മറ്റു രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായും കടുത്തവാശിയോടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിച്ചേൽപ്പിച്ച കനത്ത തീരുവകൾ സുപ്രീം കോടതി ശരിവയ്ക്കുമോ അതോ അസാധുവാക്കുമോ? ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും ചട്ടവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്ന് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡും പിന്നീട് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ടും വിധിച്ചിരുന്നു. ഇരു കോടതികളുടെയും വിധി ഏകപക്ഷീയമാണെന്നും അമേരിക്കൻ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
തീരുവകൾ നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതിനാൽ ഇരു കോടതികളും അവ അസാധുവാക്കിയിട്ടില്ല.
രണ്ടു കോടതികളുടെയും വിധി സുപ്രീം കോടതിയും ശരിവച്ചാൽ അമേരിക്കയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ദുരന്തമായിരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരച്ചർച്ചകളിൽ മുൻതൂക്കം നഷ്ടമാകുമെന്നും അഭിമാനക്ഷതമുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്കോട് ബെസ്സന്റും അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ഏപ്രിൽ 2നാണ് ‘ലിബറേഷൻ ഡേ’ പ്രഖ്യാപനവുമായി ട്രംപ്, താരിഫ് ആയുധം ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ തൊടുത്തത്.
ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം നാഷനൽ എമർജൻസി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇത്. മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ അമേരിക്കയ്ക്കുള്ള കനത്ത വ്യാപാരക്കമ്മി കുറയ്ക്കുക, യുഎസിൽ ഫാക്ടറികൾ സ്ഥാപിക്കാനും ഉൽപാദനം നടത്താനും കമ്പനികളെ നിർബന്ധിതരാക്കുക, യുഎസ് ഉൽപന്നങ്ങൾക്കുമേൽ ഇന്ത്യ ഉൾപ്പെടെ ചുമത്തുന്ന കനത്ത ഇറക്കുമതി തീരുവ കുറയ്ക്കാൻ സമ്മർദം ചെലുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾ.
യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവയ്ക്ക് പുറമെ ഓരോ രാജ്യത്തിനും പ്രത്യേകം തീരുവയുമാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇതിൽ 10% അടിസ്ഥാന തീരുവയും ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ പ്രഖ്യാപിച്ച പ്രത്യേക തീരുവയും (ട്രാഫിക്കിങ് താരിഫ്), മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തിയ 50% വരെ തീരുവയുമാണ് അപ്പീൽ കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചത്.
ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവ ആരോപിച്ചായിരുന്നു ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾക്കെതിരെ തീരുവ ചുമത്തി നടപടിയെടുക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും അപ്പീൽ കോടതി വിധിച്ചിരുന്നു.
അടുത്തമാസമാണ് സുപ്രീം കോടതി ട്രംപിന്റെ അപ്പീൽ പരിഗണിക്കുന്നത്.
ഇതൊരു വലിയ കേസാണെന്നും താൻ നേരിട്ട് ഹാജരാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകുന്ന അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ആയി ട്രംപ് മാറും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കേസ് എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചതും. കേസിൽ തോറ്റാൽ സാമ്പത്തിക ആഘാതമായിരിക്കും അമേരിക്ക നേരിടുകയെന്നും അതിൽനിന്ന് കരകയറാൻ വർഷങ്ങൾതന്നെ എടുക്കുമെന്നും ട്രംപ് പറഞ്ഞു.
കേസിൽ തോറ്റാൽ ട്രംപ് എന്തു ചെയ്യും?
സുപ്രീം കോടതിയിലും തിരിച്ചടി നേരിട്ടാൽ ട്രംപ് ഭരണകൂടത്തിന് അതു വൻ ആഘാതമാകും.
ഇതിനകം പിരിച്ചെടുത്ത തീരുവയെല്ലാം റീഫണ്ട് ചെയ്യേണ്ടിയും വരും.
∙ ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ, കാനഡ, യുകെ തുടങ്ങി പ്രധാന രാജ്യങ്ങളുമായി എല്ലാം ഇനിയും വ്യാപാരക്കരാർ ചർച്ചകൾ യുഎസിന് തുടരേണ്ടതുണ്ട്. കോടതി വിധി എതിരായാൽ ചർച്ചകളിൽ യുഎസിന് ഇപ്പോഴുള്ള മുൻതൂക്കവും കരുത്തും നഷ്ടമാകും.
ട്രംപിന്റെ സമ്മർദതന്ത്രങ്ങളുടെ മുനയൊടിയും.
∙ ഇറക്കുമതി തീരുവ പ്രഖ്യാപിക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, 1974ലെ ട്രേഡ് ആക്ട് പ്രകാരം പരമാവധി 15% തീരുവ ചുമത്താനേ പ്രസിഡന്റിന് കഴിയൂ; അതും 150 ദിവസത്തേക്കു മാത്രം.
∙ അതായത്, സുപ്രീം കോടതിയിലും തിരിച്ചടിയുണ്ടായാൽ താരിഫ് നിരക്കുകൾ വെറും 15 ശതമാനത്തിലേക്ക് താഴ്ത്താൻ ട്രംപ് നിർബന്ധിതനാകും.
നിലവിൽ 50% തീരുവ ഉൾപ്പെടെ നേരിടുന്ന ഇന്ത്യയ്ക്കുൾപ്പെടെ അത് വൻ നേട്ടമാകും.
∙ ഇതിനകം ട്രംപിന്റെ താരിഫ് നയംവഴി യുഎസ് ട്രഷറിയിലേക്ക് 215.2 ബില്യൻ ഡോളറിന്റെ വരുമാനം എത്തിയിരുന്നു. ഏകദേശം 19 ലക്ഷം കോടി രൂപ.
∙ അതേസമയം ട്രംപ് സ്റ്റീൽ, അലുമിനിയം, ചെമ്പ്, വാഹനം എന്നിവയ്ക്കുമേൽ പ്രഖ്യാപിച്ച 25-50% തീരുവയ്ക്ക് അപ്പീൽ കോടതി വിധി ബാധകമല്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

