ആലപ്പുഴ: മാരാരി ബീച്ചിൽ സർക്കാർ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കിയതോടെ പ്രദേശം മികച്ച ടൂറിസ്റ്റ് കേന്ദ്രമായി മാറിയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ഭവന പദ്ധതിയിലൂടെ 350 വീടുകൾ പൂർത്തിയാക്കിയതായി ചടങ്ങിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ആദ്യമായി കൺവെയർ ബെൽറ്റ് സ്ഥാപിച്ച പഞ്ചായത്താണിത്.
18-നും 40-നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. 1.50 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ പഞ്ചായത്ത് ഓഡിറ്റോറിയം, എസ് എൽ പുരം സദാനന്ദൻ സ്മാരക പാർക്ക്, ഓപ്പൺ ജിം, എല്ലാ എൽപി സ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റിയത് എന്നിവയും പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങളാണ്. ആരോഗ്യരംഗത്തെ മികവിന് 2021, 2022, 2023 വർഷങ്ങളിൽ ആർദ്ര കേരളം പുരസ്കാരം പഞ്ചായത്ത് കരസ്ഥമാക്കി.
ഹോമിയോ ആശുപത്രിക്ക് ലഭിച്ച എൻഎബിഎച്ച് അംഗീകാരവും കായകല്പ അവാർഡിൽ ജില്ലയിൽ നേടിയ രണ്ടാം സ്ഥാനവും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ തണ്ണീർമുക്കം പഞ്ചായത്ത് സെക്രട്ടറി അനിൽകുമാറും പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് സെക്രട്ടറി ഷെയ്ക് ബിജുവും അവതരിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി ഷിബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വികസന സദസ്സിനോടനുബന്ധിച്ച് ഫോട്ടോ പ്രദർശനവും വിജ്ഞാന കേരളം തൊഴിൽമേളയും സംഘടിപ്പിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]