ബേപ്പൂർ∙ ബീച്ചിൽ മത്സ്യത്തൊഴിലാളികൾ ഫൈബർ വള്ളങ്ങൾ അടുപ്പിക്കുന്ന മറീന ജെട്ടി തകർച്ചയിൽ. പുലിമുട്ട് റോഡിനു സമീപത്തെ ജെട്ടി 15 മീറ്ററോളം നീളത്തിൽ ഇടിഞ്ഞു വീണു.
ഇതിനാൽ വള്ളങ്ങൾ അടുപ്പിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് മത്സ്യത്തൊഴിലാളികൾ. ജെട്ടിയുടെ കോൺക്രീറ്റ് പടികൾ പലതും നശിച്ചു. കടലേറ്റത്തിൽ അടിത്തറ ഉൾപ്പെടെ ഇടിഞ്ഞു വീണ് മറീന ജെട്ടി ഉപയോഗരഹിതമായി.
ജെട്ടി തകർന്നതിനാൽ വള്ളങ്ങളിൽ കയറാനും വല ഇറക്കാനും തൊഴിലാളികൾ ഏറെ പണിപ്പെടണം. നേരത്തേ ബേപ്പൂർ ബീച്ച് വിനോദസഞ്ചാര കേന്ദ്രം നവീകരിച്ച വേളയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ നിർത്തിയിട്ടിരുന്ന സ്ഥലത്ത് ജെട്ടി സൗകര്യം ഒരുക്കിയത്.
പ്രദേശവാസികളുടെ തൊഴിലിനും ഉപജീവന മാർഗത്തിനും സംരക്ഷണം നൽകുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് വിശാല സൗകര്യത്തോടെ ജെട്ടി നിർമിച്ചത്.
ഇവിടെ ഇരുപതോളം തോണികൾ നിർത്തിയിട്ടിരുന്നു. എന്നാൽ കാലക്രമേണ തിരയടിയിൽ തകർന്ന ജെട്ടി പുനർനിർമിക്കാൻ നടപടി നീളുകയാണ്.
അസൗകര്യം കാരണം പുലിമുട്ട് പരിസരവാസികളായ പലരും മറ്റിടങ്ങളിലാണു വള്ളം നിർത്തിയിടുന്നത്. ടൂറിസം വകുപ്പ് നേതൃത്വത്തിൽ ആവിഷ്കരിച്ച ബേപ്പൂർ ബീച്ച് ബിയോണ്ട് പദ്ധതിയിൽ കോടികൾ മുടക്കി വിനോദസഞ്ചാരകേന്ദ്രം നവീകരിച്ചെങ്കിലും മറീന ജെട്ടി പുനർ നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഇതുവരെ പാലിച്ചില്ലെന്നു മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]