പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ സംഘർഷം രൂക്ഷമായതോടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധവും നിലച്ചു. കറാച്ചി ഉൾപ്പെടെ പാക്കിസ്ഥാനിലെ തുറമുഖങ്ങളിലും അതിർത്തി നഗരങ്ങളിലുമായി കയറ്റുമതി ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാൻ എത്തിച്ച ആയിരക്കണക്കിന് കണ്ടെയ്നറുകളാണ് കെട്ടിക്കിടക്കുന്നതെന്ന് പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ജോയിന്റ് ചേംബർ ഓഫ് കൊമേഴ്സ് അഭിപ്രായപ്പെട്ടു.
അതിർത്തി ചെക്പോസ്റ്റുകൾക്ക് ഇരുവശവുമായി 6,000ലേറെ ചരക്കുലോറികളും കുടുങ്ങിക്കിടക്കുകയാണ്.
ഒരിടവേളയ്ക്കുശേഷം സമീപകാലത്താണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വ്യാപാരബന്ധം വീണ്ടും സജീവമാക്കിയത്. 2025ന്റെ ആദ്യ 6 മാസത്തെ കണക്കനുസരിച്ച് 100 കോടി ഡോളറിന്റേതാണ് (8,500 കോടി രൂപ) ഉഭയകക്ഷി വ്യാപാരം.
ഇതിൽ 27.7 കോടി ഡോളറിന്റേത് (2,400 കോടി രൂപ) പാക്കിസ്ഥാനിലേക്കുള്ള അഫ്ഗാന്റെ കയറ്റുമതിയാണ്. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിലേക്ക് 71.2 കോടി ഡോളറിന്റെ (6,100 കോടി രൂപ) കയറ്റുമതിയും നടത്തുന്നു.
സമീപഭാവിയിൽതന്നെ വ്യാപാരം 1,000 കോടി ഡോളറിലേക്ക് ഉയർത്താൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് അതിർത്തിയിൽ സംഘർഷം അതിരൂക്ഷമായത്.
പച്ചക്കറികൾ, ഡ്രൈഫ്രൂട്സ് തുടങ്ങിയവയാണ് അഫ്ഗാനിൽ നിന്ന് പാക്കിസ്ഥാൻ പ്രധാനമായും വാങ്ങുന്നത്. അഫ്ഗാൻ തിരികെ മരുന്നുകൾ, അരി, പഞ്ചസാര തുടങ്ങിയവയും.
വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും അഫ്ഗാൻ ആശ്രയിക്കുന്നത് കറാച്ചി ഉൾപ്പെടെ പാക്കിസ്ഥാന്റെ തുറമുഖങ്ങളെയും വിമാനത്താളങ്ങളെയുമായിരുന്നു.
വ്യാപാരബന്ധം ശക്തമാക്കാനായി ഇരു രാജ്യങ്ങളും സമീപകാലത്ത് പരസ്പരം ചില ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയും കുറച്ചിരുന്നു. അഫ്ഗാന്റെ മുന്തിരി, മാതളനാരങ്ങ, ആപ്പിൾ, തക്കാളി എന്നിവയുടെ തീരുവ പാക്കിസ്ഥാനും തിരികെ പാക്കിസ്ഥാന്റെ മാമ്പഴം, വാഴപ്പഴം, ഉരുളക്കിഴങ്ങ് എന്നിവയുടെ തീരുവ അഫ്ഗാനും 60 ശതമാനത്തിൽനിന്ന് 27 ശതമാനത്തിലേക്ക് കുറച്ചിരുന്നു.
അഫ്ഗാൻ-ഇന്ത്യ വ്യാപാരത്തിനും തിരിച്ചടി
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലെ വ്യാപാരവും നടന്നിരുന്നത് പാക്കിസ്ഥാനിലൂടെയായിരുന്നു.
ഇന്ത്യ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തന്നെ പാക്കിസ്ഥാൻ വഴിയുള്ള വ്യാപാരം തടസ്സപ്പെട്ടിരുന്നു. ഇപ്പോൾ പാക്ക്-അഫ്ഗാൻ സംഘർഷം കൂടുതൽ പ്രതിസന്ധിയായിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് അഫ്ഗാനിലേക്കും തിരിച്ചും അട്ടാരി-വാഗ അതിർത്തി വഴിയുള്ള ചരക്കുനീക്കത്തിന് പാക്കിസ്ഥാൻ അനുമതി നിഷേധിക്കുമെന്ന ആശങ്ക ശക്തമാണ്.
വാഗയിലേക്ക് നീങ്ങുന്ന അഫ്ഗാൻ ട്രക്കുകളിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരെ ഒഴിവാക്കി പാക്ക് ഡ്രൈവർമാരെ നിയോഗിക്കാനും പാക്കിസ്ഥാൻ ശ്രമിക്കുന്നത് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയും അഫ്ഗാനും തമ്മിൽ കൂടുതൽ അടുക്കുന്നതും അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തക്കിയുടെ ഇന്ത്യാ സന്ദർശനവും പാക്കിസ്ഥാനെ അലോസരപ്പെടുത്തിയിട്ടുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]