റേഷൻ കടകൾ തകർക്കൽ
∙ജില്ലയിൽ കാട്ടാനശല്യം ഏറ്റവുമധികമുള്ളത് മൂന്നാറിലെ തോട്ടം മേഖലയിലാണ്. റേഷൻ കടകളും പലചരക്ക് കടകളും തൊഴിലാളി ലയങ്ങൾക്ക് സമീപമുള്ള ഷെഡുകളുമാണ് കാട്ടാനകൾ അധികവും തകർത്തിട്ടുള്ളത്.
കന്നിമല വെസ്റ്റിലെ ബാലസുബ്രമണ്യന്റെ റേഷൻ കട – 3, ലോവർ ഡിവിഷനിലെ ബാലഗംഗാധറിന്റെ റേഷൻ കട
– 6, കടലാർ വെസ്റ്റിലെ റേഷൻ കട – 4, പെരിയവര 82-ാം നമ്പർ റേഷൻകട
– 2, ലാക്കാട് 10-ാം നമ്പർ റേഷൻ കട – 2, ദേവികുളം ലാക്കാട് ബസാറിലെ റേഷൻ കട
– 5. ഇത്രയും തവണ വീതമാണ് കാട്ടാനകൾ 3 വർഷത്തിനിടയിൽ തകർത്ത് റേഷൻ സാധനങ്ങൾ തിന്നു നശിപ്പിച്ചത്.
കടലാർ ഫാക്ടറി ഡിവിഷനിൽ കുമാറിന്റെ പലചരക്ക് കട നാലു തവണയും, ചൊക്കനാട് ഫാക്ടറി ഡിവിഷനിൽ പുണ്യ വേലിന്റെ പലചരക്ക് കട
20 തവണയും കാട്ടാനകൾ തകർത്തു.സാധനങ്ങൾ നശിപ്പിച്ചു.
‘ആറിന്റെ കൂട്ടം’ അക്രമിസംഘം
∙ചിന്നക്കനാൽ 301 കോളനിയിൽ താമസിക്കുന്ന ഐസക് വർഗീസ് എന്ന വയോധികന്റെ കുടിൽ എത്ര തവണ കാട്ടാന തകർത്തു എന്നതിന് കണക്കില്ല. പലപ്പോഴും തലനാരിഴയ്ക്കാണ് ഐസക് വർഗീസും ഭാര്യ സാറാമ്മയും കാട്ടാനയാക്രമണത്തിൽ നിന്ന് രക്ഷപെട്ടത്.
കഴിഞ്ഞയാഴ്ചയും ഇവരുടെ കുടിൽ കാട്ടാനക്കൂട്ടം തകർത്തു. ആറിന്റെ കൂട്ടം എന്നറിയപ്പെടുന്ന കാട്ടാനക്കൂട്ടമാണ് ഐസക് വർഗീസിന്റെയും അയൽവാസിയായ ഐസക് ജോർജിന്റെയും കുടിലുകൾ തകർത്തത്.
ഇൗ സമയം ഇവരാരും ഇവിടെയുണ്ടായിരുന്നില്ല, അതിനാൽ ജീവൻ കിട്ടി. ഇവർ താമസിക്കുന്ന ഭൂമിക്ക് ഇതു വരെ പട്ടയം ലഭിച്ചിട്ടില്ല. അതിനാൽ കാട്ടാനയാക്രമണത്തിൽ വീട് തകർന്നാലും കൃഷി നശിച്ചാലും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കില്ല.
ഐസക് വർഗീസ് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വീടും ലഭിച്ചിട്ടില്ല. ഓരോ ദിവസവും കാട്ടാനയെ പേടിച്ചാണ് 301 കോളനിയിലുള്ളവർ ജീവിതം മുന്നോട്ടു കാെണ്ട് പോകുന്നത്.
മട്ടുപ്പാവിൽ വരെ ആന
∙വനാതിർത്തിയായ പ്ലാക്കത്തടത്ത് വീടുകൾക്ക് ഭീഷണയായി കാട്ടാനക്കൂട്ടം വിലസുന്നു. രണ്ടു മാസം മുൻപ് ഇവിടെ വീടുകളുടെ വാതിലിൽ കാട്ടാന ചവിട്ടിയ സംഭവങ്ങളുണ്ട്.
കൂടാതെ ഒരു വീടിന്റെ ടെറസിലും ആന കയറി. മേഖലയിൽ നാളുകളായി ആനക്കൂട്ടം ഭീതി വിതയ്ക്കുകയാണ്.
വനപാലകർ ആനക്കൂട്ടത്തെ മടക്കാൻ പല തവണ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. തോട്ടാപ്പുര ഭാഗത്തും കഴിഞ്ഞ രണ്ടു വർഷമായി ആനശല്യം നിത്യസംഭവമാണ്.
ഇവിടെ സമീപത്തെ യൂക്കാലിക്കാട്ടിൽ ആണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. ഗ്രാമ്പിയിലും സമാനമായി താൽക്കാലിക ഷെഡുകളിൽ കഴിയുന്ന മലമ്പണ്ടാര കുടുംബത്തിന്റെ ജീവിതം കടുത്ത ഭീഷണിയിലാണ്.
10 വർഷം; പൊലിഞ്ഞത് 13 ജീവൻ
∙ചിന്നാർ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന മറയൂർ കാന്തല്ലൂർ മേഖലയിൽ പത്തു വർഷത്തിനുള്ളിൽ കാട്ടാനകളുടെ ആക്രമണത്തിൽ പൊലിഞ്ഞത് 13ജീവനുകൾ.
ചമ്പക്കാട് ആദിവാസി കുടിയിലെ വിമലൻ ആണ് ഒടുവിൽ കൊല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്ന പാമ്പൻപാറയിൽ കുഞ്ഞാപ്പുവിന് സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചിട്ടില്ല.
അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശം കൂടാതെ ടൗൺ പ്രദേശങ്ങളും റിസോർട്ടുകളും കേന്ദ്രീകരിച്ച് കാട്ടാനകൾ ശല്യം തുടരുകയാണ്. അടുത്തയിടെ ഇടക്കടവിലും പുതുവെട്ടിലും സ്ത്രീകൾക്കുനേരെ കാട്ടാന കൂട്ടം കുതിച്ചെത്തി.
നാട് കാടാക്കി ആനകൾ
∙വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് കാട്ടാന ശല്യം രൂക്ഷമായിട്ട് വർഷങ്ങളായി.
കഴിഞ്ഞ വർഷം ഡിസംബറിലാണ് പശുവിനെ അഴിക്കാൻ പോയ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
പല വീടുകളുടെയും മുറ്റത്ത് വരെ എത്തുന്ന കാട്ടാനകൾ കിണറിന്റെ മതിൽ, മോട്ടർ മുതലായവ നശിപ്പിച്ചു. ഒട്ടേറെ ആളുകളുടെ കൃഷികളും നശിപ്പിച്ചു.
ഇതിനു പുറമേ കാട്ടാനകൾ രാത്രി റോഡിലിറങ്ങുന്നത് നാട്ടുകാർക്ക് വലിയ ഭീഷണിയാണ്. വനാതിർത്തിയിൽ എംപി, എംഎൽഎ എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് ഫെൻസിങ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതും പൂർത്തിയായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]