കൊല്ലം ∙ അഞ്ചോ പത്തോ വർഷം മുൻപുള്ള കൊല്ലം ബീച്ചല്ല ഇപ്പോഴത്തെ കൊല്ലം ബീച്ച്. കൂടുതൽ അപകടകാരിയും കുറഞ്ഞ മണൽപരപ്പുമാണ് നിലവിലെ കൊല്ലം ബീച്ചിന്റെ പ്രത്യേകത.
ഓരോ ദിവസം പിന്നിടുമ്പോഴും ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാവുകയാണ് ഇവിടം. വെള്ള മണൽ നിറഞ്ഞ കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളിലൊന്നായ കൊല്ലം ബീച്ചിനെ കടൽ പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ആഞ്ഞടിക്കുന്ന തിരമാലകൾ തീരത്തെ മണൽ കുത്തിയൊലിപ്പിച്ചു കൊണ്ടുപോകുന്നതു മൂലം കടലിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ആഴം അപകടകരമായ നിലയിൽ കൂടിയിട്ടുണ്ട്.
അപകടം നിയന്ത്രിക്കാനായി കെട്ടിയ വടം ഓരോ തവണയും റോഡിലേക്ക് കൂടുതൽ അടുക്കുകയാണ്. 10 വർഷം മുൻപ് കൊല്ലം ബീച്ചിൽ ആളുകൾക്കു വിശ്രമിക്കാൻ ഉണ്ടായിരുന്ന സ്ഥലം ഇപ്പോൾ പകുതിയോളമായി മാറിയിട്ടുണ്ട്.
ഓരോ വർഷവും 20 മീറ്ററിലേറെ എന്ന തോതിലാണ് തീരം കടലെടുത്തു പോകുന്നത്. ബീച്ചിലെ ഓപ്പൺ സ്റ്റേജിന്റെയും പാർക്കിങ് ഗ്രൗണ്ടിന്റെയും ഭാഗത്ത് വടം കെട്ടിയതിനപ്പുറം വെറും 6 മീറ്ററോളം മാത്രമാണ് നിലവിൽ ബീച്ചുള്ളത്.
ബീച്ചിന്റെ തെക്കുഭാഗം ഇല്ലാതാകുന്നു
ജില്ലയിലെ ഏറ്റവും തിരക്കുള്ളതും ദൈർഘ്യമേറിയതുമായ ബീച്ചാണ് കൊല്ലം ബീച്ച്.
വടക്കു ഭാഗത്തു ഗലീലിയോ കടപ്പുറം മുതൽ തെക്കു വെടിക്കുന്നു നേതാജി നഗർ വരെ 2 കിലോമീറ്റർ നീളത്തിൽ 150 മീറ്റർ വീതിയിൽ ബീച്ച് കിടക്കുന്നത്. ഇതിൽ ബീച്ചിന്റെ തെക്കുഭാഗമായ വെടിക്കുന്ന് ഭാഗമാണ് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
വടക്കുഭാഗത്തെ അപേക്ഷിച്ചു തെക്കുഭാഗത്ത് കടൽ മെലിഞ്ഞില്ലാതായിട്ടുണ്ട്. 2 കിലോമീറ്റർ നീളമുള്ള ബീച്ചിന് 150 മീറ്റർ വീതി ഇപ്പോഴില്ല.
അപകടം എന്നും തൊട്ടരികിൽ
കേരളത്തിന്റെ ഇക്കോ ടൂറിസം ഭൂപടത്തിൽ ഏറ്റവും അപകടകരമായ ബീച്ച് എന്നാണ് കൊല്ലം ബീച്ചിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ബീച്ചിലേക്കുള്ള പ്രവേശന ഭാഗത്തെ ഒരു മുന്നറിയിപ്പ് ബോർഡിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് ‘കഴിഞ്ഞ 10 വർഷത്തിനകം ഇവിടെ ജീവൻ നഷ്ടപ്പെട്ടവർ: 51’.
എന്നാൽ ഈ ബോർഡ് വന്നതിന് ശേഷം മരിച്ചവരുടെ എണ്ണം കൂടിയെടുത്താൽ ഈ സംഖ്യ 100 കവിയും. ആയിരക്കണക്കിന് പേരാണ് ഇതുവരെ ഈ ബീച്ചിൽ അപകടത്തിൽ പെട്ടിരിക്കുന്നത്.
തീരം പെട്ടെന്നു ഇടിഞ്ഞ് ഇല്ലാതാകുന്ന പ്രതിഭാസമാണു കൊല്ലം ബീച്ചിൽ കണ്ടുവരുന്നത്. ഡീപ് ബീച്ച് ഗണത്തിൽപ്പെടുന്ന ഇവിടെ തീരത്തു നിന്ന് 2 മീറ്റർ ഉള്ളിലേക്ക് നീങ്ങിയാൽ കടലിന്റെ ശരാശരി ആഴം 3 മീറ്ററിലേറെയാണ്. കടൽ തുടങ്ങുന്ന സ്ഥലത്തു തന്നെ ഒന്നര മീറ്റർ ആഴമുണ്ട്.
സാധാരണ ശാന്തമായ ബീച്ചുകളിൽ വലിയ തിരമാലകൾ തീരത്ത് നിന്ന് അകലെ ഇത്തരം കുഴികളിൽ വീണു ശക്തി കുറഞ്ഞാണ് തീരത്തേക്ക് അടിക്കുന്നത്. എന്നാൽ ഡീപ് ബീച്ചുകളിൽ ഇവ തീരത്തോട് ചേർന്നു കാണുന്നതിനാൽ കൊലയാളി തിരമാലകൾ തീരത്തേക്ക് വളരെ വേഗം എത്തും.
ബീച്ചിലെത്തുന്ന സന്ദർശകർ ഇവിടെ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ കടലിലേക്ക് ഇറങ്ങുന്നതാണ് മുങ്ങി മരണത്തിനു കാരണമാകുന്നത്. തിരകൾ മണ്ണു വലിച്ചു കൊണ്ടുപോയി രൂപപ്പെടുന്ന കുഴികളിൽ അകപ്പെട്ടാണു കൂടുതൽ പേരും ഇവിടെ മരിച്ചത്.
വടം കെട്ടി എത്ര നാൾ?
അപകടം പതിയിരിക്കുന്നതിനാൽ ബീച്ചിലെത്തുന്നവർക്ക് മുന്നറിയിപ്പ് നൽകാനായി നിയന്ത്രണരേഖ പോലെ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ വടം കെട്ടിവച്ചിരിക്കുകയാണ്. വടത്തിന് അപ്പുറത്തേക്കു സന്ദർശകർ കടലിലേക്ക് ഇറങ്ങുന്നതു വിലക്കിയിരിക്കുകയാണെങ്കിലും ഈ വിലക്ക് ലംഘിക്കുന്നവരാണ് കൂടുതൽ.
ബീച്ചിന് സമീപത്തെ ബിഷപ് ജെറോം തീരദേശ റോഡ് വികസിച്ചതോടെ കൊല്ലം ബീച്ച് വലുതായി. അതോടെ നിരീക്ഷണ മേഖലയും കഴിഞ്ഞുള്ള മേഖലയും ബീച്ചിന്റെ ഭാഗമായി മാറി.
ഈ റോഡിൽ വാഹനങ്ങൾ നിർത്തി കടൽത്തീരത്തേക്കു വിനോദസഞ്ചാരികൾ ഇറങ്ങിത്തുടങ്ങി. നിരീക്ഷണ സംവിധാനങ്ങളുടെ കൺവെട്ടങ്ങളിൽ ഈ സ്ഥലമില്ലെന്ന് മാത്രമല്ല ഈ ഭാഗത്തേക്കു വടവുമില്ല.
വാട്ടർ തീം പാർക്കുകളെ പോലെ കൊല്ലം ബീച്ചിനെ കണ്ടു വെള്ളത്തിൽ ഇറങ്ങാനെത്തുന്നവരെ എങ്ങനെ ഈ വടം കൊണ്ടും ബോധവൽക്കരണം കൊണ്ടും എങ്ങനെ തടയാനാവും എന്നതാണ് ചോദ്യം. ഈ സുരക്ഷ നൽകേണ്ട ബീച്ചിലെ ലൈഫ് ഗാർഡുമാരുടെ സാഹചര്യം എന്താണ്? അവർക്ക് ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടോ? ബീച്ചിലെ സുരക്ഷയ്ക്കുള്ള ലൈഫ് ഗാർഡുമാർ സുരക്ഷിതരാണോ? നാളത്തെ മനോരമയിൽ വായിക്കാം.
കാരണം എന്ത്?
കൊല്ലം ബീച്ചിന്റെ ഗുരുതരമായ സാഹചര്യത്തിന് കാരണമെന്ത് എന്ന ചോദ്യത്തിന് പല അഭിപ്രായങ്ങളുമുണ്ട്. തീരത്തേക്കുള്ള തിരയുടെ സ്വാഭാവിക വരവ് തടസ്സപ്പെടുമ്പോൾ കടൽ മറ്റൊരു ഭാഗത്തേക്ക് ശക്തമായി അടിച്ചു കയറും. സമാനമായി കൊല്ലം ബീച്ചിന് സമീപത്തെ കടൽഭാഗങ്ങളിലുണ്ടായ നിർമാണങ്ങളാണ് പ്രധാനമായും കൊല്ലം ബീച്ചിന്റെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
കൊല്ലം തുറമുഖവും തങ്കശ്ശേരി ബ്രേക്ക് വാട്ടർ പദ്ധതിയും അതിൽ നിർണായക പങ്ക് വഹിച്ചുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തുറമുഖം വരുന്നതിന് മുൻപ് മൺസൂൺ കാലങ്ങളിൽ കടലിലെ അതിശക്തമായ കാറ്റിലും കടലാക്രമണത്തിലും ഉണ്ടായിരുന്ന അത്രത്തോളം അപകടങ്ങൾ തുറമുഖം വന്ന ശേഷം തീരദേശ ഭാഗത്ത് ഇല്ലെന്ന് വിദഗ്ധർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]