ചേപ്പാട് ∙ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ പൗരാണികമായ കൽക്കുരിശ് പൊളിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ചേപ്പാട് വലിയ പള്ളി കക്ഷിയായ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ദേശീയപാത വികസനത്തിന്റെ പേരിൽ റവന്യൂ, പൊലീസ് അധികാരികൾ പള്ളിയുടെ കൽക്കുരിശ് തകർക്കുകയും അക്രമം കാട്ടുകയും ചെയ്തത് മതനിരപേക്ഷ കേരളത്തിന്റെ ഹൃദയത്തിലേറ്റ മുറിവാണെന്ന് മലങ്കരസഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
സഭ ഒരുകാലത്തും വികസനത്തിന് എതിരല്ല.
എന്നാൽ, സാവകാശം നൽകാതെ മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയ്തതെന്നും കൽക്കുരിശ് പൊളിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും മാർ ദിയസ്കോറസ് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഹരിപ്പാട് സെന്റ് തോമസ് ഓർത്തഡോക്സ് മിഷൻ സെന്ററിന്റെയും പശ്ചിമ മേഖല സുവിശേഷ സംഘത്തിന്റെയും യോഗം പ്രതിഷേധിച്ചു. മിഷൻ സെന്റർ വൈസ് പ്രസിഡന്റ് ഫാ.സി.എ.ഐസക്ക്, സുവിശേഷ സംഘം മേഖലാ പ്രസിഡന്റ് ഫാ.
കെ.പി.വർഗീസ്, സുവിശേഷ സംഘം സെക്രട്ടറി എസ്.തങ്കച്ചൻ കൊല്ലമല, മിഷൻ സെന്റർ സെക്രട്ടറി റോബിൻ ചാക്കോ, ജെ.കുഞ്ഞുമോൻ, ജോർജ് ഇടിക്കുള എന്നിവർ പ്രസംഗിച്ചു.വികസനത്തിന്റെ മറവിൽ അതിക്രമം കാട്ടി തകർത്തെറിഞ്ഞത് ഒരു നാടിന്റെ പ്രതീകമാണെന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസന കമ്മിറ്റി വ്യക്തമാക്കി.
കുരിശടി തകർത്ത സംഭവത്തിൽ കെപിസിസി സെക്രട്ടറി സുനിൽ പി.ഉമ്മൻ, കേരള കോൺഗ്രസ് (എം) നേതാവ് ജെന്നിങ്സ് ജേക്കബ്, കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ എന്നിവരും പള്ളിപ്പാട് സിവൈഎം സംഘടനയും പ്രതിഷേധിച്ചു. കുരിശടിയും ചുറ്റുമതിലും പൊളിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആരോപിച്ചു.
പള്ളിയുടെ കുരിശടി മുന്നറിയിപ്പോ, ചർച്ചകളോ കൂടാതെ വിശ്വാസികളുടെയും നാട്ടുകാരുടെയും പ്രകോപനം ഉണ്ടാക്കത്തക്ക രീതിയിൽ പൊളിച്ചുമാറ്റിയതിൽ ഡോ.
മാത്യൂസ് മാർ തിമോത്തിയോസ് പ്രതിഷേധിച്ചു. മലങ്കര സഭ ഒരിക്കലും വികസനത്തിനോ നിയമത്തിനോ എതിരല്ല.
എന്നാൽ നൂറ്റാണ്ടുകളായി വിശ്വാസികൾ പ്രാർഥിക്കുന്ന ഇടം ഒരു സമുദായത്തെ അവഗണിക്കുന്ന തരത്തിൽ പൊളിച്ചുമാറ്റുന്നതിന് ഉത്തരവാദിത്തപ്പെട്ടവർ കൂട്ടു നിൽക്കുമ്പോൾ അത് കൈയുംകെട്ടി നോക്കി നിൽക്കാനാകില്ല. ഇത് മനഃപൂർവം പ്രകോപനം ഉണ്ടാക്കാനാണ്. മതനിരപേക്ഷത പുലർത്തുന്ന ഒരു രാജ്യത്തിൽ ഇത്തരം നിലപാടുകൾ ആർക്കും ഭൂഷണമല്ലന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
പിഎംഡിയുപി സ്കൂളിനും കേടുപാടുകൾ
കായംകുളം∙ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചേപ്പാട് പിഎംഡിയുപി സ്കൂൾ ഓഫിസും അതിലെ അലമാരകളും മറ്റ് ഉപകരണങ്ങളും തകർത്തത് സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
റോഡ് വികസനത്തിന്റെ പേരിലാണ് മതിലും കൽക്കുരിശും പൊളിച്ചതിനിടെയാണ് സ്കൂളിനും കേടുപാടുകൾ വരുത്തിയതെന്ന് പള്ളി ഭാരവാഹികൾ ആരോപിച്ചു. 107 വർഷം പഴക്കമുള്ള സ്കൂളാണിത്.
ആർഡിഒയുടെ നിർദേശപ്രകാരം കായംകുളം ഡിവൈഎസ്പിയും പൊലീസ് അധികാരികളും നോക്കിനിൽക്കെയാണ് മണ്ണുമാന്തി യന്ത്രം സ്കൂളിനു കേടുപാടുകൾ വരുത്തിയത്. കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളം പമ്പ് ചെയ്യുന്ന മോട്ടറിന്റെ കണക്ഷൻ ഉൾപ്പെടെ ഓഫിസിലെ മെയിൻ കണക്ഷനിൽ നിന്നാണ് കൊടുത്തിരുന്നത്.
ഓഫിസ് തല്ലി തകർത്തതു മൂലം വൈദ്യുതി മീറ്റർ ഉൾപ്പെടെ ഇളകിപ്പോയി. കുട്ടികൾക്ക് ഇന്നലെ ഉച്ചഭക്ഷണം തയാറാക്കാനോ കുടിവെള്ളം എടുക്കാനോ സാധിക്കാത്തതിനാൽ സ്കൂളിന് ഇന്നലെ അവധി നൽകേണ്ടി വന്നു. സ്കൂളിന്റെ പ്രധാന വാതിലിലെ മതിലിന്റെ ഭാഗങ്ങൾ പൊളിഞ്ഞ് കിടക്കുന്നതിനാൽ കുട്ടികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാനും സാധിച്ചില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സ്കൂൾ കമ്മിറ്റി സെക്രട്ടറി ജേക്കബ് തറയിൽ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]