യുക്രെയ്നെതിരായ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണ്!
നേരത്തേ ഈ ആരോപണം ഇന്ത്യയ്ക്കുമേൽ ചാർത്തുകയും റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 50 ശതമാനം ‘ഇടിത്തീരുവ’ പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്ക മലക്കംമറിയുന്നു.
റഷ്യയുടെ 60 ശതമാനം എണ്ണയും വാങ്ങുന്നത് ചൈനയാണെന്ന് പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ്, പുട്ടിന്റെ യുദ്ധ മെഷീനിന് ഇന്ധനം പകരുകയാണ് ചൈനയെന്നും ആരോപിച്ചു. അമേരിക്കയുടെ ഉപരോധമുള്ള ഇറാന്റെ 90% എണ്ണ വാങ്ങുന്നതും ചൈനയാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ റഷ്യൻ എണ്ണ ഇറക്കുമതിയുടേ പേരിൽ ഇന്ത്യയ്ക്കെതിരെ മാത്രം യുഎസ് കടുത്ത നിലപാട് എടുത്തതിനെതിരെ പലകോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു.
ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്കുമേൽ ട്രംപ് നടപടിയൊന്നും എടുത്തിരുന്നില്ല. ഇതേക്കുറിച്ച് മാധ്യമങ്ങളും ചോദിച്ചപ്പോൾ റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ, റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയത് ഇന്ത്യയാണെന്നും ആ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ ലാഭം നേടുകയാണെന്നുമായിരുന്നു അമേരിക്കയുടെ വാദം.
ചൈന റെയർ എർത്ത് കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നതിന് തിരിച്ചടിയായി, ചൈനയ്ക്കുമേൽ ട്രംപ് കഴിഞ്ഞദിവസം 100% അധിക ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയായി ചൈനയ്ക്കുമേൽ 500% തീരുവ പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ബെസ്സന്റ് പറഞ്ഞു. ചൈനയ്ക്കുമേലുള്ള തീരുവ 500% ആയി ഉയർത്താൻ 85 യുഎസ് സെനറ്റർമാർ അനുകൂലിച്ചിട്ടുണ്ട്. ഇതിനായി പ്രസിഡന്റ് ട്രംപിനെ ചുമതലപ്പെടുത്താനും അവർ ഒരുക്കമാണെന്ന് െബസ്സന്റ് വ്യക്തമാക്കി.
യുഎസും ചൈനയും തമ്മിൽ ഒരിടവേളയ്ക്കുശേഷം ആരംഭിച്ച വ്യാപാരയുദ്ധം വീണ്ടും കലുഷിതമാകുന്നതായാണ് പുതിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
റെയർ എർത്ത് കയറ്റുമതി നിയന്ത്രണവുമായി ചൈന മുന്നോട്ടുപോയാൽ യുഎസ് കടുത്തരീതിയിൽ തിരിച്ചടിക്കുമെന്നും ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, റെയർ എർത്ത് കയറ്റുമതി നിയന്ത്രിക്കാനുള്ള തീരുമാനം ചൈന ഉപേക്ഷിച്ചാൽ അധികത്തീരുവ ചുമത്തിയ നടപടിയിൽ നിന്ന് യുഎസ് പിന്മാറുമെന്ന സൂചനയും ബെസ്സന്റ് നൽകിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]