കൂടരഞ്ഞി (കോഴിക്കോട്) ∙ കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുളയിൽ കൃഷിസ്ഥലത്തെ പൊട്ടക്കിണറ്റിൽ കഴിഞ്ഞ ബുധനാഴ്ച അകപ്പെട്ടത് പുലിയാണെന്നു സ്ഥിരീകരിച്ചു. നാലു ദിവസത്തെ തിരച്ചിലിനൊടുവിലാണ് കിണറ്റിലുള്ളത് പുലിയാണെന്ന്
സ്ഥിരീകരിച്ചത്.
വെള്ളമില്ലാത്ത കിണറിന്റെ അടിത്തട്ടിൽ വലിയ ദ്വാരമുള്ള സാഹചര്യത്തിൽ ഉള്ളിൽ അകപ്പെട്ട
ജീവി ഏതാണെന്നു കണ്ടെത്താനായിരുന്നില്ല. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ വ്യാഴാഴ്ച രാത്രി ഏതോ ജീവിയുടെ ചിത്രം പതിഞ്ഞെങ്കിലും അതു പുലിയാണോ കടുവയാണോ എന്ന് സ്ഥിരീകരിക്കാനായില്ല.
തുടർന്ന് വെള്ളിയാഴ്ച വിഡിയോ ക്യാമറയും വനം വകുപ്പിന്റെ രാത്രി കാഴ്ചയുള്ള സ്റ്റിൽ ക്യാമറയും പ്രത്യേകമായി സജ്ജീകരിച്ച് കിണറ്റിൽ ഇറക്കി. ഇരയായി ഒരു കോഴിയെയും വച്ചു.
തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് വെള്ളിയാഴ്ച രാത്രി ഗർത്തത്തിൽ നിന്നും പുറത്തെത്തിയ ജീവി കോഴിയെ എടുത്തുകൊണ്ടു പോകുന്നത് ക്യാമറയിൽ പതിഞ്ഞത്. ആരോഗ്യമുള്ള പുലി ആണെന്നു സ്ഥിരീകരിച്ചതോടെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകരും ഫയർഫോഴ്സും പൊലീസും നാട്ടുകാരും സഹകരിച്ച് കിണറിന്റെ സമീപത്തേക്ക് പ്രത്യേകം സജ്ജീകരിച്ച കൂട് എത്തിച്ചു.
തുടർന്ന് ഫയർഫോഴ്സിന്റെ സഹകരണത്തോടെ മേൽക്കൂട് സ്ഥാപിച്ച് കപ്പിയിൽ കിണറിനുള്ളിലേക്കു കൂട് ഇറക്കി സ്ഥാപിച്ചു. കൂട്ടിൽ ഇരയായി കോഴിയെയും കെട്ടി.
തുടർന്ന് കിണർ വലയിട്ടു മൂടി. സമീപത്ത് ആർആർടിയുടെയും സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും കാവൽ ഏർപ്പെടുത്തി.
രാത്രി കൂട്ടിൽ പുലി കുടുങ്ങിയാൽ അതിനെ മുകളിൽ എത്തിച്ച് മറ്റേതെങ്കിലും പ്രദേശത്തുള്ള വനത്തിൽ തുറന്നു വിടുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു.
നാലു ദിവസത്തെ കാത്തിരിപ്പിനു ശേഷം കിണറ്റിൽ അകപ്പെട്ട ജീവി പുലി തന്നെയെന്നു സ്ഥിരീകരിച്ച ആശ്വാസത്തിലാണ് മലയോരത്തെ ജനങ്ങൾ.
കഴിഞ്ഞ ജനുവരിയിലാണ് ഈ പ്രദേശത്തിനു സമീപം ഒരു പുലിയെ കൂടുവച്ച് പിടികൂടി വനം വകുപ്പ് കൊണ്ടുപോയത്. പരിസര പ്രദേശങ്ങളിലായി പലരും പലതവണ പുലിയെ കണ്ടിരുന്നതായി പറയുന്നു.
ബുധനാഴ്ച പുലർച്ചെയാണ് പെരുമ്പുഴ കുര്യാളശ്ശേരി കുര്യന്റെ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറിൽ വന്യജീവി അകപ്പെട്ടതായി കണ്ടത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]