തിരുവനന്തപുരം /ചെന്നൈ ∙ നഗരത്തിൽ നിന്നു പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വേളാങ്കണ്ണി പള്ളി, ചിദംബരം ക്ഷേത്രം, നാഗൂർ ദർഗ എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന പുതുച്ചേരി– പൂണ്ടിയൻകുപ്പം റോഡ് വികസനം പൂർത്തിയായി. റോഡ് 4 വരിയായി വികസിപ്പിച്ചതോടെ യാത്രാസമയം ഇനി രണ്ടു മണിക്കൂർ ലാഭിക്കാം.
പുതുച്ചേരി– മാരക്കാനം റോഡിന്റെ അവസാന ഘട്ട പ്രവൃത്തി കൂടി അധികം വൈകാതെ പൂർത്തിയാകുന്നതോടെ യാത്രാസമയം വീണ്ടും കുറയും.
അതിവേഗ യാത്ര
ചെന്നൈ– നാഗപട്ടണം ഇസിആർ (ഈസ്റ്റ് കോസ്റ്റ് റോഡ്) റോഡിന്റെ ഭാഗമായി, പുതുച്ചേരിയിൽ നിന്ന് ആരംഭിച്ചു കടലൂർ പൂണ്ടിയൻകുപ്പത്ത് അവസാനിക്കുന്ന 38 കിലോമീറ്റർ നാലുവരി പാതയുടെ നിർമാണമാണു പൂർത്തിയായത്.
ചെന്നൈയിൽ നിന്നു നാഗപട്ടണം വരെ നിലവിൽ 6–7 മണിക്കൂറാണു സ്വകാര്യ വാഹനത്തിലെ യാത്രാ സമയം. ബസിൽ 8–9 മണിക്കൂറും.
വേളാങ്കണ്ണി, ചിദംബരം, നാഗൂർ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ആയിരക്കണക്കിനു പേർക്കു റോഡ് വികസനം വളരെയധികം പ്രയോജനം ചെയ്യും. 1,588 കോടി രൂപ ചെലവിട്ടാണു 4 വരിയായി വികസിപ്പിച്ചത്.
പുതുച്ചേരി-പൂണ്ടിയൻകുപ്പം ഭാഗത്തിന്റെ വികസനം പൂർത്തിയായതോടെ തിരുവാൺമിയൂർ മുതൽ നാഗപട്ടണം വരെയുള്ള 300 കിലോമീറ്റർ ഇസിആർ റോഡിന്റെ 220 കിലോമീറ്ററും നാലുവരിപ്പാതയായി വികസിപ്പിച്ചു.
ഇതോടെ സംസ്ഥാനത്തെ കാവേരി നദീതട ജില്ലകളും തീരദേശ ജില്ലകളും തമ്മിലുള്ള റോഡ് കണക്ടിവിറ്റി മെച്ചപ്പെടുകയും ചെയ്തു.
അവസാന ഘട്ടമായ 46 കിലോമീറ്റർ ദൈർഘ്യമുള്ള മരക്കാനം-പുതുച്ചേരി നാലുവരി പാതയുടെ നിർമാണത്തിനും ഇന്നു തുടക്കമാകും. ഇതോടെ ചെന്നൈയിൽ നിന്നു പുതുച്ചേരി, കടലൂർ, നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അതിവേഗത്തിൽ എത്താനാകും.
ചെന്നൈയിൽ നിന്ന് ആരംഭിക്കുന്ന 300 കി.മീ ദൈർഘ്യമുള്ള ഇസിആർ വീതികൂട്ടൽ പൂർത്തിയാകുന്നതോടെ ഗതാഗതം മുതൽ സംസ്ഥാനത്തെ സാമ്പത്തിക വികസനം വരെ അടിമുടി മാറും.
നാലുവരി, ആറുവരി പാതകളുടെ നിർമാണം പൂർണമാകുന്നതോടെ പല നഗരങ്ങളിലേക്കുമുള്ള യാത്രാ സമയം ഗണ്യമായി കുറയും. ചെന്നൈയ്ക്കു സമീപമുള്ള തിരുവാൺമിയൂരിൽ നിന്ന് ഉത്തണ്ടിയിലേക്കുള്ള യാത്ര 15 മിനിറ്റായി കുറയുമെന്നതു നഗരവാസികൾക്കും വലിയ നേട്ടമാണ്.
കടലൂരിൽ നിന്നു പുതുച്ചേരിയിലെ നഗരക്കുരുക്കിൽ പെടാതെ യാത്ര ചെയ്യാനും പുതിയ ബൈപാസ് സഹായിക്കും.
ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ പ്രധാന തുറമുഖ നഗരങ്ങൾക്കിടയിലെ ചരക്ക് നീക്കം വേഗത്തിലാക്കുകയും വ്യാപാരവും വ്യാവസായിക ഉൽപാദനവും വർധിപ്പിക്കുകയും ചെയ്യും. ചെന്നൈ, മഹാബലിപുരം, പുതുച്ചേരി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഇസിആർ നവീകരിക്കുന്നതു വിനോദസഞ്ചാരികളുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കും.
ഇതിനൊപ്പം പ്രാദേശിക ടൂറിസം മേഖലയ്ക്കും ഗുണമാകും. റിയൽ എസ്റ്റേറ്റ് വികസനം, പുതിയ നിക്ഷേപങ്ങൾ എന്നിവയും സാധ്യമാക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]