അടൂർ ∙ സർക്കാർ ഓഫിസുകളുടെ സിരാകേന്ദ്രമായ അടൂർ റവന്യുടവറിൽ ഒരു തീപിടിത്തമുണ്ടായാൽ പെട്ടെന്ന് കെടുത്താനുള്ള അഗ്നിസുരക്ഷാ സംവിധാനം പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ ഏറെയായിട്ടും ഇതു നവീകരിച്ച് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ ഹൗസിങ് ബോർഡ് അധികൃതരുടെ അനാസ്ഥ തുടരുന്നു. അഗ്നിസുരക്ഷാ സംവിധാനങ്ങൾ തകരാറിലായതിനാൽ അഗ്നിരക്ഷാസേനയുടെ എൻഒസി ഇല്ലാതെയാണു ഈ കെട്ടിടം പ്രവർത്തിക്കുന്നത്.
റവന്യുടവറിലെ മുകളിലത്തെ നിലയിൽ എവിടെങ്കിലും ഒരു തീപിടിത്തം ഉണ്ടായാൽ അതു പെട്ടെന്നു കെടുത്തണമെങ്കിൽ അഗ്നിരക്ഷാസേന എത്തണം. അല്ലാതെ ഇവിടുത്തെ അഗ്നിസുരക്ഷാ സംവിധാനം ഒന്നും ഉപയോഗിക്കാൻ പറ്റില്ല.
അഗ്നിസുരക്ഷാ സംവിധാനത്തിന്റെ പൈപ്പുകൾ എല്ലാം തുരുമ്പെടുത്ത് നശിച്ചിട്ടു നാളുകളായി. തീപിടിത്തം മൂലമുള്ള അപകടങ്ങൾ നടന്നാൽ പ്രവർത്തിക്കേണ്ട
അലാറങ്ങളും ഇതിന്റെ അനുബന്ധ ഉപകരണങ്ങളുമെല്ലാം തകരാറിലാണ്.
ടവറിന്റെ മുകളിലത്തെ നിലയിൽ തീപിടിത്തമുണ്ടാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അഗ്നിരക്ഷാസേന എത്തിയാൽ പോലും മുകളിലത്തെ നിലയിൽ വെള്ളം പമ്പു ചെയ്യുന്നതു പ്രയാസമാണ്. ചുരുക്കത്തിൽ തീപിടിത്തമുണ്ടായാൽ റവന്യുടവർ വൻ ദുരന്തത്തിനു സാക്ഷ്യം വഹിക്കേണ്ട
സ്ഥിതിയാണ്. 2001ലാണു റവന്യുടവർ തുറന്നത്.
ഇതു കഴിഞ്ഞ 18 വർഷത്തിനു ശേഷം പി.പ്രസാദ് ഹൗസിങ് ബോർഡ് ചെയർമാനായിരുന്ന സമയത്ത് ചില്ലറ അറ്റകുറ്റ പണികൾ നടത്തിയ പെയിന്റു ചെയ്തെങ്കിലും തകരാറിലായ അഗ്നിസുരക്ഷാ സംവിധാനം മാത്രം അന്ന് ഒന്നും ചെയ്തില്ല.
ഇവിടെ താലൂക്ക് ഓഫിസ്, ട്രഷറി, സപ്ലൈഓഫിസ്, ജില്ലാ ഹോമിയോപ്പതി ഓഫിസ്, റീസർവേ ഓഫിസ്, ജോയിന്റ് ആർടി ഓഫിസ് സഹകരണവകുപ്പിന്റെ ഓഫിസ് തുടങ്ങി മുപ്പത്തിയഞ്ചോളം സർക്കാർ ഓഫിസുകളും ഇരുനൂറോളം വ്യാപാര സ്ഥാപനങ്ങളുമാണ് റവന്യുടവറിൽ പ്രവർത്തിക്കുന്നത്. ഇത്രയും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില മന്ദിരത്തിൽ അഗ്നിസുരക്ഷാ സംവിധാനം പ്രവർത്തിക്കാതെ കിടക്കുന്നത് ഗുരുതരമായ പ്രശ്നമാണ്.
ഈ സംവിധാനം നവീകരിച്ച് എൻഒസി പുതുക്കണമെന്ന് അഗ്നിരക്ഷാസേനാ അധികൃതർ പറയാൻ തുടങ്ങിയിട്ടു തന്നെ വർഷങ്ങളായി. പക്ഷെ ഹൗസിങ് ബോർഡ് അധികൃതർ ഈ പ്രശ്നം ഗൗരവമായി എടുക്കുന്നേയില്ലെന്നാണു പരാതി.
ഒരു ദുരന്തം ഉണ്ടായെങ്കിലേ എന്തെങ്കിലും ചെയ്യൂ എന്ന നിലപാടിലാണ് അധികൃതർ എന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
അഗ്നിസുരക്ഷാ സംവിധാനത്തിന്റെ നവീകരണം വൈകുന്നതിനെക്കുറിച്ച് ഹൗസിങ് ബോർഡ് അധികൃതരുടെ അടുത്ത് തിരക്കിയപ്പോൾ അഗ്നിസുരക്ഷാ സംവിധാനം നവീകരിക്കുന്നതിനു 2 തവണ ടെൻഡർ ക്ഷണിച്ചിട്ടും എടുക്കാൻ ആരും മുന്നോട്ടു വന്നില്ലെന്നാണു പറയുന്നത്. ഇപ്പോൾ വീണ്ടും റീ ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ നടന്നു വരികയാണെന്നും അധികൃതർ പറഞ്ഞു.
അഗ്നിസുരക്ഷയുടെ കാര്യമായതിനാൽ ഇതിന്റെ ഫയലുകൾ എത്രയും വേഗം നീക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി നവീകരണം തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നാണാവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]