ആലപ്പുഴ ∙ രണ്ട് വർഷമായി തോടുകളും ഓടകളും ആഴംകൂട്ടി വൃത്തിയാക്കാത്തതിനാൽ നഗരം ഒറ്റ മഴയിൽ മുങ്ങി. നീരൊഴുക്കു തടസ്സപ്പെട്ടതിനാൽ ഒട്ടേറെ വീടുകളിൽ വെള്ളത്തിനൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തി.
തോടിന് ആഴംകൂട്ടാത്തതാണ് ഒറ്റ മഴയിൽ നഗരം മുങ്ങാൻ കാരണമായതെന്നു കൗൺസിലർമാർ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ മേയിലും ഇത്തവണത്തെ മഴയ്ക്കു മുൻപും മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ചെയ്യേണ്ടിയിരുന്ന ഓട, തോട് വൃത്തിയാക്കൽ ചെയ്തില്ല.
ഈ ജോലികൾ കരാർ ഏറ്റെടുത്തയാൾ ചെയ്തില്ലെന്നു നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞതാണ്.
ഇയാളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പകരം മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ തുടർനടപടി ഉണ്ടായില്ല.
ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ സ്റ്റേഡിയം, മുനിസിപ്പൽ, വലിയകുളം, മുല്ലാത്ത് വളപ്പ്, ഇരവുകാട്, വട്ടയാൽ, ലജ്നത്ത്, സീ വ്യൂ, കളപ്പുര തുടങ്ങി ഒട്ടുമിക്ക വാർഡുകളും മുങ്ങിയതെന്നു കൗൺസിലർമാർ പറഞ്ഞു. ഇവിടങ്ങളിൽ നിരവധി വീടുകളിലും വെള്ളം കയറി.
കൊട്ടാര തോട്ടിലേക്ക് പോകേണ്ട
ഷഡാമണി തോട്ടിലെ വെള്ളം ഇരുമ്പുപാലത്തിനു സമീപം പഴയ പാലത്തിനു താഴെ വന്നു കെട്ടിനിൽക്കുകയാണ്. ഈ ഭാഗത്ത് കലുങ്കും പാലവും തകർന്നു ഒഴുക്കിനു തടസ്സമായി നിൽക്കുന്നതാണ് കാരണം.
സ്റ്റേഡിയം, മുല്ലാത്ത്, വലിയകുളം, എംഒ വാർഡുകളിലെ വെള്ളം മുക്കുടുഷാ പള്ളിയുടെ സമീപം ഒരു മീറ്റർ മാത്രം വ്യാസമുള്ള കുഴിയിലൂടെ വാണിജ്യത്തോട്ടിൽ പതിക്കുന്നുണ്ടെങ്കിലും ഇതുവഴി മുഴുവൻ വെള്ളവും പോകുന്നില്ലെന്നു കൗൺസിലർ ബി.അജേഷ് പറഞ്ഞു. വൈറ്റ് ടോപ് റോഡ് നിർമിച്ചപ്പോൾ ഇഎംഎസ് സ്റ്റേഡിയത്തിനു മുൻവശത്തെ കലുങ്ക് വലുതാക്കി നിർമിക്കാതിരുന്നതും വെള്ളക്കെട്ടിനു കാരണമായി.
റാണി തോട്ടിലെ പോള വാരാത്തതിനാൽ കറുക ജംക്ഷനു പടിഞ്ഞാറ് പാലത്തിന്റെ സമീപം വെള്ളം കയറി 12 വീടുകൾ മുങ്ങി. പോളമാറ്റണമെന്നു വളരെ നേരത്തെ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നതായി കൗൺസിലർ സലിം മുല്ലാത്ത് പറഞ്ഞു. മുല്ലയ്ക്കൽ ഏവിജെ ജംക്ഷൻ മുതൽ പിച്ചുഅയ്യർ ജംക്ഷൻ വരെ വെള്ളക്കെട്ട് രൂക്ഷമായി.
വാഹനങ്ങൾക്കു പോകാൻ തടസ്സമായി. ഈ ഭാഗത്തെ മുഴുവൻ ഓടകളും തോടുകളും മാലിന്യം നിറഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ടതായി വ്യാപാരികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]