പാലക്കാട് ∙ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന സംഘം സംസ്ഥാനത്തെ 16 പേരിൽ നിന്നായി തട്ടിയത് 70 ലക്ഷം രൂപ. ഈ മാസം 21ന് ഇവർക്കു നിയമന ഉത്തരവു നൽകുമെന്നായിരുന്നു വാഗ്ദാനം.
മൂന്നു മുതൽ ആറു ലക്ഷം രൂപ വരെ കൊടുത്തവരുണ്ട്. ജോലി ലഭിച്ചശേഷം ബാക്കി പണം നൽകിയാൽ മതിയെന്നും സംഘം ഉദ്യോഗാർഥികളെ അറിയിച്ചിരുന്നു.
കൂടുതൽ പേരെക്കൊണ്ടു പണം അടപ്പിച്ചാൽ കമ്മിഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.
കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിലുള്ളവരിൽ നിന്നാണു പണം വാങ്ങിയിട്ടുള്ളത്. തട്ടിപ്പു സംഘത്തിന്റെ മലപ്പുറം കൊണ്ടോട്ടിയിലെയും കോഴിക്കോട് പേരാമ്പ്രയിലെയും ഓഫിസുകളിൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് ഇന്നലെ പരിശോധന നടത്തി രേഖകളും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു.
മനോരമ വാർത്തയെ തുടർന്നാണു നടപടി. ജോബ് റിക്രൂട്മെന്റ് ഏജൻസി എന്ന പേരിലാണ് ഓഫിസ് പ്രവർത്തിച്ചിരുന്നത്.
സംസ്ഥാനത്തെ 9 ജില്ലകളിൽ ഇവരുടെ ബ്രാഞ്ച് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ടെന്നു ജീവനക്കാർ മൊഴി നൽകി. ചെന്നൈ കേന്ദ്രീകരിച്ചാണു സംഘം പ്രവർത്തിക്കുന്നതെന്ന് ആർപിഎഫ് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെയും പരിശോധന നടത്തും.
പാലക്കാട്ടു നിന്നു കസ്റ്റഡിയിലെടുത്ത രണ്ട് ഏജന്റുമാരിൽ നിന്നാണു ചെന്നൈയിലെ ഓഫിസിനെക്കുറിച്ചു വിവരം ലഭിച്ചത്. തട്ടിപ്പു സംഘത്തിന്റെ ഇരുപതിലേറെ ഏജന്റുമാർ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജൻസിനു ലഭിച്ച വിവരം.
ചെന്നൈ ഓഫിസിലെ അക്കൗണ്ടിലേക്കാണ് ഏജന്റുമാർ പണം അടയ്ക്കുക. 30 ശതമാനം കമ്മിഷൻ ഏജന്റുമാർക്കു ലഭിക്കുമെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ റിക്രൂട്മെന്റ് ബോർഡ് ഉദ്യോഗാർഥികളെ ക്ഷണിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെയാണു തട്ടിപ്പ് ആരംഭിച്ചത്.
സ്റ്റോർ കീപ്പർ മുതൽ റെയിൽവേ ആശുപത്രിയിൽ ഡോക്ടർ വരെയുള്ള തസ്തികകളിൽ ഒഴിവുണ്ടെന്നു കാണിച്ചാണു തട്ടിപ്പ്.
കോയമ്പത്തൂരിൽ പരിശോധന
ദക്ഷിണ റെയിൽവേയുടെയും ഉദ്യോഗസ്ഥരുടെയും വ്യാജ രേഖകളും സീലും ഐഡി കാർഡുകളുമുണ്ടാക്കിയതായി സംശയിക്കുന്ന കോയമ്പത്തൂർ ഗാന്ധിപുരത്തെ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി. ആർപിഎഫ് ഇന്റലിജൻസ് വിഭാഗം നൽകിയ വിവരത്തെ തുടർന്നു തമിഴ്നാട് പൊലീസാണു പരിശോധന നടത്തിയത്. കാട്ടൂർ പൊലീസ് ഏതാനും രേഖകളും പിടിച്ചെടുത്തു.
ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]