നെയ്യാറ്റിൻകര ∙ നെയ്യാർ സംഗമിക്കുന്ന പൂവാറിൽ പ്രകൃതിയുടെ മനോഹാരിത നുണഞ്ഞ് ബോട്ട് സവാരിക്ക് എത്തുന്നവർക്ക് മതിയായ സുരക്ഷയില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം, തദ്ദേശവാസിയായ യുവാവ്, ബോട്ടിനു നേരെ വലിച്ചെറിഞ്ഞ ബിയർ കുപ്പി വീണ് പശ്ചിമ ബംഗാൾ സ്വദേശിയായ 3 വയസ്സുകാരിക്ക് തലയിൽ പരുക്കേറ്റിരുന്നു.
മതിയായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വളർന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രമായ പൂവാറിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ.
ബോട്ടിനു നേരെ ബിയർ കുപ്പി വലിച്ചെറിഞ്ഞ പൂവാർ വിരാലി വെട്ടുകാട് ഇടയത്തോട് വീട്ടിൽ സനോജിനെ (34) പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാൾ സ്വദേശി അൽക്കർ ദാസിന്റെ മകൾ അനുപമ ദാസിന് (3) ആയിരുന്നു പരുക്ക്.
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. പരുക്ക് സാരമുള്ളതല്ല.
നെയ്യാറിന്റെ കൈവഴികളിലൂടെയായിരുന്നു വിനോദ സഞ്ചാരികൾ ബോട്ടിൽ യാത്ര ചെയ്തിരുന്നത്.
ഈ ഭാഗത്ത് ആഴം കുറവാണ്. സനോജ് നെയ്യാറിന്റെ കൈവഴി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് എത്തിയപ്പോൾ ഓളങ്ങളുണ്ടായി.
വെള്ളം ശരീരത്തിൽ അടിച്ചു കയറുമെന്ന ചിന്തയും ഉള്ളിലുണ്ടായിരുന്ന മദ്യത്തിന്റെ ലഹരിയുമാണ് തന്നെ ബിയർ കുപ്പി വലിച്ചെറിയാൻ പ്രേരിപ്പിച്ചതെന്ന് സനോജ് പൊഴിയൂർ പൊലീസിനു മൊഴി നൽകി.
നെയ്യാറിലൂടെ വിനോദ സഞ്ചാരികളെ ലൈഫ് ജാക്കറ്റ് ധരിപ്പിക്കാതെ സവാരി നടത്തുന്നത് പതിവ് കാഴ്ചയാണ്. പല ബോട്ടുകളിലും ലൈഫ് ബെൽറ്റ് പോലുമില്ല.
ലൈസൻസ് ഇല്ലാതെയാണ് പലരും ബോട്ട് ഓടിക്കുന്നത്. ബോട്ടിനും മതിയായ രേഖകൾ ഉണ്ടാവില്ല. പൂവാർ പൊലീസും കേരള മാരിടൈം ബോർഡ് അധികൃതരും ഇടയ്ക്കിടെ മിന്നൽ പരിശോധന നടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കേസ് എടുക്കുക മാത്രമാണ് അവർ ചെയ്യുക.
ഫൈൻ ഒടുക്കുന്നതോടെ കേസ് അവസാനിക്കുന്നു.
അതേസമയം നിയമങ്ങൾ പാലിച്ച് ബോട്ട് ഓടിക്കുന്നവരുമുണ്ട്.ബോട്ട് സർവീസ് നിയന്ത്രിക്കാൻ പൂവാർ കേന്ദ്രീകരിച്ച് സംവിധാനങ്ങളുടെ അഭാവമുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നെയ്യാറിൽ യാത്ര തുടങ്ങി, പല കൈവഴികളിലൂടെ ബോട്ട് സഞ്ചരിക്കുന്നു.
അവിടെ ഒരു അപകടമുണ്ടായാൽ പുറംലോകത്തെ അറിയിക്കാൻ സംവിധാനങ്ങളില്ല. രക്ഷാപ്രവർത്തങ്ങൾ നടത്താനും സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. പൂവാർ പഞ്ചായത്തിന്റെ പരിധിയിലാണ് വരുന്നതെങ്കിലും പഞ്ചായത്തിനും യാതൊരു റോളും ഇല്ലെന്നും വസ്തുതയാണ്. അപകടം സംഭവിക്കുന്നതു വരെ കാത്തിരിക്കാതെ, സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും ബോട്ട് സവാരിക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് വിദഗ്ധർക്കു പറയാനുള്ളത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]