിന്നവർ മണിക്കൂറുകൾ ഒരേ സ്ഥാനത്തു തന്നെ അനങ്ങാതെ നിൽക്കേണ്ടിവന്നു.
കാത്തുനിൽപ് 10 മണിക്കൂർ വരെ നീണ്ടതോടെ പലരും തളർന്നുവീണു.
വലിയ നടപ്പന്തലിൽ മാത്രമാണ് ചുക്കുവെള്ള വിതരണത്തിനു ദേവസ്വം ബോർഡ് ക്രമീകരണം ഒരുക്കിയത്. ശരംകുത്തി മുതൽ ക്യൂ നിന്നവർ വെള്ളവും ഭക്ഷണവും കിട്ടാതെ ശരിക്കും വലഞ്ഞു.
സന്നിധാനത്തു തിരക്കു കൂടിയതോടെ തീർഥാടകരെ പമ്പയിൽ തടഞ്ഞുനിർത്തി. രണ്ടര മണിക്കൂർ വരെ പമ്പയിൽ തടഞ്ഞു നിർത്തിയാണ് കടത്തി വിട്ടത്.
വലിയ തിരക്കായതോടെ പമ്പയിൽ പൊലീസിന്റെ വെർച്വൽ ക്യൂ പരിശോധനയ്ക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. ഡിഐജി അരുൾ ആർ.ബി.കൃഷ്ണയുടെ നേതൃത്വത്തിൽ 720 പൊലീസുകാരാണ് ഡ്യൂട്ടിക്ക് സന്നിധാനത്ത് ഉണ്ടായിരുന്നത്.
തിരക്ക് പരിഗണിച്ചാൽ ആവശ്യത്തിനുള്ള പൊലീസുകാർ ഇല്ലായിരുന്നു എന്നതാണ് സത്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

