ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായി ഊർജ മേഖലയിലെ സഹകരണത്തിന് യുഎസ് ഭരണകൂടത്തിന് താൽപര്യമുണ്ടെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് എക്സിൽ വ്യക്തമാക്കി.
Our response to media queries on comments on India’s energy sourcing⬇️
🔗
എണ്ണ ഇറക്കുമതിയിൽ ലോകത്ത് മുൻനിരയിലുള്ള ഇന്ത്യ, രാജ്യത്തെ ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഊർജലഭ്യതയും വിലസ്ഥിരതയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണയ്ക്കായി വിവിധ സ്രോതസ്സുകളെ ആശ്രയിക്കുന്നതും അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മോദി ട്രംപിനോട് ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഉറപ്പു പറഞ്ഞോയെന്നതിനെ കുറിച്ച് ജയ്സ്വാൾ പ്രതികരിച്ചില്ല.
‘‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല, എന്നാൽ എനിക്കിപ്പോൾ അവർ (ഇന്ത്യ) ഉറപ്പുതന്നു.
ഇനി അവർ റഷ്യൻ എണ്ണ വാങ്ങില്ല. അതൊരു വലിയ ചുവടുവയ്പ്പാണ്.
ചൈനയെയും ഇതേ നിലപാടിലേക്ക് ഞാൻ കൊണ്ടുവരും’’, – ഇതായിരുന്നു ട്രംപിന്റെ പ്രസ്താവന. ട്രംപ് ഇതു പറഞ്ഞതിനു പിന്നാലെ രാജ്യാന്തര എണ്ണവില നേട്ടത്തിലേക്ക് കയറിയിരുന്നു.
ബുധനാഴ്ച നടത്തിയ സംഭാഷണത്തിനിടെയാണ് മോദി തന്നോട് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പറഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കി.
പിന്നാലെ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.82% ഉയർന്ന് 58.75 ഡോളറിൽ എത്തി. ബ്രെന്റ് വില 0.78% കയറി 63.29 ഡോളറുമായി.
അതേസമയം, ഇന്ത്യയും ചൈനയും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടാൻ മത്സരത്തിലാണെന്നാണ് സെപ്റ്റംബറിലെ കണക്കുകൾ വ്യക്തമാക്കുന്നത്. സെന്റർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (സിആർഇഎ) റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ ചൈന 3.2 ബില്യൻ ഡോളറിന്റെ റഷ്യൻ എണ്ണ വാങ്ങി; ഇന്ത്യ ചെലവിട്ടത് 2.5 ബില്യൻ ഡോളർ (ഏകദേശം 25,600 കോടി രൂപ).
റഷ്യൻ എണ്ണ ഇറക്കുമതിയിൽ ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
എണ്ണയ്ക്കുപുറമേ റഷ്യയുടെ കൽക്കരിയും മറ്റ് റിഫൈൻഡ് ഉൽപന്നങ്ങളും പരിഗണിച്ചാൽ സെപ്റ്റംബറിൽ ചൈന 5.5 ബില്യൻ ഡോളറും ഇന്ത്യ 3.6 ബില്യൻ ഡോളറും ചെലവിട്ടു. ചൈനയും ഇന്ത്യയും കഴിഞ്ഞാൽ തുർക്കി, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ എന്നിയാണ് തൊട്ടുപിന്നാലെയുള്ളത്.
റഷ്യൻ എണ്ണ, എൽഎൻജി, കൽക്കരി എന്നിവയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാർ ചൈനയാണ്. റഷ്യയുടെ മറ്റ് റിഫൈൻഡ് ഉൽപന്നങ്ങളും പൈപ്പ്ലൈൻ ഗ്യാസും വാങ്ങുന്നതിൽ മുന്നിലാകട്ടെ തുർക്കിയും.
എങ്കിലും, ഇന്ത്യയോട് മാത്രമാണ് റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് നടപടി എടുത്തിട്ടുള്ളത്.
ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം ഉൾപ്പെടെ ട്രംപ് ചുമത്തുന്നത് മൊത്തം 50% ഇറക്കുമതി തീരുവ. അതേസമയം, താരിഫ് ഭാരം കുറയ്ക്കാനും യുഎസുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ സജീവമാക്കാനുമായി ഇന്ത്യ യുഎസിന്റെ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടാൻ ആലോചിക്കുന്നതായും സൂചനകളുണ്ട്.
യുഎസിൽ നിന്ന് അധികമായി 15 ബില്യൻ ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.
നിലവിൽ യുഎസുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് 42.7 ബില്യന്റെ വ്യാപാര സർപ്ലസ് ഉണ്ട്. ഇതിൽ ട്രംപിന് നീരസവുമുണ്ട്.
റഷ്യയെ കൈവിട്ട് ഇന്ത്യ യുഎസിന്റെ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടിയാൽ അമേരിക്ക അഭിമുഖീകരിക്കുന്ന ഈ ‘വ്യാപാരക്കമ്മി’ കുറയും. അത് ട്രംപിനെ സന്തോഷിപ്പിക്കുകയും ചെയ്യും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]