ആലപ്പുഴ∙ ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയിട്ട് രണ്ടര വർഷം പിന്നിടുമ്പോഴും നഗരസഭയുടെ ബീച്ചിലെ ശുചിമുറി സമുച്ചയം എന്നു തുറക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കി. വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണു ദിവസേന ബീച്ചിൽ എത്തുന്നത്.
ഇവർക്ക് മതിയായ ശുചിമുറി സംവിധാനം ഇല്ലെന്നിരിക്കെയാണു നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കെട്ടിടം വെറുതേ കിടന്നു നശിക്കുന്നത്.
പണം നൽകി ഉപയോഗിക്കാവുന്ന തരത്തിൽ ശുചിമുറി പ്രവർത്തിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിട്ടത്. എന്നാൽ, ടെൻഡർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാത്തതാണ് ശുചിമുറി തുറന്നു നൽകാൻ വൈകുന്നതിന്റെ കാരണം.
രണ്ടു തവണ ടെൻഡർ ചെയ്തെങ്കിലും നഗരസഭ പ്രതീക്ഷിച്ച തുക ലഭിക്കാതെ വന്നതോടെ ടെൻഡർ നടപടികൾ മരവിപ്പിക്കുകയായിരുന്നു.
ശുചിമുറിയോടൊപ്പം രണ്ടു കടമുറികൾ കൂടി ഉൾപ്പെട്ടതാണ് കെട്ടിടം. ഇവ ഒരുമിച്ച് ടെൻഡർ ചെയ്യാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
മൂന്നാമത്തെ ടെൻഡർ നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ സാമൂഹിക വിരുദ്ധർ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് കെട്ടിടത്തിനു കേടുപാടുകൾ വരുത്തിയിരുന്നു.ടെൻഡർ എടുക്കാൻ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ നഗരസഭ നേരിട്ട് നടത്തിപ്പ് ഏറ്റെടുത്തു ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്നു അടുത്തയിടെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള പണം നൽകി ഉപയോഗിക്കാവുന്ന വിരലിൽ എണ്ണാവുന്ന ശുചിമുറികളാണ് ബീച്ചിൽ നിലവിലുള്ളത്.
അവയാകട്ടെ പൊട്ടിപ്പൊളിഞ്ഞതും വൃത്തിഹീനവുമാണ്. ഭൂരിഭാഗത്തിനും അടച്ചുറപ്പുള്ള വാതിൽ പോലുമില്ല. ഇവയുടെ പ്രവർത്തനവും തോന്നും പോലെയാണ്.
സ്ഥിരമായി തുറക്കാറില്ലെന്നു ബീച്ചിൽ എത്തുന്നവർ പറയുന്നു. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ബീച്ചിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ ദിവസങ്ങളിൽ ബീച്ചിൽ എത്തുന്നവർ ‘ശങ്ക’ അകറ്റാൻ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

