കാസർകോട് ∙ കെഎസ്ആർടിസിക്കു കർണാടകയിലെ പ്ലാന്റിൽ നിന്നുള്ള ഡീസൽ വിതരണം മുടങ്ങി. കെഎസ്ആർടിസി കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ ഡിപ്പോകളിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മംഗളൂരു ഡീസൽ പ്ലാന്റിൽ നിന്നാണ് ഡീസൽ കൊണ്ടു വരുന്നത്.
കേരളത്തിലെ വിലയിൽ ലീറ്ററിന് അഞ്ചര രൂപ കർണാടകയിലെ പമ്പിൽ കുറവാണ്. കേരള– കർണാടക നികുതി സംബന്ധമായ പ്രശ്നമാണ് അവിടെ നിന്നുള്ള വിതരണം മുടങ്ങിയതെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു.
കാസർകോട് ഡിപ്പോയിൽ ദിവസം 6000 ലീറ്ററും കാഞ്ഞങ്ങാട് 4,000 ലീറ്ററും ആണ് ഉപയോഗം.
ചൊവ്വാഴ്ച വൈകിട്ട് ആണ് കാസർകോട് ഡിപ്പോയിൽ സ്റ്റോക്ക് തീർന്നത്. 20 ബസുകളിൽ പിന്നീട് കാസർകോട് സ്വകാര്യ പമ്പിൽ നിന്നു ഡീസൽ നിറയ്ക്കുകയായിരുന്നു. കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയിൽ ഇന്നലെ രാവിലെ 1600 ലീറ്റർ ഡീസൽ സ്റ്റോക്ക് ഉണ്ടായിരുന്നു. രണ്ടു ഡിപ്പോകളുടെ പരിധിയിലും സർവീസ് മുടക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നുവെങ്കിലും ചില റൂട്ടുകളിൽ സർവീസ് മുടങ്ങിയിരുന്നു.
കാസർകോട് ഡിപ്പോയിൽ നിന്ന് ഉച്ചക്കഴിഞ്ഞു രണ്ടിനു പുറപ്പെടേണ്ടിയിരുന്ന നർക്കിലക്കാട് – ചെറുപുഴ സർവീസ് ഓടിയില്ല. വൈകിട്ട് 4.30ന് ചെറുപുഴ എത്തുന്ന ബസ് അഞ്ചിന് പെരിയങ്ങാനം വഴി കാസർകോടേക്ക് മടങ്ങേണ്ടതായിരുന്നു. വിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ സഹായമായ ബസ് ഡീസൽ ഇല്ലാത്തതു കാരണം ഉണ്ടാവില്ലെന്ന് ജീവനക്കാർ തന്നെ അറിയിച്ചതിനാൽ ഇതിനു വേണ്ടി യാത്രക്കാരുടെ കാത്തിരിപ്പ് ഒഴിവായി. കർണാടകയിൽ സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസുകളിൽ കർണാടകയിലെ പമ്പിൽ നിന്നുള്ള ഡീസൽ നിറയ്ക്കുന്നതിന് തടസ്സമില്ല.
മംഗളൂരുവിലെ ഐഒസി പ്ലാന്റിൽ നിന്ന് ഡീസൽ വിതരണം നിലച്ചതു കാരണം മറ്റു കെഎസ്ആർടിസി ഡിപ്പോകളിൽ വിതരണം ചെയ്യുന്ന ഐഒസിയുടെ കോഴിക്കോട് പ്ലാന്റിൽ നിന്ന് ഡീസൽ എത്തിക്കുന്നതിനു നടപടിയായതായി അധികൃതർ പറഞ്ഞു.
അതുവരെ റീ– ചാർജ് കൂപ്പൺ വഴി സ്വകാര്യ പമ്പുകളിൽ നിന്ന് ബസുകളിൽ നേരിട്ട് ഇന്ധനം നിറയ്ക്കും. ഇന്നലെ വൈകിട്ട് ഏതാനും ബസുകളിൽ കാസർകോട് സ്വകാര്യ പമ്പിൽ നിന്നു ഡീസൽ നിറച്ചു. കെഎസ്ആർടിസി കാസർകോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലായി നൂറ്റൻപതിലേറെ ബസ് ഉണ്ട്. കർണാടകയിൽ നിന്ന് നികുതി വെട്ടിച്ചു ഇന്ധനം കടത്തുന്നത് കേരളത്തിനു നികുതിയിനത്തിൽ നഷ്ടമുണ്ടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]