കുറവിലങ്ങാട് ∙ എംസി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ രാത്രി വെളിച്ചം എത്താൻ ഇനിയും വൈകും. തകരാറിലായ സോളർ വിളക്കുകൾ മാറ്റി പകരം എൽഇഡി വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. കുറവിലങ്ങാട് ടൗൺ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ പഞ്ചായത്തുകൾ സ്ഥാപിച്ച തെരുവുവിളക്കുകൾ ആണ് ഇപ്പോൾ ഏക ആശ്രയം.
സോളർ വിളക്കുകൾ പൂർണമായി തകരാറിലാണ്. റോഡ് നവീകരിച്ച കെഎസ്ടിപിയാണ് എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നതിനും പദ്ധതി തയാറാക്കിയത്.
വിളക്കുകൾ കെഎസ്ഇബി സ്ഥാപിക്കണമെന്നും അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ അടയ്ക്കുകയും തുടർപരിപാലനം നടത്തുകയും വേണമെന്നുമാണ് ലക്ഷ്യമിട്ടത്. എന്നാൽ റോഡ് കടന്നുപോകുന്ന ഭാഗത്തെ തദ്ദേശ സ്ഥാപനങ്ങൾ സഹകരിച്ചില്ല.
ഇതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. എന്നാൽ കുറവിലങ്ങാട് പഞ്ചായത്ത് പൊതു മരാമത്ത് വകുപ്പിന്റെ അനുമതിയോടെ സോളർ വിളക്ക് കാലുകൾ ഉപയോഗിച്ചു ഈയിടെ പുതിയ തെരുവുവിളക്കുകൾ സ്ഥാപിച്ചു. എംസി റോഡ് നവീകരണ സമയത്തു ഒരു വിളക്കിനു ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് 269 എണ്ണം സ്ഥാപിച്ചത്.
ഇപ്പോൾ ഒരെണ്ണം പോലും തെളിയുന്നില്ല.
ഏറ്റുമാനൂർ മുതൽ മൂവാറ്റുപുഴ വരെ സൗരോർജ വിളക്കിനായി മുടക്കിയത് 5 കോടിയിലധികം രൂപ. നിലവിൽ ചില സ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ ഉണ്ട്. സൗരോർജ പാനലുകളും ബാറ്ററികളും പൂർണമായി മോഷണം പോയി. പൊലീസ് അന്വേഷണം പോലും നടന്നില്ല.
ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി വാഹനത്തിൽ കയറി നിന്നു മാത്രമേ ഇളക്കിയെടുക്കാൻ സാധിക്കൂ. തിരക്കേറിയ റോഡിൽ മോഷണം നടന്നിട്ടും നടപടി എടുത്തില്ല.
ഇപ്പോൾ തുരുമ്പിച്ച വിളക്കിന്റെ അവശിഷ്ടം യാത്രക്കാരുടെ തലയിൽ വീഴുന്ന അവസ്ഥയാണ്.
സോളർ വിളക്കിന് പറ്റിയ തകരാർ എന്തെന്നും അവ എങ്ങനെ പരിഹരിക്കണമെന്നും അറിയാൻ മൂന്നുവർഷം മുൻപ് സർവേ നടത്തിയിരുന്നു. ലിഥിയം അയൺ ബാറ്ററികൾ സ്ഥാപിച്ചു വിളക്കുകൾ പുനഃസ്ഥാപിക്കാൻ നീക്കം നടന്നു. പക്ഷേ നടപ്പായില്ല.
തുടർന്നാണ് എൽഇഡിയിലേക്ക് തിരിഞ്ഞത്. ഇവയുടെ കാര്യത്തിലും സർവേ നടത്തി.പക്ഷേ ഇപ്പോൾ ആ പദ്ധതിയും ഉപേക്ഷിച്ചു.റോഡിൽ ഇരുട്ട് തുടരുമെന്നു ഉറപ്പായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]