കോട്ടയം ∙ റോസമ്മയ്ക്ക് സുധയാണ് വെളിച്ചം, സുധയ്ക്ക് റോസമ്മയും. കാഴ്ചപരിമിതിയിലും തോളോടുതോൾ ചേർന്ന് ജീവിതത്തോട് പൊരുതുന്ന ഇരുവർക്കും തങ്ങളുടെ അതിജീവനകഥ തൊട്ടുവായിക്കാൻ അവസരമൊരുക്കി കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.
സ്കൂൾ മാഗസിനായ ‘അറോറ’യിൽ ഉൾപ്പെടുത്തിയ, 41 വർഷം നീളുന്ന ഇവരുടെ സൗഹൃദകഥ ബ്രെയ്ലി ലിപിയിൽ തയാറാക്കി സമ്മാനിച്ചിരിക്കുകയാണ് വിദ്യാർഥികൾ. കേൾക്കുന്നതിനെക്കാൾ മനോഹാരിത കൈവിരലുകൾ ഉപയോഗിച്ച് സ്വയം വായിക്കുമ്പോൾ ഇരുവർക്കും ലഭിക്കുമെന്ന പ്രതീക്ഷയാണ് ബ്രെയ്ലിയിൽ രചന തയാറാക്കാൻ പ്രേരകമായതെന്ന് സ്റ്റുഡന്റ് എഡിറ്റർമാരായ റോസ ഏബ്രഹാമും സ്വീറ്റി സൂസൻ ജവാഹറും പറഞ്ഞു.
ആലുവയിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ 5ാം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ് സുധയും റോസമ്മയും.
അന്ന് പിരിഞ്ഞ അവർ പിന്നെ കണ്ടതു വർഷങ്ങൾക്ക് ശേഷമാണ്. വീട്ടുകാർക്ക് ബുദ്ധിമുട്ടാകാതെ ജീവിക്കണമെന്ന ആഗ്രഹത്തിൽ ഇരുവരും വീട്ടിൽ നിന്നിറങ്ങി.
ഒരുമിച്ച് താമസം തുടങ്ങി. വരുമാനത്തിനായി കെകെ റോഡിൽ കളത്തിപ്പടിക്ക് സമീപം ലോട്ടറി വിൽപന ആരംഭിച്ചു.
തന്നെ സ്ഥിരമായി പറ്റിച്ച് ലോട്ടറി തട്ടിയെടുത്ത 2 യുവാക്കളെ വസ്ത്രത്തിൽ ഒളിക്യാമറ വച്ച് റോസമ്മ മാസങ്ങൾക്ക് മുൻപ് പിടികൂടിയിരുന്നു. എങ്കിലും ഉപദേശത്തിലൂടെ അവരുടെ ഉൾക്കണ്ണ് തുറക്കാനാണ് ശ്രമിച്ചത്.
തിരിച്ചറിവുണ്ടായ യുവാക്കൾ ഇരുവരും ഇപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും തങ്ങളെ സന്ദർശിക്കാറുണ്ടെന്ന് റോസമ്മയും സുധയും പറയുന്നു.
പതിവുരീതികളിൽനിന്നു വ്യത്യസ്തമായി ചുറ്റുമുള്ള കാഴ്ചകളിൽനിന്ന് രചനകൾ രൂപപ്പെടുത്താനായിരുന്നു വിദ്യാർഥികൾക്കുള്ള നിർദേശം. അങ്ങനെയാണ് ഇരുവരെയും വിദ്യാർഥികൾ കണ്ടെത്തിയത്.
ഇവരോടു സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ‘കണ്ണാടി വിൽക്കുന്നവർ’ എന്ന രചനശ്രദ്ധനേടി. കോട്ടയം സഹോദയയിൽ മാഗസിൻ മത്സരത്തിൽ അറോറയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ബ്രെയ്ലി ലിപിയിൽ രചന തയാറാക്കി നൽകാമെന്ന ആശയവും വിദ്യാർഥികളുടേതായിരുന്നു.
കാഴ്ചപരിമിതിയുള്ള റിട്ട. അധ്യാപകനായ ഒളശ്ശയിലെ വി.ആർ.ഹരിദാസ് ബ്രെയ്ലി ലിപിയിൽ രചന തയാറാക്കി നൽകി.
പ്രിൻസിപ്പൽ ഷിൻസ് മാത്യു, സ്റ്റാഫ് എഡിറ്റർമാരായ റീബ യൂജിൻ, സുശീല ജോർജ്, അധ്യാപിക ഷീന രാമചന്ദ്രൻ എന്നിവരും പിന്തുണയേകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]