കണ്ണാടി ∙ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി, പല്ലഞ്ചാത്തനൂർ പൊള്ളപ്പാടം ചരലംപറമ്പ് ബി.ജയകൃഷ്ണന്റെ മകൻ അർജുൻ (14) ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കൂട്ടുകാരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
നിലവിൽ അസ്വാഭാവിക മരണത്തിനാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. വിശദമായ അന്വേഷണം നടക്കുകയാണെന്നു കുഴൽമന്ദം പൊലീസ് ഇൻസ്പെക്ടർ എ.അനൂപ് അറിയിച്ചു.
അധ്യാപകരുടെ ഭീഷണിയും മാനസിക പീഡനവും മൂലമാണു കുട്ടി മരിച്ചതെന്നാണു ജയകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നത്.
വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന ആരോപണം തെറ്റാണെന്നും അർജുൻ മരിച്ച 14നു തലേന്നു ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയതായി കൂട്ടുകാർ പറഞ്ഞിട്ടുണ്ടെന്നും ജയകൃഷ്ണൻ പറഞ്ഞു. അർജുൻ ഉൾപ്പെടെ 4 വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ അയച്ച സന്ദേശത്തെച്ചൊല്ലി ഒരു രക്ഷിതാവു സ്കൂളിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട
സംഭവങ്ങളാണു മരണത്തിലേക്കു നയിച്ചതെന്നാണ് ആരോപണം.
രക്ഷിതാക്കളുടെ പരാതിയെത്തുടർന്നു പ്രധാനാധ്യാപിക യു.ലിസി, ക്ലാസ് അധ്യാപിക ടി.ആശ എന്നിവരെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ നാലു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു മന്ത്രി വി.ശിവൻകുട്ടി കോഴിക്കോട്ടു പറഞ്ഞു. വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ അടിയന്തരമായി പിടിഎ യോഗം ചേർന്നു. പിടിഎ പ്രസിഡന്റ് വി.കെ.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഇന്നുരാവിലെ 11നു സർവകക്ഷിയോഗം ചേരും.
‘അധ്യാപികയ്ക്ക് മുൻവൈരാഗ്യം’
അർജുനോടു ക്ലാസ് അധ്യാപികയ്ക്കു മുൻ വൈരാഗ്യമുണ്ടായിരുന്നതായി പിതാവ് ബി.ജയകൃഷ്ണൻ മനോരമയോടു പറഞ്ഞു. 2024ൽ ക്ലാസിൽ അർജുൻ ഉൾപ്പെടെ കൂട്ടുകാർ ഡസ്റ്റർ എറിഞ്ഞു കളിക്കുന്നതിനിടെ ഒരു വിദ്യാർഥിനിയുടെ ദേഹത്തുകൊണ്ടു.
ഇതിന് അർജുനെ അധ്യാപിക അടിച്ചു. ഇത് അധ്യാപികയെ വിളിച്ചു ചോദ്യം ചെയ്തിരുന്നു.
ഇനി അടിക്കില്ലെന്ന് അധ്യാപിക പറഞ്ഞെങ്കിലും അതിനുശേഷം അർജുനോട് അധ്യാപിക വൈരാഗ്യത്തോടെയാണു പെരുമാറിയിരുന്നതെന്നു ജയകൃഷ്ണൻ പറഞ്ഞു.
‘കുട്ടിക്കു വീട്ടിൽ പ്രശ്നങ്ങൾ’
∙ അർജുന് വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പ്രധാനാധ്യാപിക യു. ലിസി പറഞ്ഞു.
ഇതു കുട്ടിയുടെ അമ്മയും തങ്ങളോടു പറഞ്ഞിട്ടുണ്ട്. കുട്ടി മരിച്ച ദിവസം താനും ക്ലാസ് അധ്യാപിക ടി.ആശയും അർജുന്റെ വീട്ടിൽ പോയിരുന്നു.
കുട്ടിയുടെ മനസ്സ് അറിയാതെ പോയത് അധ്യാപകരായ ഞങ്ങളുടെയും രക്ഷിതാക്കളുടെയും തെറ്റാണ്. അർജുനെ ആറു മാസം മുൻപു ക്ലാസ് അധ്യാപിക അടിച്ചതു സംബന്ധിച്ച് അറിവില്ല.
അത്തരത്തിൽ പരാതി ലഭിച്ചില്ല. കുട്ടികൾ തെറ്റു ചെയ്തതു ശ്രദ്ധയിൽപെട്ടപ്പോൾ സാധാരണപോലെ ശാസിക്കുക മാത്രമാണു ചെയ്തത്.
അർജുനെ ഇതുവരെ അടിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും ക്ലാസ് അധ്യാപിക ടി.ആശ പറഞ്ഞു. സ്കൂൾ മാറ്റാൻ വീട്ടുകാർ ശ്രമിച്ചതുമായി ബന്ധപ്പെട്ടു വിഷമമുണ്ടെന്ന് അർജുൻ തന്നെ അറിയിച്ചിരുന്നതായും ആശ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]