ബെംഗളൂരു: ബെംഗളൂരുവിൽ ബി.ഫാം വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിഗ്നേഷിനെയാണ് ശ്രീറാംപുര പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട യാമിനി പ്രിയയെ വിഗ്നേഷ് നിരന്തരം ശല്യപ്പെടുത്തുന്നതായി കാട്ടി ആറുമാസം മുൻപ് മാതാപിതാക്കൾ നൽകിയ പരാതി പോലീസ് അവഗണിച്ചെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.
ബെംഗളൂരു മന്ത്രി മാളിന് സമീപമുള്ള റെയിൽവേ ട്രാക്കിനടുത്തുവെച്ചാണ് യാമിനി പ്രിയയെ വിഗ്നേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പരീക്ഷയെഴുതുന്നതിനായി ഇന്നലെ രാവിലെ ഏഴ് മണിക്കാണ് യാമിനി പ്രിയ വീട്ടിൽ നിന്നിറങ്ങിയത്.
പരീക്ഷ കഴിഞ്ഞ് മടങ്ങവേ, ബൈക്കിൽ പിന്തുടർന്നെത്തിയ വിഗ്നേഷ് യാമിനിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം കണ്ണിൽ മുളകുപൊടി വിതറി, കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യാമിനിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ശ്രീറാംപുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
അരുംകൊലയ്ക്ക് ശേഷം ഒളിവിൽ പോയ വിഗ്നേഷിനെ സോളദേനഹള്ളിയിൽ നിന്നാണ് ശ്രീറാംപുര പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
യാമിനിയുടെ വീടിന് സമീപത്താണ് വിഗ്നേഷും താമസിച്ചിരുന്നത്. വിഗ്നേഷ് വിവാഹാഭ്യർത്ഥന നടത്തി മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി മാതാപിതാക്കൾ വെളിപ്പെടുത്തി.
ഇത് ചൂണ്ടിക്കാട്ടി ഏപ്രിൽ മാസത്തിൽ ശ്രീറാംപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസ്, ശല്യം ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങി വിട്ടയക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം യാമിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

