കൊല്ലം ∙ ചുരുങ്ങുകയും അപകടം പതിയിരിക്കുകയും ചെയ്യുന്ന കൊല്ലം ബീച്ചിന്റെ ഈ സവിശേഷതയ്ക്ക് വലിയ പഴക്കമില്ല. കടലാക്രമണം കൊല്ലം കടൽത്തീരത്ത് കൂടുതൽ രൂക്ഷമായിത്തുടങ്ങുന്നത് ഏതാണ്ട് മുപ്പതു വർഷം മുൻപാണ്.
എന്നാൽ അക്കാലത്ത് കൊല്ലം ബീച്ച് മേഖലയെക്കാൾ ഇരവിപുരം, താന്നി തുടങ്ങിയ തെക്കൻ ഭാഗത്തായിരുന്നു കടലാക്രമണം കൂടുതലുണ്ടായിരുന്നത്. ഈ ഭാഗങ്ങളിൽ പുലിമുട്ടുകൾ വന്നതോടെ കടലാക്രമണം കൊല്ലം ബീച്ചിലേക്ക് അടുത്തു.
കഴിഞ്ഞ 10 വർഷങ്ങളായി കൊല്ലം ബീച്ചിലെയും സമീപത്തെ വെടിക്കുന്ന് ഭാഗത്തെയും വലിയൊരു ഭാഗം കടൽ വിഴുങ്ങി. ഈ ഭാഗത്തെ നൂറിലധികം വീടുകളാണ് ഇതിനോടകം കടൽ കൊണ്ടുപോയത്.
കടൽ ഉൾവലിയുന്ന അപൂർവ സമയങ്ങളിൽ ഈ കൊണ്ടുപോയ വീടുകളിലെ കിണറുകളും ശേഷിപ്പുകളും ഇപ്പോഴും തീരത്തു കാണാൻ സാധിക്കും. ഓരോ വർഷവും കടൽ കൂടുതൽ അടുത്തു വരുന്നത് ഇതിലൂടെ സഞ്ചരിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
എന്താണ് കൊല്ലം തീരത്തെ കടലിന് സംഭവിച്ചത്?
തുറമുഖത്തിന്റെ നിർമാണം
കൊല്ലം ബീച്ചിന് സമീപത്തു കൊല്ലം തുറമുഖം പൂർണ സജ്ജമായതോടെയാണ് കൊല്ലം തീരമേഖലയിൽ കടലാക്രമണം രൂക്ഷമായിത്തുടങ്ങിയതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തുറമുഖത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലഘട്ടങ്ങളിൽ ഏകീകൃത പഠനങ്ങൾക്കപ്പുറമുള്ള സാമൂഹികാഘാത പഠനങ്ങൾ കുറവായിരുന്നു.
അന്നത്തെ പഠനങ്ങളിൽ പ്രതിവിധികളായി ചൂണ്ടിക്കാണിക്കുമായിരുന്ന കാര്യങ്ങൾ നടപ്പാക്കാൻ ആ കാലത്തെ നമ്മുടെ സാങ്കേതികവിദ്യകളും സാമ്പത്തിക സ്ഥിതിയും സഹായിച്ചിട്ടുണ്ടാവില്ല. തുറമുഖത്തിന്റെ ഭാഗമായുള്ള നിർമാണങ്ങൾ ബീച്ചിന്റെ സമീപത്തെ കടലിലെ ഒഴുക്കിന്റെയും ഘടനയെയും ബാധിച്ചു.
തങ്കശ്ശേരി ബ്രേക്ക് വാട്ടർ കൂടി വന്നതോടെ കൊല്ലം തീരത്തെ വെള്ളത്തിന്റെ ഒഴുക്കിന്റെ ഘടനയിൽ മാറ്റം വന്നു. എന്നാൽ തുറമുഖം വരുന്നതിന് മുൻപ് വരെ കൊല്ലം തീരപ്രദേശത്ത് മൺസൂൺ കാലഘട്ടത്തിൽ വലിയ കടൽക്ഷോഭവും കാറ്റുമുണ്ടായിരുന്നു.
അതിൽ അകപ്പെട്ട് ജീവൻ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണവും വളരെ വലുതായിരുന്നു. തുറമുഖം വന്ന ശേഷം അതിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നതും കാണാതിരിക്കാനാവില്ല.
ഒഴുക്കിന്റെ ഘടനാമാറ്റം
കൊല്ലം ബീച്ചിന്റെ സമീപത്തെ വിവിധ നിർമാണങ്ങൾ വന്നതോടെ മാർച്ച് മുതൽ ഒക്ടോബർ വരെ തെക്കൻ ഭാഗത്തേക്ക് ഒഴുകുന്ന കടലിന്റെ ഒഴുക്ക് തുടരുകയും എന്നാൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള വടക്കൻ മേഖലയിലേക്കുള്ള ഒഴുക്കിൽ കാര്യമായ പ്രശ്നങ്ങൾ സംഭവിക്കുകയും ചെയ്തു.
ബ്രേക്ക് വാട്ടർ വന്നതോടെ ഈ തിരിച്ചുള്ള ഒഴുക്കിൽ കുറവുണ്ടായി. ഇതോടെ വടക്കൻ ഒഴുക്കിൽ കൊല്ലം തീരത്തേക്ക് തിരിച്ചെത്തേണ്ട
മണലിന്റെ വരവ് കുറഞ്ഞു. ഈ 2 ഒഴുക്കുകളുടെയും അളവിലുണ്ടായ മാറ്റം കൊല്ലം ബീച്ചിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കൊല്ലം ബീച്ച് ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന മണ്ണ് മയ്യനാട് – പരവൂർ മേഖലകളിൽ നിക്ഷേപിക്കപ്പെട്ടിരുന്നു. കൊല്ലം ബീച്ചിലെ ചുഴികളും പ്രത്യേക സന്തുലിതാവസ്ഥകളും പ്രശ്നം കൂടുതൽ രൂക്ഷമാക്കി.
ഇവിടെ നിന്നു പോകുന്ന മണ്ണിന്റെ തോത് കുറയാതിരിക്കുകയും ഇവിടേക്ക് എത്തേണ്ട മണ്ണ് വളരെ കുറയുകയും ചെയ്തു.
ഇത് കടൽത്തീരത്തിന്റെ ഇന്നത്തെ സാഹചര്യത്തിലേക്ക് നയിച്ചു.
പ്രശ്നത്തിന് പരിഹാരമുണ്ടോ?
ബീച്ചിൽ നടപ്പാക്കാനിരിക്കുന്ന ജിയോട്യൂബ് പദ്ധതി ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന മികച്ച മാതൃകയാണ്. മണലിന്റെ അളവിലുണ്ടാകുന്ന മാറ്റം പരിഹരിക്കാൻ വിദേശ രാജ്യങ്ങളിൽ സ്വീകരിക്കുന്ന മറ്റൊരു മാർഗം ബീച്ച് നൊറിഷ്മെന്റ് (തീര പരിപോഷണം) ആണ്.
മണൽ സ്വാഭാവികമായി നിക്ഷേപിക്കപ്പെടാത്ത തീരങ്ങളിലേക്ക് മണൽ കൂട്ടമായി അടിയുന്ന മേഖലകളിൽ നിന്ന് വാഹനത്തിൽ മണൽ കൊണ്ടുവന്നു നിക്ഷേപിക്കുന്ന രീതിയാണിത്. എന്നാൽ വലിയ സാങ്കേതിക വിദ്യയും ചെലവും വരുന്ന പ്രക്രിയയായതിനാൽ നമ്മുടെ നാടിന് ഇത് അനുയോജ്യമല്ല.ഒട്ടേറെ പ്രശ്നങ്ങൾ ഒരുമിച്ചു വന്നപ്പോൾ ഉണ്ടായ കൊല്ലം ബീച്ചിലെ ഈ സാഹചര്യത്തിന് പെട്ടെന്നൊരു മാറ്റം സാധ്യമല്ല.
കൊല്ലം ബീച്ച് സ്വാഭാവിക സന്തുലിതാവസ്ഥ കൈവരിച്ചാൽ മാത്രമേ ഇതിന് ശാശ്വതമായ പരിഹാരമുണ്ടാകൂ.
എന്നാൽ അതിന് വർഷങ്ങൾ വേണ്ടിവന്നേക്കാം. ഈ മാറ്റങ്ങളെ അതിജീവിച്ചു കൊണ്ട് കടൽ അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുത്തേക്കാമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്.
എന്നാൽ അതിന് ഇനിയുള്ള നിർമാണ പ്രവർത്തനങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിൽ വിശദമായ പഠനങ്ങൾ നടക്കണം. കൊല്ലം തീരത്തിന്റെയും പ്രദേശത്തെ കാലാവസ്ഥയും കണക്കിലെടുത്തുള്ള പ്രത്യേക പഠനങ്ങളാണ് നടക്കേണ്ടത്.
നടപ്പാക്കാനിരിക്കുന്ന ജിയോട്യൂബ് പദ്ധതിയും പുലിമുട്ടുകളും വന്ന ശേഷം മറ്റ് എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നും ദീർഘവീക്ഷണത്തോടെ വിലയിരുത്തേണ്ടതുണ്ട്. അതിനായി കൃത്യമായ നടപടികൾ സ്വീകരിച്ചു കൊണ്ട് കൊല്ലത്തിന്റെ സ്വന്തം സ്വർണ നിറത്തിലുള്ള ബീച്ചിനെ അതിന്റെ സ്വാഭാവികതയിലും മനോഹാരിതയിലും നിലനിർത്താൻ നമുക്ക് സാധിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]