കോഴിക്കോട് ∙ പുതിയപാലത്തെ പാലം നിർമാണം നീളുന്നു, യാത്രാദുരിതവുമായി നാട്ടുകാർ. 2022 ജൂലൈ മൂന്നിനായിരുന്നു പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
ഒന്നര വർഷം മുൻപ് പൂർത്തിയാക്കുമെന്നു അന്നു പറഞ്ഞിരുന്നെങ്കിലും രണ്ടു വർഷവും രണ്ടു മാസവും കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. കനോലി കനാലിനു കുറുകെ 195 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഇതിൽ കനാലിന്റെ ഇരുവശങ്ങളിലുമായുള്ള ഭാഗത്തെ കോൺക്രീറ്റ് കഴിഞ്ഞിട്ടുണ്ട്.
പാലത്തിനു മുകളിൽ 45 മീറ്റർ നീളത്തിൽ സ്ലാബ് നിർമിക്കാൻ കോൺക്രീറ്റ് ചെയ്യുന്നതിനു മുന്നോടിയായി കമ്പി കെട്ടിയിട്ടിട്ടുണ്ട്.
പാലത്തിന്റെ ഇടതു ഭാഗത്ത് കനോലി കനാലിനു കുറുകെ താൽക്കാലികമായി നിർമിച്ച നടപ്പാലത്തിലൂടെയാണ് കാൽനട യാത്രക്കാർ പോകുന്നത്. പാലത്തിന്റെ ഇടതു വശത്തോട് ചേർന്ന് നടന്നു പോകുന്ന ഭാഗത്ത് ചെളി കെട്ടിക്കിടക്കുകയാണ്.
പുതിയപാലത്തു നിന്നും മിനി ബൈപാസിലേക്കു പോകുന്നവരും തിരികെ വരുന്നവരുമായ കാൽനട യാത്രക്കാർ ഈ വഴിയാണ് പോകുന്നത്.
ചെളിയിൽ ചവിട്ടി ആളുകൾ പലപ്പോഴും തെന്നി വീഴുന്നു. വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
പാലം പണി പൂർത്തിയായാൽ പ്രദേശത്തുകാർ അനുഭവിക്കുന്ന യാത്രാ പ്രശ്നത്തിനു പരിഹാരമാകുമെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്നു നാട്ടുകാർ പറഞ്ഞു.
പാലം നിർമാണത്തിന്റെ ഭാഗമായുള്ള ഓടയുടെ നിർമാണം അശാസ്ത്രീയമായാണ് നടക്കുന്നതെന്നും ഇതേ തുടർന്ന് ഒരു ഭാഗത്തെ ആളുകൾ വെള്ളക്കെട്ടിലാകുമെന്നും കൗൺസിലർ ടി.രനീഷ് പറഞ്ഞു. ഇതു ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും കൗൺസിലർ പറഞ്ഞു. എല്ലാ ഭാഗത്തു നിന്നുമുള്ള വെള്ളം ഒഴുകി പോകുന്ന തരത്തിലാണ് ഓടയുടെ നിർമാണം നടക്കുന്നതെന്നു പാലം നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു.
ഡിസംബറോടെ പാലം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിശദീകരിച്ചു.
റോഡ് ടാർ ചെയ്യണം
മിനി ബൈപാസിൽ കല്ലുത്താൻ കടവ് ജംക്ഷനിൽ നിന്നു പുതിയപാലത്തേക്കുള്ള റോഡ് വീതി കൂട്ടി ഉയർത്തിയിട്ടുണ്ട്. കല്ലും മെറ്റലും ക്വാറിപ്പൊടിയും ചേർത്താണ് ഉയർത്തിയത്.
ഇനി ടാറിങ് നടത്തണം. ഇടതടവില്ലാതെയാണ് ഇതിലെ വാഹനങ്ങൾ പോകുന്നത്.
അതിനാൽ ടാറിങ് വൈകിയാൽ പൊടി ശ്വസിച്ച് കാൽനടയാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടും. കല്ലുത്താൻകടവ് ന്യൂ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് മാർക്കറ്റ് തുറക്കുന്നതോടെ വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം ഇനിയും കൂടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

