ശബരിമല ∙ കോടികളുടെ വരുമാനം ഉണ്ടെങ്കിലും കാണിക്ക എണ്ണാൻ ദേവസ്വം ബോർഡിന് യന്ത്രങ്ങൾ ഇല്ല. തീർഥാടന കാലത്ത് ഭണ്ഡാരത്തിൽ കാണിക്കയായി ലഭിക്കുന്ന പണം യഥാസമയം എണ്ണി എടുക്കാൻ കഴിയാതെ വലിയ കൂനയാക്കി ഇടുന്ന പ്രശ്നങ്ങളുണ്ട്.
കഴിഞ്ഞ മണ്ഡല–മകരവിളക്കു തീർഥാടനം പൂർത്തിയാക്കി നട അടച്ച ജനുവരി 20ന് ഉള്ള കണക്ക് അനുസരിച്ച് ദേവസ്വം ബോർഡിന്റെ ആകെ വരുമാനം 440 കോടി രൂപയാണ്.
അരവണ വിറ്റുവരവിലൂടെ 192 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു.
ബാക്കി തുക മറ്റ് ഇനങ്ങളിലാണ്. ഇത്രയും വലിയ വരുമാനം ഉണ്ടായിട്ടും രൂപയും നാണയവും എണ്ണാൻ ദേവസ്വം ബോർഡ് യന്ത്രങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.
250 ജീവനക്കാരാണ് കഴിഞ്ഞ മണ്ഡല കാലത്ത് ഭണ്ഡാരത്തിൽ പണം എണ്ണാൻ ഉണ്ടായിരുന്നത്. അതിൽ 150 പേർ ദിവസ വേതനത്തിനു നിയോഗിച്ച താൽക്കാലിക ജീവനക്കാരായിരുന്നു.
കഴിഞ്ഞ തീർഥാടന കാലത്താണ് ആദ്യമായി താൽക്കാലിക ജീവനക്കാരെ ഇതിനായി നിയോഗിച്ചത്.
ചെറിയ ധനകാര്യ സ്ഥാപനങ്ങളിൽ പോലും നോട്ടുകൾ എണ്ണാൻ യന്ത്രങ്ങൾ ഉണ്ട്. ഇവിടെ മാത്രം ഇല്ല.
കാണിക്ക വരുന്ന പണം മുഴുവൻ ജീവനക്കാർ എണ്ണിത്തിട്ടപ്പെടുത്തി ധനലക്ഷ്മി ബാങ്കിൽ അടയ്ക്കുകയാണ്. ജീവനക്കാർ എണ്ണുന്നതിനാൽ ചിലപ്പോൾ കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥർ ഭണ്ഡാരത്തിൽ എത്തിയാണ് ഓരോ ദിവസത്തെയും വരുമാനം സ്വീകരിക്കുന്നത്. ഇതിനായി നോട്ടുകൾ എണ്ണാൻ ബാങ്കിന് 2 യന്ത്രങ്ങൾ ഉണ്ട്.
കോടിക്കണക്കിനു രൂപയുടെ നാണയമാണ് വരുന്നത്. ഇത് എണ്ണി എടുക്കുന്നത് വലിയ പ്രയാസമാണ്.
അതിനാൽ ഭണ്ഡാരത്തിന്റെ ഒരു ഭാഗത്ത് ഇത് വലിയ കൂനകളാക്കി ഇടുകയാണ്.
2023ൽ മകരവിളക്ക് തീർഥാടനം കഴിഞ്ഞ് നട അടച്ചപ്പോൾ നാണയങ്ങൾ 3 മുറികളിലായി കൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഫെബ്രുവരിയിലെ മാസപൂജയ്ക്ക് 300 ജീവനക്കാർ 12 ദിവസം കൊണ്ടാണ് ഇത് എണ്ണിത്തീർത്തത്. കൂനകൂട്ടി ഇടുമ്പോൾ നോട്ടുകൾ പലതും കീറിപ്പോകുന്നു.
കാണിക്കയായി ലഭിക്കുന്ന വെള്ളി, ഒരു ഗ്രാമിൽ താഴെ തൂക്കമുള്ള സ്വർണ രൂപങ്ങൾ എന്നിവയുടെ മൂല്യം കൃത്യമായി കണക്കാക്കാൻ പലപ്പോഴും കഴിയുന്നില്ല. ഇവ പൊതികളാക്കി സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയാണ് പതിവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]