കാർവാർ: കർണാടകയിലെ കാർവാറിൽ ഹൗണ്ട് ഫിഷിന്റെ (Houndfish) ആക്രമണത്തിൽ 24 വയസ്സുകാരനായ മത്സ്യത്തൊഴിലാളി മരിച്ചു. അക്ഷയ് അനിൽ മജാലികർ ആണ് മരിച്ചത്.
അതേസമയം, അക്ഷയിന് ചികിത്സ നൽകിയ ഡോക്ടർമാർക്കെതിരെ കുടുംബം രംഗത്തെത്തി. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് വിട്ടയച്ചെങ്കിലും, കടുത്ത വേദനയെ തുടർന്ന് വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ചയോടെ അക്ഷയ് മരണത്തിന് കീഴടങ്ങി.
പ്രാദേശികമായി ‘കാൻഡെ’ എന്നറിയപ്പെടുന്ന ഈ മത്സ്യം വെള്ളത്തിൽ നിന്ന് പുറത്തേക്ക് ചാടി അക്ഷയിന്റെ വയറ്റിൽ കുത്തുകയായിരുന്നു. മത്സ്യത്തിന്റെ കൂർത്ത ഭാഗം കൊണ്ടുള്ള ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്കും കുടലിനും ഗുരുതരമായി പരിക്കേറ്റു.
ഉടൻതന്നെ കാർവാറിലെ KRIMS ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യത്തെ പരിശോധിച്ച സമുദ്ര ജീവശാസ്ത്രജ്ഞർ ഇത് ഹൗണ്ട് ഫിഷ് ഇനത്തിൽപ്പെട്ട ‘ടൈലോസോറസ് ക്രോക്കോഡിലസ്’ (Tylosorus crocodilus) ആണെന്ന് സ്ഥിരീകരിച്ചു.
ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഇവ, വെള്ളത്തിൽ നിന്ന് ഉയർന്നുചാടി ആക്രമിക്കുന്ന സ്വഭാവം കാരണം അപകടകാരികളാണ്. എന്നാൽ ഇത്തരമൊരു ആക്രമണത്തിൽ മരണം സംഭവിക്കുന്നത് വളരെ അപൂർവമാണെന്ന് മത്സ്യത്തൊഴിലാളിയായ നാഗേന്ദ്ര ഖർവി പറഞ്ഞു.
ഈ മത്സ്യത്തെ പലപ്പോഴും കാണാറുണ്ടെങ്കിലും ഇതിന്റെ ആക്രമണത്തിൽ ഒരാൾ മരിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]