ഇരിട്ടി∙ കെഎസ്ആർടിസി സ്വിഫ്റ്റ് ഇടിച്ചുകയറിയതിനെത്തുടർന്ന് അപകടാവസ്ഥയിലായ ഇരിട്ടി പൈതൃക (പഴയ) പാലത്തിൽ പൂർണമായും ഗതാഗതം നിരോധിച്ചു. കാൽനടയാത്രയും അനുവദിക്കില്ല.
ആരും പാലത്തിൽ പ്രവേശിക്കാത്ത വിധം റിബൺ ഉൾപ്പെടെ വലിച്ചുകെട്ടി നിരോധന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി കാണിച്ചു മരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ ബോർഡും സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം പാലത്തിൽ സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ബസ് പുഴയിലേക്കു പതിച്ച് അപകടത്തിൽപെടാതിരിക്കാൻ കാരണമായതു ഇരുമ്പുചട്ടക്കൂടായിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ജോയിന്റുകൾ വേർപെട്ടതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇതെത്തുടർന്നാണ് സുരക്ഷ മുൻനിർത്തി പാലം അടച്ചിട്ടത്. തകർന്ന ഭാഗം ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിട്ടുണ്ടെന്നും ബലപ്പെടുത്തൽ പൂർത്തിയാക്കിയ ശേഷം പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നും മരാമത്ത് വിഭാഗം അറിയിച്ചു.
അപകടത്തിൽപെട്ട
ബസ് മാറ്റി അന്നുതന്നെ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിരുന്നെങ്കിലും പരിശോധനയിൽ അപകടാവസ്ഥ കണ്ടെത്തിയതോടെയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.ഇതോടെ ഇരിട്ടി ടൗണിൽ നിന്നും തളിപ്പറമ്പ്, ഉളിക്കൽ ഭാഗത്തേക്കുളള വാഹനങ്ങൾ പുതിയ പാലം വഴി തിരിച്ചുവിട്ടു. വൺവേ സംവിധാനം എന്ന നിലയിൽ ഈ ഭാഗത്തേക്കുളള വാഹനങ്ങൾ പൈതൃക പാലം വഴി കടന്നുപോകാൻ തുടങ്ങിയതു ഗതാഗതക്കുരുക്കിനും പരിഹാരമായിരുന്നു.
ഈ പാലം അടച്ചതോടെ പുതിയ പാലത്തിൽ തിരക്കേറി.
പ്രഖ്യാപനത്തിൽ ഒതുങ്ങി പൈതൃക പാലം
ഇരിട്ടി പഴയ പാലം പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി 4 വർഷം മുൻപ് 14.7 ലക്ഷം രൂപയുടെ നവീകരണം നടത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനമോ തുടർനടപടികളോ ഉണ്ടായില്ല. 1933ൽ ബ്രിട്ടിഷുകാർ പണിത ഇരിട്ടി പാലം നിർമാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും ശ്രദ്ധയാകർഷിച്ചതാണ്.
കൂറ്റൻ ഇരുമ്പു പാളികൾ കൊണ്ട് പണിത കവചത്തിനുള്ളിലെന്ന നിലയിലാണ് പാലം. മേൽക്കൂട് ഭാരം താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്.
പൈതൃക പാലം പ്രഖ്യാപനത്തിന്റെ ഭാഗമായി ടൂറിസം പട്ടികയിൽപെടുത്തണമെന്ന ശുപാർശ മരാമത്ത് വകുപ്പ് നേരത്തേ നൽകിയതിലും തുടർനടപടികൾ ഉണ്ടായില്ല.
ടൂറിസം വകുപ്പാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. കാലപ്പഴക്കം അതിജീവിച്ച് കരുത്തോടെ നിലനിൽക്കുന്ന ഈ പാലം ചരിത്രശേഷിപ്പായി നിലനിർത്തണമെന്ന ആവശ്യത്തിൽ ടൂറിസം പ്രാധാന്യവും ഉണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത് കുടകിൽ നിന്നു കേരളവുമായി വ്യാപാര ആവശ്യങ്ങൾക്കായി പണിതതാണ് ഈ പാലം.
കരിങ്കൽ തൂണുകളിൽ കൂറ്റൻ ഉരുക്ക് ബീമുകളും പാളികളും കൊണ്ട് പണിത പാലം ടൂറിസം കാഴ്ചപ്പാടോടെ നവീകരിച്ചാൽ സഞ്ചാരികളെ ആകർഷിക്കുമെന്നതിലും സംശയം ഇല്ല. പഴശ്ശി ജലസംഭരണിക്കു മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത് എന്നതും പ്രാധാന്യം വർധിപ്പിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]