ബേപ്പൂർ∙ തറയോടുകൾ തകർന്നും അഴുക്കുവെള്ളം വ്യാപിച്ചും മത്സ്യബന്ധന ഹാർബറിലെ ലേലപ്പുര വൃത്തിഹീനം. കയറ്റുമതി മത്സ്യങ്ങൾ ലേലം ചെയ്യുന്ന പുതിയ വാർഫിലെ ലേലപ്പുരയാണ് ശോച്യാവസ്ഥയിലുള്ളത്.
ലേല ഹാളിന്റെ നിലത്തു പാകിയ തറയോടുകൾ അടർന്നു കുഴികൾ രൂപപ്പെട്ടു. ദിവസം തോറും കൂടുതൽ തറയോടുകൾ ഇളകി വേർപ്പെടുകയാണ്. ബോട്ടുകളിൽ നിന്നെത്തിക്കുന്ന മീൻ കഴുകുന്നതും മറ്റുമായ വെള്ളം നദിയിൽ എത്തിക്കാൻ ലേല ഹാളിനോടു ചേർന്നു ഓട
നിർമിച്ചിട്ടുണ്ടെങ്കിലും കൃത്യമായി ഒഴുകിപ്പോകുന്നില്ല. കൃത്യമായി ശുചീകരണം നടത്താത്ത ഓടയിൽ മലിനവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധം രൂക്ഷമാണ്.
മത്സ്യം പിടിക്കുന്നതു മുതൽ വിപണനം വരെ ശുചിത്വം പാലിക്കണമെന്നു സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ) നിർദേശിക്കുന്നുണ്ടെങ്കിലും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി. ഹാർബറിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് യൂറോപ്യൻ മാനദണ്ഡം പാലിച്ചായിരുന്നു ലേലപ്പുര നിർമിച്ചത്. 80 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമുള്ള ലേല ഹാൾ ഏറെ സൗകര്യപ്രദമാണെങ്കിലും കാലാനുസൃതമായി കെട്ടിടം നവീകരിക്കാൻ നടപടി നീളുകയാണ്.
ലേലപ്പുരയുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നും അല്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തുമെന്നും സൂചിപ്പിച്ച് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് അധികൃതർക്ക് നിവേദനം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]