

First Published Sep 10, 2023, 9:16 AM IST
മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, തെന്നിന്ത്യയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ്. മലയാളത്തിൽ പ്രഗൽഭരായ ഒട്ടനവധി നടിമാർ മുൻപെ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ മറ്റാെരു നടിയും ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ലെന്നാണ് സിനിമാ ലോകം പറയുന്നത്. മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് മഞ്ജുവിന് ആശംസയുമായി എത്തുന്നത്.
1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസിൽ ‘സല്ലാപ’ത്തിലൂടെ നായികയായി. ഈ ചിത്രം ആയിരുന്നു മലയാള സിനിമയിൽ മഞ്ജുവിന് ഒരു സ്ഥാനം നേടി കൊടുത്തത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.
ശേഷം സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, ദില്ലിവാല രാജകുമാരന്, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, എന്നിങ്ങനെ പോകുന്നു മലയാളത്തിൽ തരംഗം സൃഷ്ടിച്ച മഞ്ജുവിന്റെ അഭിനയ മികവ്. നടൻ മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്നവയാണ്. മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ഇരുവരും എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല.
വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യർ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവിൽ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവിൽ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു. മികച്ച അഭിനേത്രി എന്നതിന് പുറമെ താനൊരു ഗായിക കൂടിയാണെന്ന് പലയാവര്‍ത്തി മഞ്ജു തെളിയിച്ചു.
അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ‘മിസ്റ്റര്‍ എക്സ്’ എന്ന തമിഴ് സിനിമയിലാണ് നിലവിൽ മഞ്ജു വാര്യർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മനു ആനന്ദ് ആണ് ഈ തമിഴ് ചിത്രത്തിന്റെ സംവിധായകൻ. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവർ മഞ്ജുവിനൊപ്പം ചിത്രത്തിൽ ഉണ്ടാകും. ഇത്തരത്തിൽ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന മഞ്ജുവിന്റെ പിറന്നാൾ സുഹൃത്തുക്കളെ പോലെതന്നെ ആഘോഷമാക്കുകയാണ് മലയാളികളും.
Last Updated Sep 10, 2023, 9:19 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]