കോട്ടയം∙ സംഭരണശേഷി വളരെ കുറവായ റിസർവോയറാണ് കല്ലാറെന്നും പെട്ടെന്നുള്ള മഴയാണ് പെട്ടെന്ന് നിറയാൻ കാരണമായതെന്നും കെഎസ്ഇബി ഡാം സേഫ്റ്റി ഓർഗനൈസേഷൻ. ‘കൂടുതൽ നേരം മഴ പെയ്തുണ്ടാകുന്ന വെള്ളപ്പൊക്ക സാധ്യതയാണ് പൊതുവേ ഇടുക്കിയിൽ ഉണ്ടാകാറുള്ളത്.
എന്നാൽ ഇന്നലെ വളരെ പെട്ടെന്ന് വലിയ അളവിൽ മഴ പെയ്തു. കല്ലാർ ഡാമിന്റെ പരിസരപ്രദേശങ്ങളിൽ വെള്ളം കയറുമെന്ന് സൂചന ലഭിച്ചതിനാൽ രാത്രി വൈകി കലക്ടറുടെ അനുമതി തേടി.
മുൻകരുതൽ നിർദേശങ്ങൾ നൽകാനായി ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചിരുന്നു. ഡാം സേഫ്റ്റി ഓർഗനൈസേഷന് നിലവിൽ പ്രത്യേക മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം തേടുന്നത്.
തുറക്കുന്നതിന് മുൻപും ശേഷവും അവിടെ ഉദ്യോഗസ്ഥരെ ഉറപ്പാക്കിയിരുന്നു.
പ്രദേശവാസികൾക്ക് പരാതികളില്ല എന്നാണ് മനസ്സിലാക്കുന്നത്.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, കല്ലാർ, ഇരട്ടയാർ എന്നിവയും 7 മറ്റ് ഡാമുകളുമാണ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ നിയന്ത്രിക്കുന്നത്. മുല്ലപ്പെരിയാറിന്റെ ചുമതല ഇറിഗേഷൻ വകുപ്പിനാണ്.
ഏതു സാഹചര്യത്തെയും നേരിടാൻ പൂർണസജ്ജമാണ്’– ഡാം സേഫ്റ്റി ഓർഗനൈസേഷൻ ചീഫ് എൻജിനീയർ സി.ആർ.ജയകുമാർ പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു
കുമളി∙ ശക്തമായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂറിനുള്ളിൽ ഉയർന്നത് 5.75 അടി. റൂൾ കർവ് പ്രകാരം നാളെ വരെ തമിഴ്നാടിന് അണക്കെട്ടിൽ 137.75 അടി വെള്ളം മാത്രമാണ് ശേഖരിക്കാൻ അനുമതി.
ഈ പരിധി പിന്നിട്ടതോടെ ഇന്നലെ രാവിലെ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ വഴി പെരിയാർ നദിയിലേക്ക് വെള്ളം തുറന്നു വിട്ടു. ഇന്നലെ രാവിലെ 9നാണ് സ്പിൽവേയിലെ 3 ഷട്ടറുകൾ 75 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 1078 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്.
പിന്നീട് രാവിലെ 11ന് 5 ഷട്ടറുകൾ കൂടി ഉയർത്തി അണക്കെട്ടിൽനിന്ന് പുറത്തേക്കുള്ള ഒഴുക്ക് സെക്കൻഡിൽ 3,763 ഘനയടിയാക്കി ഉയർത്തി. ഉച്ചയ്ക്ക് ഒന്നിന് സ്പിൽവേയിലെ 13 ഷട്ടറുകളിൽ ശേഷിച്ചവയും ഉയർത്തി സെക്കൻഡിൽ 7305 ഘനയടി എന്ന അളവിലേക്ക് പെരിയാറിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി.
ഇന്നലെ പകൽ മഴ പെയ്യാതിരുന്നതിനാൽ ജനങ്ങളുടെ ആശങ്ക കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിൽ നിലവിൽ 138.90 അടി വെള്ളമുണ്ട്.
1400 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുമ്പോൾ 8705 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നു.
മഴ മുന്നറിയിപ്പ് വൈകി
നെടുങ്കണ്ടം∙ ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചത് വൈകി. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് യെലോ അലർട്ട് പ്രഖ്യാപിച്ചെങ്കിലും അതിശക്തമായ മഴ ഉണ്ടാകുമെന്ന് അറിയിച്ചത് രാത്രി 10ന് ആണ്.
വെള്ളിയാഴ്ച രാവിലെ മുതൽ ജില്ലകളിലെ മഴ സാധ്യത കണക്കിലെടുത്ത് പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇടുക്കി ഉൾപ്പെട്ടിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെ 4ന് കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
രാവിലെ 7ന് ഇറങ്ങിയ ഉത്തരവിൽ വരുന്ന 3 മണിക്കൂറിൽ ഇടുക്കിയിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അറിയിച്ചത്. രാവിലെ 10ന് ഇറങ്ങിയ മഴ മുന്നറിയിപ്പിൽ ഇടുക്കി ഇല്ല.
ഉച്ചയ്ക്ക് ഒന്നിന് ഇടുക്കി ജില്ലയിൽ വരുന്ന 3 ദിവസത്തേക്ക് യെലോ അലർട്ട് പ്രഖ്യാപിച്ചു.
വൈകിട്ട് 4ന് ഇറങ്ങിയ മുന്നറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. 5ന് ഇറങ്ങിയ മുന്നറിയിപ്പിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
5.20ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 7ന് കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ സമയം ജില്ലയിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും യെലോ അലർട്ട് തന്നെയായിരുന്നു. തുടർന്ന് 10ന് ആണ് ഇടുക്കിയിൽ വരുന്ന 3 മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അപ്പോഴേക്കും താഴ്ന്ന പ്രദേശങ്ങളിൽ ചെറിയ തോതിൽ വെള്ളം കയറിത്തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]