പുതിയ കാലത്ത്, ക്യാമ്പസ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ എങ്ങനെയാണ്? ക്യാമ്പസിൽ ലഹരിയെ എങ്ങനെ നേരിടും പുതിയ കാലത്ത് വിദ്യാർത്ഥികൾ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്നുണ്ട്. ഒരുപാട് പ്രചാരണങ്ങളും ക്യാമ്പയിനുകളും അരാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുന്നുണ്ട്.
ആ അരാഷ്ട്രീയ വാദം ക്യാമ്പസുകളിൽ പിടിമുറുക്കിയിട്ടുണ്ട്. അത് സ്വാഭാവികമായും യുവാക്കളിലേക്കും കടന്നുവരികയാണ്.
അരാഷ്ട്രീയമാണ് ലഹരിമരുന്നുകളുടെ വ്യാപനത്തിലേക്ക് വഴി തുറന്നുകൊടുത്തത്. ഇന്നത്തെ കാമ്പസുകൾ പഴയപോലെ രാഷ്ട്രീയമായി മുന്നോട്ട് പോവുന്നില്ല എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് മുന്നോട്ടുള്ള പോക്കിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
സ്വാഭാവികമായും എല്ലാ കാലഘട്ടത്തിലും മാറ്റങ്ങൾക്ക് തിരികൊളുത്തിയിട്ടുള്ളത് ക്യാമ്പസുകളും വിദ്യാർത്ഥികളും യുവജനങ്ങളുമൊക്കെ തന്നെയാണ്. ഇന്നത്തെ കാലത്തുള്ള രാഷ്ട്രീയ മാറ്റങ്ങൾക്ക് ഗതിവിഗതികൾ സൃഷ്ടിക്കാനുള്ള കരുത്ത് വിദ്യാർത്ഥി സമൂഹത്തിനുണ്ട്.
പക്ഷേ അത് സംഘടിതമായി പുറത്ത് വരുന്നില്ല. എന്നിരുന്നാലും കെഎസ്യു സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ ലഹരി മരുന്നിൻ്റെ വ്യാപനത്തിനും അരാഷ്ട്രീയതയ്ക്കുമെതിരെ വലിയ ക്യാമ്പയിനുകൾ മാസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചു കഴിഞ്ഞതാണ്.
രാസലഹരിയുടെ സാന്നിധ്യം സ്വന്തം അമ്മയെപോലും വെട്ടിക്കൊലപ്പെടുത്താനുള്ള മാനസികാവസ്ഥയിലേക്ക് മക്കളെത്തുന്ന സ്ഥിതിയിലേക്ക് കടന്നുവന്നിരിക്കുകയാണ്. സ്കൂൾ കുട്ടികളേയും കോളേജ് വിദ്യാർത്ഥികളേയും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
അതിനെ തടയിടാൻ വിദ്യാർത്ഥി-യുവജനസംഘടനകൾ ഒരുപോലെ കൈകോർക്കണം. തങ്ങളുടെ അനുജൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസിനും സഹപാഠികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കെഎസ്യുവിനും ഉണ്ട്.
ആ ദൗത്യം ഏറ്റെടുത്തു കൊണ്ടാണ് സംഘടനകൾ മുന്നോട്ട് പോവുന്നത്. ഇനിയും അത് ശക്തമായി തുടരും.
ക്യാമ്പസിൽ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യങ്ങൾക്ക് നേതൃത്വം കൊടുത്തപ്പോൾ, അതിൻ്റെ ഭാഗമായി ഇന്ന് രാഷ്ട്രീയ പ്രവർത്തനം ഇല്ലാതായ സാഹചര്യം കടന്നുവന്നപ്പോൾ, ക്യാമ്പസ്സുകളിൽ കടന്നുവന്നത് ആർക്കും നിയന്ത്രിക്കാനാവാത്ത ലഹരി മരുന്ന് മാഫിയകളുടെ വ്യാപനമാണ്. നാടിൻ്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാർത്ഥി സമൂഹമാണ്.
ഈ തലമുറയെ വഴിതെറ്റിക്കാനുള്ള ശ്രമമാണ്. അത് തിരിച്ചറിയാൻ കോളേജ് മാനേജ്മെന്റുകൾക്കും രാഷ്ട്രീയ നിരോധനത്തിനും വേണ്ടി മുറവിളി കൂട്ടിയവർക്കും സാധിക്കണം.
ഒപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളുള്ള ക്യാമ്പസുകളിൽ ഏക പാർട്ടി സംവിധാനം നിലനിർത്തുന്ന എസ്എഫ്ഐയുടെ നടപടിയും അരാഷ്ട്രീയ വാദത്തിനും ലഹരിമരുന്നുകളുടെ വ്യാപനത്തിനും കാരണമാവുന്നുണ്ട്. അരാഷ്ട്രീയത മാത്രമാണെന്ന് പറയുന്നില്ല.
അരാഷ്ട്രീയതയുടെ പ്രശ്നം മറ്റുള്ളവന് എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചിന്തിക്കാതെ ഇരിക്കലാണ്. വ്യക്തികളിലേക്ക് മാത്രം ഒതുങ്ങിപ്പോവുന്നവരിലേക്കാണ് എളുപ്പത്തിൽ ഇത്തരത്തിലുള്ള ശക്തികൾ കടന്നുചെല്ലുക.
അവരുടെ പ്രലോഭനങ്ങളിൽ വീണുപോവുക. ഒരു സമൂഹം, നാട്, നാടിൻ്റെ പുരോഗതി, സമൂഹത്തിൻ്റെ പുരോഗതി, മറ്റുള്ളവരുടെ വേദനകൾ എന്നൊക്കെ ചിന്തിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ ബോധം ഉണ്ടാവണമെന്നാണ് ഉദ്ദേശിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളിൽ അംഗമാവണമെന്നല്ല ഉദ്ദേശിക്കുന്നത്, ന്യായവും അന്യായവും കാണുമ്പോൾ ന്യായത്തിൻ്റെ പക്ഷത്ത് നിൽക്കുവാനും നീതിയും അനീതിയും കാണുമ്പോൾ നീതിയുടെ പക്ഷത്ത് നിൽക്കാനും കഴിയുന്ന ഒരു മനസ്സ് വിദ്യാർത്ഥികൾക്ക് ഉണ്ടാവണം. അത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മാത്രം നിന്നാലേ ഉണ്ടാവൂ എന്ന് അഭിപ്രായമില്ല.
രാഷ്ട്രീയമാകണം എന്നേയുള്ളൂ. രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉണ്ടാവണമെന്നേയുള്ളൂ.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാവണമെന്നം എന്നുമല്ല. കാര്യങ്ങൾ വീക്ഷിക്കണം, കൃത്യമായി വീക്ഷിക്കണം, തെറ്റുകൾ ചൂണ്ടിക്കാണിക്കണം, തങ്ങളെ നിരന്തരമായി വിമർശിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹം ഉണ്ടെന്ന ബോധ്യം രാഷ്ട്രീയ പാർട്ടികളേയും സ്വാഭാവികമായും അവരുടെ നയരൂപീകരണങ്ങളിലും ഇടപെടലുകളിലും നവീകരിക്കാനും പുതുമ കൊണ്ടുവരാനും സാധിക്കും.
കോളേജുകളും ക്യാന്പസുകളും യുവജന സംഘടകളെ ഏറെ സ്വാധീനിക്കാറുണ്ട്. ആ തലത്തിലുള്ള ക്യാമ്പയിനുകൾക്ക് കെഎസ്ർയു തുടക്കം കുറിക്കും.
അതിന് യൂത്ത് കോണ്ഗ്രസും പിന്തുണ കൊടുക്കും. സംഘടനാ തലത്തിൽ പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്തും? സംഘടനാ തലത്തിൽ യൂത്ത് കോൺഗ്രസിൻ്റെ താഴെക്കിടയിലുള്ള ഘടകങ്ങൾ ഒന്നുകൂടി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
മണ്ഡലം തലത്തിലുള്ള കമ്മിറ്റികളാണ് കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം സജീവമായി നിലവിലുള്ളത്. യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണമാണ് യങ് ഇന്ത്യ ക്യാമ്പയിനുകളിലൂടെ ലക്ഷ്യം വെച്ചിരുന്നത്.
ഇതിൻ്റെ തുടർച്ച രണ്ടാംഘട്ടം യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭം കുറിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ യങ് ഇന്ത്യ പരിപാടി ഞാനാണ് ഉദ്ഘാടനം ചെയ്തത്.
അതിൻ്റെ ലക്ഷ്യവും താഴെ തലത്തിലുള്ള സംഘടനാ ശാക്തീകരണമാണ്. സംസ്ഥാന തലത്തിൽ നടത്തിയ യങ് ഇന്ത്യ ക്യാമ്പയിൻ അസംബ്ലി തലത്തിലാണ് നടന്നിരുന്നതെങ്കിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിൻ സംഘടനാ ബ്ലോക്ക് തലത്തിൽ ക്രോഡീകരിച്ചുകൊണ്ടാണ് പോവുന്നത്.
വരാനിരിക്കുന്ന തൃതല പഞ്ചായത്തുകളിൽ ചെറുപ്പക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്താനും, ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിലേക്ക് കടക്കാനും, യൂണിറ്റ് വാർഡ് തലങ്ങളിൽ യോഗങ്ങളിലും കൂട്ടായ്മകളിൽ ബോധവൽക്കരണം നടത്താനും, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ യൂത്ത് കോൺഗ്രസിന് ചെയ്യാൻ കഴിയുന്ന ഇടപെടലുകൾ, യുവസംരംഭങ്ങളിലേക്ക് ആളുകളെ നയിക്കാൻ കഴിയുന്ന പ്രചോദനമാവുന്ന ഇടപെടലുകൾ അത്തരത്തിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരെ സംഘടനകളുടെ ഭാഗമാക്കാനും സംഘടനയുടെ ഭാഗമായ ചെറുപ്പക്കാരെ അത്തരം മേഖലകളിലേക്ക് എത്തിക്കാനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് യങ് ഇന്ത്യയുടെ രണ്ടാം ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. കണ്ണൂർ ജില്ലയിൽ തുടക്കം കുറിച്ചു കഴിഞ്ഞു.
മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽ നടന്നുപോവും. താഴെ തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തനം ശക്തിപ്പെടുത്തുക എന്നതാണ്.
യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കരുത്ത്, വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കരുത്താണ്. വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ കരുത്തുറ്റതായാൽ യൂണിറ്റ് തലത്തിലും മണ്ഡലം തലത്തിലും പ്രവർത്തിക്കുന്ന നേതാക്കൻമാരുടെ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും അവരുടെ സംഘടനാബലവും തന്നെയാണ് സംസ്ഥാന യൂത്ത് കോൺഗ്രസിൻ്റെ കരുത്ത് എന്ന ബോധ്യത്തിലാണ് മുന്നോട്ട് പോവുന്നത്.
സംഘടന ശാക്തീകരിക്കുന്നത് മേൽഘടകങ്ങൾ അല്ല, കീഴ്ഘടകങ്ങളാണ്. ഇവയെ ഒന്നുകൂടി സുശക്തമാക്കും.
ക്രോഡീകരിച്ചു കൊണ്ടുവരും. മുകളിൽ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കുമുള്ള റിപ്പോർട്ടിംങ് സംവിധാനം വീണ്ടും പുനരാരംഭിക്കാനുള്ള ക്രമീകരണങ്ങൾക്ക് തുടക്കം കുറിക്കും.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാനിടയുള്ള സാഹചര്യം കെഎസ്യുക്കാരനായി പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്ത് വളരെ ബഹുമാനപൂർവ്വം ദൂരെ നിന്ന് നോക്കിക്കണ്ട ആളുകളാണ് യൂത്ത് കോൺഗ്രസിലൊക്കെയുള്ളവർ.
ആ പദവിയിലേക്ക് താൻ കടന്നുവരുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. അതിന് വേണ്ടി ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടുമില്ല.
ഇത് സ്വാഭാവികമായൊരു ഒഴുക്കിൻ്റെ ഭാഗമായി സംഭവിച്ചതാണ്. സംഘടനാപ്രവർത്തനം ഏതെക്കെയോ ഘട്ടത്തിൽ ജീവിതത്തിൻ്റെ ശരിയായി മാറി.
സംഘടനാ ഘടകത്തിന്റെ എല്ലാ തലങ്ങളിലൂടെയും സഞ്ചരിച്ചു. യൂണിറ്റ് പ്രസിഡൻ്റ്, ബ്ലോക്ക് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലെത്തി.
ജില്ലാ വൈസ് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ് ഇങ്ങനെയാണ് പൂർത്തീകരിക്കപ്പെട്ടത്. ജില്ലാ പ്രസിഡൻ്റായി ഇരുന്നത് ഒരു ദിവസം മാത്രമായിരുന്നു.
വിഎസ് ജോയ് പ്രസിഡൻ്റായി ഇരിക്കുന്ന കാലഘട്ടത്തിലായിരുന്നു കമ്മിറ്റി റീഷഫ്ലിംഗ് വരുന്നത്. പക്ഷേ ആ കമ്മിറ്റി തുടരാനായില്ല.
അഖിലേന്ത്യ കമ്മിറ്റി പെട്ടെന്ന് തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ തീരുമാനിച്ചത് കൊണ്ട് ആ കമ്മിറ്റി തൊട്ടടുത്ത ദിവസം തന്നെ ഇല്ലാതാക്കി ഇലക്ഷൻ പ്രഖ്യാപിക്കുകയായിരുന്നു. ആ ഘട്ടത്തിൽ കെഎസ്യു ഭാരവാഹിയാവാൻ പ്രായം അനുവദിക്കാത്തത് കൊണ്ട് പാർട്ടിയുടെ നേതൃരംഗത്ത് നിന്നും മാറി നിൽക്കേണ്ടതായി വന്നു.
പിന്നീട് 3 മാസത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡൻ്റ് ആവുന്നത്. മൂന്നുവർഷക്കാലം പ്രവർത്തിക്കാൻ സാധിച്ചു.
യൂത്ത് കോൺഗ്രസ് സമ്മേളനമുൾപ്പെടെ തൃശൂരിൽ വെച്ച് നടത്താൻ നിർണായക പങ്കുവഹിച്ചു. സംസ്ഥാന കമ്മിറ്റിയുടേയും, ജില്ലയുടേയും സമര പരിപാടികൾ നടത്താനുമൊക്കെ കഴിഞ്ഞത് സംഘടനാ ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തി നൽകുന്ന കാലമാണ്.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പരിഗണിക്കപ്പെടുമ്പോൾ അത് താഴെ തട്ടിൽ നിന്ന് പ്രവർത്തിച്ചുവന്ന ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സ്വപ്നതുല്യമായ പദവിയാണ്.
ഈ പദവിയിലെത്തുമെന്ന് ഒരിയ്ക്കലും കരുതിയിരുന്നില്ല. ജാഥയുടെ ഏറ്റവും പിറകില നടന്നിരുന്നയാളാണ് ഞാൻ.
ജാഥയുടെ പിറകിൽ നിന്ന് നോക്കിക്കണ്ട പതാക പിടിച്ചയാളിൻ്റെ സ്ഥാനത്തേക്ക് ആ പതാക പിടിക്കാനുള്ള ഘട്ടത്തിലേക്ക് കടന്നുവരുമെന്ന് ഒരിക്കൽ പോലും കരുതിയിട്ടില്ല.
അതൊരു സംഘടനാതലത്തിലെ വലിയൊരു അവസരമായി കാണുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണം എന്താണ്? ഈ വിഷയത്തിൽ പാർട്ടിയൊരു നിലപാട് എടുത്തിട്ടുണ്ട്.
കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവുമൊക്കെ പറഞ്ഞത് തന്നെയാണ്, യൂത്ത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്നുകൊണ്ടുള്ള ഞങ്ങളുടെ നിലപാട്.
അതിൽ മറ്റു പരാമർശങ്ങൾക്ക് ഇപ്പോഴുള്ള സാഹചര്യത്തിലില്ല. പാർട്ടിയൊരു തീരുമാനം എടുത്തിട്ടുണ്ട്.
അതിനൊപ്പമാണ് യൂത്ത് കോൺഗ്രസ് നിൽക്കുന്നത്. പാർട്ടിക്കൊപ്പം മുന്നോട്ട് പോവും.
പൊതുപ്രവർത്തകൻ ഇത്തരം വിഷയങ്ങളിൽ പക്വത കാണിക്കേണ്ടതല്ലേ? ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടി പറഞ്ഞ തീരുമാനം തന്നെയാണ് പറയാനുള്ളത്. മറ്റൊരു പരാമർശങ്ങൾക്കുമില്ല.
വ്യക്തിപരമായ അഭിപ്രായം എന്നൊന്നില്ല. സംഘടനാപരമായ നേതൃത്വത്തിൽ നിൽക്കുമ്പോൾ വ്യക്തിപരം എന്നൊന്നില്ല, സംഘടനാപരമേയുള്ളൂ.
സംഘടനാപരമായ നിലപാട് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെച്ചു.
പാർട്ടി നടപടിയെടുത്തു. അതാണ് നിലനിൽക്കുന്നത്.
അതങ്ങനെ നിലനിൽക്കട്ടെ. എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ സജീവമാകുന്നതിനെ എങ്ങനെ കാണുന്നു? ഈ വിഷയത്തിലും പാർട്ടിയൊരു നിലപാട് എടുത്തിട്ടുണ്ട്.
അതിൽ അധാർമ്മികതയുണ്ടെന്ന് ആരോപിക്കുന്ന ഇടതുപക്ഷം അവരുടെ ഭാഗത്തേക്കും തിരിഞ്ഞുനോക്കി അതേ അധാർമ്മിക ആരോപിക്കുകയാണെങ്കിൽ അതിൽ ന്യായമുണ്ടായിരുന്നു. പക്ഷേ സമാനമായ അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചതായി കേരളത്തിലില്ല.
ഗോവിന്ദൻ മാഷ് ഉൾപ്പെടെ ആ ഘട്ടത്തിൽ പറഞ്ഞ സ്റ്റേറ്റ്മെന്റുകൾ നമ്മുടെ മുന്നിലുണ്ട്. അവിടെയൊരു അഭിപ്രായവും മറ്റിടത്ത് മറ്റൊരു അഭിപ്രായവും പറഞ്ഞാൽ കേരളത്തിലെ എല്ലാവരും തിരിച്ചറിയുന്ന കാര്യമാണ്.
എംഎൽഎ സ്ഥാനവുമായി ബന്ധപ്പെട്ട് അടക്കമുള്ള കാര്യങ്ങളിലാണ് പാർട്ടി തീരുമാനമെടുത്തിട്ടുള്ളത്. ആ നിലപാടിലാണ് മുന്നോട്ട് പോവുന്നത്.
അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരുന്നിടത്തോളം പദവി നിർവ്വഹിക്കൽ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തമാണ്. അവിടെയുള്ള ജനങ്ങൾക്ക് എംഎൽഎയെ കാണേണ്ട
സാഹചര്യത്തിൽ അങ്ങനെ ചെയ്യുന്നതിൽ ആരെയെങ്കിലും കുറ്റം പറയാനൊക്കുമോ. പരിപാടികളിൽ പങ്കെടുക്കുന്നതിനെ നിഷേധിക്കാനുമാകില്ല.
പദവിയിലിരിക്കുന്ന കാലത്തോളം ഉത്തരവാദിത്തം നിർവ്വഹിക്കണമെന്നാണ്. അത് ജനങ്ങളും അദ്ദേഹവും തമ്മിലുള്ള ഇപ്പോഴത്തെ ഇടപെടൽ സംബന്ധിച്ചാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടി അഭിപ്രായം പറയേണ്ടതില്ല. പാർട്ടിയുടെ നടപടി അവിടെ നിൽക്കുന്നുണ്ട്.
മറ്റേത് ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് സമീപിക്കേണ്ട സാഹചര്യമാണ്.
അതിൽ പാർട്ടി വേറൊരു അഭിപ്രായം പറയേണ്ടതില്ല. പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് നേരെയുണ്ടായ അതിക്രമത്തോടുള്ള പ്രതികരണം? ഡിവൈഎസ്പി കയ്യിൽ ടിയർ ഗ്യാസ് ഉൾപ്പെടെ പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
അദ്ദേഹത്തോട് ടില പൊലീസുകാർ എംപി അവിടെ നിൽക്കുന്നുണ്ട് എന്നും പറയുന്നുണ്ട്. എംപി അവിടെ നിൽക്കുന്നുണ്ട് എന്നറിഞ്ഞിട്ടും റൂറൽ എസ്പി അത് വലിച്ചെറിഞ്ഞത് അത്ര അറിയാതെ സംഭവിച്ചതായി കണക്കാക്കാനാവില്ല.
അന്നവിടെ ഒരു സംഘർഷം ഉണ്ടാവേണ്ടത് പൊലീസിൻ്റെ ആവശ്യമാണ്. പൊലീസിൻ്റെ ആവശ്യത്തേക്കാലുപരി ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനും വിവാദങ്ങൾ ഉണ്ടാക്കി മറ്റു വിഷയങ്ങളിലേക്ക് മാറ്റിയെടുക്കാനുമുള്ള സർക്കാരിൻ്റെ രാഷ്ട്രീയ തീരുമാനമാണ്.
മുഖ്യമന്ത്രിയുടേയും, ഓഫീസിൻ്റേയും നേരിട്ടുള്ള നിർദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് പ്രവർത്തിച്ചത്. പൊലീസ് ഒരു പപ്പറ്റ് ആയാണ് പ്രവർത്തിക്കുന്നത്.
പൊലീസിംഗ് അല്ല അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അവിടെ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തെരുവിലേക്ക് വ്യാപിക്കുന്നു, അപ്പോൾ യുഡിഎഫിൻ്റെ ഹർത്താൽ ഉണ്ടാവുന്നു, ഹർത്താലിന് അനുബന്ധമായി യുഡിഎഫ് നടത്തിവന്ന പ്രകടനവും പൊതുയോഗവും അതിനെ ആക്രമിക്കാൻ മാരകായുധങ്ങളുമായി കടന്നുവന്ന ഡിവൈഎഫ്ഐ, സിപഎം പ്രവർത്തകർ-എന്നാൽ അവിടെ പൊലീസ് ചെയ്യേണ്ടത് പൊലീസിംഗ് ആണ്.
അവിടെ അതിന് പകരം സിപിഎം ഡിവൈെഫ്ഐ ഗുണ്ടകളുടെ കൂടെ നിന്ന് യുഡിഎഫുകാരെ ആക്രമിക്കുകയാണ്. പൊലീസിൻ്റെ സംരക്ഷണം വേണമെന്ന അഭിപ്രായമൊന്നുമില്ല.
കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസിൻ്റെ സംരക്ഷണം ആവശ്യമില്ല. പക്ഷേ കോൺഗ്രുകാർക്ക് നേരെ പൊലീസ്, സിപിഎമ്മുകാർക്കൊപ്പം നിന്നുകൊണ്ട് അക്രമം നടത്തുന്നത് ശരിയായ സമീപനമല്ല.
അവരുടെ ശമ്പളം ഞങ്ങളുടെ കൂടെ നികുതിപണമാണ്. നാട്ടിലെ ജനങ്ങളുടെ നികുതിപണത്തിൻ്റെ ശമ്പളവും വാങ്ങിനിന്ന് സർക്കാരിൻ്റെ ഭാഗമായി നിന്ന് പൊലീസിംഗ് നടത്തുന്നതിന് പകരം ഇടതുപക്ഷ ഗുണ്ടായിസമാണ് നടത്തുന്നത്.
അതൊരു കാരണവശാലും അംഗീകരിക്കില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുകയാണ്.
സ്റ്റേഷനിലെത്തിച്ച് വളരെ മോശമായാണ് പൊലീസ് പെരുമാറുന്നത്. സമരത്തിൽ ഇല്ലാത്തവരെ പോലും കേസിൽ പ്രതിയാക്കുകയാണ്.
വ്യാപകമായി ഇത്തരത്തിലുള്ള പ്രവണത പേരാമ്പ്രയിലെ പൊലീസുകാരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ പൊലീസിൽ തന്നെ ഇതിനെതിരെ അമർഷമുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
വികെ സനോജ് ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ നേതാക്കൾ ഷാഫിക്ക് പരിക്ക് പറ്റിയതിനെ ‘ഷാഫി ഷോ’ എന്നാണ് വിമർശിച്ചത്. ഈ പരാമർശങ്ങളോടുള്ള പ്രതികരണം എന്താണ്? പ്രതിഷേധങ്ങളിലും സമരങ്ങളിലും പരിക്ക് പറ്റുന്നത് ഷോ ആണെങ്കിൽ ഡിവൈഎഫ്ഐ എത്ര ഷോ നടത്തിട്ടുണ്ട്.
ഡിവൈെഫ്ഐയുടെ സമരചരിത്രങ്ങളെല്ലാം ഷോ ആണെന്ന് പറയുമോ. പ്രതിഷേധങ്ങളിലും സമരങ്ങളിലും ഏകപക്ഷീയമായി പൊലീസിൻ്റെ ആക്രമണമുണ്ടാവുമ്പോൾ ഡിവൈഎഫ്ഐ എന്തിനാണ് പൊലീസിനൊപ്പം നിൽക്കുന്നത്.
ആറുമാസം കഴിഞ്ഞാൽ വികെ സനോജിന് പൊലീസിനെതിരെ സമരം ചെയ്യേണ്ടി വരും. സർക്കാർ മാറി പ്രതിപക്ഷത്തിരിക്കുമ്പോൾ.
എല്ലാ കാലത്തും പിണറായി വിജയനും കേരള പൊലീസും സിപിഎമ്മിനും സംഘടനകൾക്കും അനുകൂലമായി നിൽക്കണമെന്നില്ലല്ലോ. സനോജ് മുൻകാല പ്രാബല്യത്തോടുകൂടി സമരങ്ങളെ റദ്ദ് ചെയ്യുകയാണ്.
അത് യുവജനസംഘടനകളുടെ അധ്യക്ഷന് ചേർന്ന ഭാഷയല്ല. ഇനി നാളെകളിൽ ഡിവൈഎഫ്ഐ സമരങ്ങളെ തള്ളിപ്പറയുമോ?സമരങ്ങളിലും പ്രതിഷേധങ്ങളിലും പരിക്ക് പറ്റുന്നതിനെയോ അത് ഷോ ആണ് എന്നൊക്കെയാണ് സനോജിൻ്റെയൊക്കെ ഭാഷയെങ്കിൽ കേരളത്തിൽ എല്ലാ സംഘടനകളിലും അത്തരത്തിലുള്ള ഷോ ഉണ്ടായിട്ടുണ്ട്.
ആ സമരങ്ങളെ കൂടെ തള്ളിപ്പറയുന്ന ഭാഷയാണിത്. പൊലീസിനെ ന്യായീകരിക്കുന്ന ഉത്തരവാദിത്തം ഡിവൈഎഫ്ഐക്കുണ്ടെങ്കിൽ സ്വയമൊന്ന് പിറകിലോട്ട് തടവി നോക്കണം, അവിടെ നട്ടെല്ല് ഉണ്ടോയെന്ന് പരിശോധിച്ചുനോക്കുന്നത് നല്ലതാണ്.
കുടുംബം, വീട്ടിൽ ആരൊക്കെയാണുള്ളത്… വിവാഹിതനാണ്. അഡ്വ ശ്രീലക്ഷ്മിയാണ് ഭാര്യ.
തൃശൂരിൽ പ്രാക്ടീസ് ചെയ്യുകയാണ്. വീട്ടിൽ അമ്മയും അനുജനും അവൻ്റെ കുടുംബവുമുണ്ട്.
അച്ഛൻ കോളേജ് പഠനകാലത്ത് മരണപ്പെട്ടു. കോൺഗ്രസ് പ്രവർത്തകനായിരുന്നു.
അങ്ങനെയാണ് ഞാൻ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അമ്മ വീട്ടിൽ തന്നെയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]