വടകരപ്പതി ∙ ആഴ്ചകൾക്കു മുൻപ് ആരംഭിച്ച മത്സ്യസംസ്കരണ കമ്പനിയിൽ നിന്നു ദുർഗന്ധം അസഹനീയമെന്നു നാട്ടുകാർ. കമ്പനി അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രത്യേക ഗ്രാമസഭയിൽ ആവശ്യം.
പഞ്ചായത്തിലെ ഒഴലപ്പതി ആട്ടയാംപതിയിൽ ഒരുമാസം മുൻപാണ് മത്സ്യ സംസ്കരണ കമ്പനി ആരംഭിച്ചത്. എന്നാൽ കമ്പനി പ്രവർത്തിച്ചു തുടങ്ങിയതു മുതൽ തന്നെ 2 കിലോമീറ്റർ ചുറ്റളവിനുള്ളിൽ അസഹനീയമായ ദുർഗന്ധം വമിച്ചിരുന്നു.
പ്രശ്നം കമ്പനി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർത്തത്. സ്കൂൾ, അങ്കണവാടി, ആരാധനാലയങ്ങൾ എന്നിവയ്ക്കു പുറമേ ഒട്ടേറെ വീടുകളും കൃഷിയിടങ്ങളുമുണ്ട് പ്രദേശത്ത്.
കമ്പനിക്ക് അനുമതി നൽകിയ പഞ്ചായത്തിന്റെ നടപടി തെറ്റാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. കമ്പനി പ്രവർത്തിച്ചു തുടങ്ങിയാൽ വീടുകളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്.
കുട്ടികളും പ്രായമായവരും ഛർദിയും തലവേദനയും കാരണം ചികിത്സ തേടേണ്ട സ്ഥിതിയാണെന്നും പരാതി ഉയർന്നു.
കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നു ഢർദിച്ച കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്നലെ രാവിലെയാണ് പഞ്ചായത്തിലെ ആറാം വാർഡായ ആട്ടയാംപതിയിൽ ഗ്രാമസഭ വിളിച്ചുചേർത്തത്. റെഡ് കാറ്റഗറിയിൽപെട്ട
കമ്പനി കാർഷിക മേഖലയായ വടകരപ്പതിയിൽ പ്രവർത്തിക്കാൻ അനുമതി കൊടുത്തത് പഞ്ചായത്ത് അധികൃതരുടെ വീഴ്ചയാണെന്നു ജനങ്ങൾ കുറ്റപ്പെടുത്തി.
കമ്പനി തുടങ്ങുന്നതിനു മുൻപ് പ്രവർത്തനങ്ങളെ സംബന്ധിച്ചോ അതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചോ പ്രദേശവാസികളെ അറിയിക്കാതിരുന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടി. കൂടാതെ കമ്പനി വന്നത് വാർഡ് മെംബറുടെ കൃത്യമായ അറിവോടെയാണെന്ന ആരോപണവും ഉയർന്നു.
എന്നാൽ കമ്പനിയെ സംബന്ധിച്ച് ഒന്നും അറിയില്ലെന്നും എല്ലാവരും പറഞ്ഞപ്പോൾ അതിൽ ഒപ്പിട്ടു എന്നേയുള്ളൂവെന്നും മെംബർ എം.വളർകലാവതി പറഞ്ഞത് ജനങ്ങളെ രോഷാകുലരാക്കി. റെഡ് കാറ്റഗറിയിൽ ഉൾപ്പെട്ട കമ്പനിയായിരുന്നിട്ടും പഞ്ചായത്തിലെ ജനതാദൾ, സിപിഎം, കോൺഗ്രസ് അംഗങ്ങൾ അനുകൂലിച്ചതോടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണ് ലൈസൻസ് അനുവദിച്ചത്.
ആർബിസിയുടെ 4 അംഗങ്ങൾ മാത്രമാണ് കമ്പനിക്കു ലൈസൻസ് അനുവദിക്കുന്നതിനെ എതിർത്തതെന്നും യോഗത്തിൽ അധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റ് ഡി.ജോസ്സി ബ്രിട്ടോ പറഞ്ഞു.
എന്നാൽ കമ്പനി ആരംഭിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് മറ്റുള്ള അംഗങ്ങളെക്കൂടി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ബോധ്യപ്പെടുത്തേണ്ടതായിരുന്നു എന്ന വിമർശനവും ഉയർന്നു. ജനങ്ങൾക്കു ദുരിതം വിതയ്ക്കുന്ന കമ്പനി അടച്ചുപൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഗ്രാമസഭ ഏകകണ്ഠമായി തീരുമാനിച്ചു.
1040 വോട്ടർമാരുള്ള വാർഡിൽ നാനൂറിലധികം പേരാണ് ഇന്നലെ പ്രത്യേക ഗ്രാമസഭയിൽ പങ്കെടുത്തത്. പഞ്ചായത്ത് സെക്രട്ടറി എ.മേരി ബിബിയാന, പഞ്ചായത്തംഗങ്ങളായ കെ.ചിന്നസ്വാമി, ആർ.ശശികുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]