പാലക്കാട് ∙ ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്നു പ്രചാരണം നടത്തി ജില്ലയിൽ വൻ ഓൺലൈൻ തട്ടിപ്പ്. ഇരുപതോളം പേരിൽ നിന്നായി മൂന്നു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണു പരാതി. പാലക്കാട് കൊടുന്തിരപ്പുള്ളി പ്രിയദർശിനിനഗർ സ്വദേശിക്കെതിരെയാണു പരാതി.
സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ കസബ, നോർത്ത്, ചിറ്റൂർ പൊലീസ് സ്റ്റേഷനുകളിലും പരാതിയുണ്ട്.
തട്ടിപ്പിനിരയായവർ പരാതി നൽകിയതിനു പിന്നാലെ ഇയാൾ കടന്നുകളഞ്ഞു.
തട്ടിപ്പിനിരയായവർ ഇന്നലെ പാലക്കാട് നഗരത്തിൽ യോഗം ചേർന്നു. മകളുടെ വിവാഹ ആവശ്യത്തിനു കരുതിയ സ്വർണം വരെ വിറ്റു പണം നൽകിയവരുണ്ട്.
സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്തും ചിലർ പണം നൽകിയിട്ടുണ്ട്. ലാഭവിഹിതമെന്ന പേരിൽ ആദ്യഘട്ടത്തിൽ ചിലർക്ക് ഇയാൾ കുറച്ചു പണം നൽകിയിരുന്നു. കൂടുതൽ ലാഭം നൽകാമെന്നു വിശ്വസിപ്പിച്ചു പിന്നെയും പണം വാങ്ങി.
കഴിഞ്ഞവർഷം സെപ്റ്റംബർ മുതലാണ് പണം വാങ്ങിത്തുടങ്ങിയത്. ഒരു വർഷം കൊണ്ടു പണം ഇരട്ടിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ പണം നൽകിയവർ ഇയാളെ സമീപിച്ചെങ്കിലും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ട്രേഡിങ് കമ്പനിയുടെ ഐഡി കാർഡ് കാണിച്ചാണു തട്ടിപ്പ് നടത്തിയത്. കമ്പനിയിൽ നിന്നു വൻതുക ലാഭമായി ലഭിച്ചെന്നു ചിലർ പറയുന്ന വിഡിയോകളും ഇയാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
സുഹൃത്തുക്കൾക്കു പണം നൽകി ഇയാൾ തന്നെയാണു വിഡിയോ നിർമിച്ചതെന്നു കണ്ടെത്തി. തട്ടിപ്പ് പണം ഉപയോഗിച്ച് തമിഴ്നാട്ടിലും മറ്റുമായി സ്ഥലങ്ങളും വാങ്ങിയതായി നാട്ടുകാർ ആരോപിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]