തൃശൂർ ∙ ദേശീയപാതയിൽ അടിപ്പാത നിർമാണത്തെ തുടർന്നുള്ള യാത്രാദുരിതവും സുരക്ഷാപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകൾക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ഇന്നലത്തെ ഉത്തരവിൽ കോടതി ഇത് പരാമർശിച്ചിട്ടുണ്ട്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രൂപീകരിച്ച ഇടക്കാല ഗതാഗത മാനേജ്മെന്റ് കമ്മിറ്റിയുടെ അധ്യക്ഷനായ കലക്ടർ അർജുൻ പാണ്ഡ്യന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നാണ് ഉത്തരവിലുള്ളത്.
ദേശീയപാതയിലെ യഥാർഥ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ സമയാസമയങ്ങളിൽ സമർപ്പിക്കുകയും ദേശീയപാത അതോറിറ്റിക്ക് കൃത്യമായ നിർദേശങ്ങൾ നൽകുകയും ചെയ്ത കമ്മിറ്റിയുടെ പ്രവർത്തനം മികച്ചതാണെന്ന് കോടതി വിലയിരുത്തി. വിഷയത്തിൽ മേൽനോട്ടം വഹിക്കുന്നതിലും നിർദേശങ്ങൾ നൽകുന്നതിലും കലക്ടറുടെ പ്രവർത്തനം പ്രശംസനീയമാണ്.
ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാത നിർമാണം മൂലം യാത്രാസമയം രണ്ടും മൂന്നും ഇരട്ടിയായി വർധിച്ചെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നും അവസാനമായി കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലും കലക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. നിർമാണസ്ഥലങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത്, മുന്നറിയിപ്പ് ബോർഡുകളുടെയും വെളിച്ചത്തിന്റെയും അഭാവം, സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ, തുടരുന്ന ഗതാഗതക്കുരുക്ക് തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു.
ജൂൺ 12നാണ് കലക്ടർ ആദ്യ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്.
ആ റിപ്പോർട്ട് പരിഗണിച്ചാണ് പാലിയേക്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് കലക്ടർ ഇടക്കാല ഗതാഗത മാനേജ്മെൻറ് കമ്മിറ്റി രൂപീകരിക്കുകയും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു.
റൂറൽ എസ്പി ബി.കൃഷ്ണകുമാർ, ആർടിഒ ജി.അനന്തകൃഷ്ണൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ടോൾപിരിവ് വീണ്ടും പഴയപടി
പാലിയേക്കര ∙ ഇന്നലെ വൈകിട്ട് 5.15 മുതൽ ടോൾ ബൂത്തുകളിൽ വാഹനങ്ങൾക്കു മുൻപിൽ ബാരിക്കേഡുകൾ വീണുതുടങ്ങി. സെപ്റ്റംബർ ഒന്നുമുതൽ പുതുക്കിയ നിരക്ക് ദേശീയപാത വിജ്ഞാപനം ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പഴയ നിരക്കാണ് ഇന്നലെ ഈടാക്കിയത്.
72 ദിവസം ടോൾ പിരിവ് നിർത്തിവച്ചപ്പോൾ ലഭിച്ചിരുന്ന ആശ്വാസം നഷ്ടപ്പെട്ടത് യാത്രക്കാരുടെ മുഖത്ത് കാണാമായിരുന്നു.
ടോൾ പിരിവിന് രാവിലെ തന്നെ ഹൈക്കോടതി അനുമതി നൽകിയിരുന്നെങ്കിലും വിധി പകർപ്പ് ലഭിച്ച ശേഷമേ ടോൾ പിരിവ് ആരംഭിക്കൂവെന്ന നിലപാടിലായിരുന്നു പ്ലാസ അധികൃതർ. ടോൾ പിരിവ് ആരംഭിച്ച ആദ്യ മണിക്കൂറിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു.
രണ്ടര മാസത്തോളം പ്രവർത്തിക്കാതിരുന്ന ടോൾ ബാരിക്കേഡുകൾ, വീഴുന്നതിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ശരിയായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]