നിക്ഷേപകർക്ക് ബംപർ നേട്ടം സമ്മാനിച്ച് എൽജി ഇലക്ട്രോണിക്സ് ഓഹരികളുടെ കന്നിക്കൊയ്ത്ത്. ഓഹരി വിപണിയിലെ ആദ്യ ദിനത്തിൽ തന്നെ ഓഹരിവില കുതിച്ചുകയറിയത് 50 ശതമാനത്തിലധികം.
എൻഎസ്ഇയിൽ ഇന്ന് 50.01% നേട്ടവുമായി 1,710.10 രൂപയിലായിരുന്നു ലിസ്റ്റിങ്. ബിഎസ്ഇയിൽ 50.44% ഉയർന്ന് 1,715 രൂപയിലും.
ഒക്ടോബർ 7 മുതൽ 9 വരെ നടന്ന ഐപിഒയിൽ വില ഓഹരിക്ക് 1,140 രൂപയായിരുന്നു. അതായത് 1,140 രൂപയ്ക്ക് ഐപിഒ വേളയിൽ ഓഹരി വാങ്ങിയവർക്ക് ഇന്നു ലിസ്റ്റിങ്ങിൽ കിട്ടിയനേട്ടം അവർ അപ്പോൾതന്നെ ഓഹരി വിറ്റഴിച്ചിട്ടുണ്ടെങ്കിൽ 575 രൂപവരെ.
ഉദാഹരണത്തിന്, ഐപിഒയിൽ ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നുരാവിലെ എടുക്കാമായിരുന്ന നേട്ടം 50,000 രൂപയിലധികം.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുംമുൻപ് ഓഹരികളുടെ ക്രയവിക്രയം നടക്കുന്ന അനൗദ്യോഗിക വിപണിയിൽ (ഗ്രേ മാർക്കറ്റ്) എൽജി ഓഹരിക്ക് വില (ഗ്രേ മാർക്കറ്റ് പ്രീമിയം/ജിഎംപി) ഐപിഒ വിലയേക്കാൾ 40% അധികമായിരുന്നു. അതുകൊണ്ടുതന്നെ, ലിസ്റ്റിങ്ങിൽ എൽജി ‘ബ്ലോക്ക്ബസ്റ്റർ’ നേട്ടം സമ്മാനിക്കുമെന്ന് ഉറപ്പുമായിരുന്നു.
ഇന്നത്തെ വ്യാപാരം ഉച്ചയോട് അടുക്കുമ്പോൾ ഓഹരികളുള്ളത് എൻഎസ്ഇയിൽ 48.25% ഉയർന്ന് 1,692 രൂപയിലാണ്.
ലിസ്റ്റിങ് വിലയിൽ നിന്ന് ഒരു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. 1.14 ലക്ഷം രൂപയാണ് വിപണിമൂല്യം.
11,607 കോടി രൂപയായിരുന്നു ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവുമധികം സബ്സ്ക്രിപ്ഷൻ കിട്ടിയ ഐപിഒയിലൂടെ എൽജി സമാഹരിച്ചത്.
8 ‘ബയ്’ കോളുകൾ; ഓഹരിവില 2,050ലേക്ക്?
ലിസ്റ്റിങ്ങിനൊപ്പം പ്രമുഖ ബ്രോക്കേറേജുകളെല്ലാം എൽജിക്ക് ‘വാങ്ങൽ’ സ്റ്റാറ്റസ് അഥവാ ‘ബയിങ്’ കോൾ നൽകി രംഗത്തെത്തി. അതായത്, ഓഹരി ഇപ്പോൾ വാങ്ങാനുള്ള അവസരമാണിതെന്നും വില പിന്നീട് കുതിക്കുമെന്നും അതുവഴി നേട്ടമുണ്ടാക്കാമെന്നുമാണ് ഇവ പറയുന്നത്.
വിലയിരുത്തലുകൾ ഇങ്ങനെ:
∙ എംകേ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ്: എൽജി ഓഹരിക്ക് ലക്ഷ്യവില (ടാർജറ്റ് പ്രൈസ്) 2,050 രൂപ. ഐപിഒ വിലയേക്കാൾ ഏതാണ്ട് 80% അധികം.
എൽജിക്ക് അപ്ലയൻസസ് വിപണിയിൽ ശക്തമായ അടിത്തറയുണ്ട്. 2026-28ഓടെ വരുമാനത്തിൽ പ്രതീക്ഷിക്കുന്ന സംയോജിത വാർഷിക ശരാശരി വളർച്ച (സിഎജിആർ) 13 ശതമാനമാണ്.
പ്രതിഓഹരി നേട്ടം അഥവാ ഏർണിങ്സ് പെർ ഷെയർ (ഇപിഎസ്) കണക്കാക്കുമ്പോൾ സിഎജിആർ 14 ശതമാനവും.
∙ നോമുറ: ലക്ഷ്യവില 1,800 രൂപ. റവന്യൂ സിഎജിആർ 10%, ഇപിഎസ് സിഎജിആർ 14% (2025-28 പ്രകാരം)
∙ പ്രഭുദാസ് ലീലാധർ, ആന്റിക് സ്റ്റോക്ക് ബ്രോക്കിങ്, ആംബിറ്റ് ക്യാപിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, മോത്തിലാൽ ഓസ്വാൾ, ഇക്വിറസ് എന്നിവ 1,705 മുതൽ 1,800 രൂപവരെ ലക്ഷ്യവിലയുമാണ് നൽകുന്നത്.
ആവേശമാകാം, അതിമോഹം വേണ്ട!
ലിസ്റ്റിങ് വില ‘ലോട്ടറി’യായി എന്നുകരുതി ‘എടുത്തുചാട്ടം’ വേണ്ടന്ന ഉപദേശവും നിക്ഷേപകർക്ക് നിരീക്ഷകർ നൽകുന്നുണ്ട്.
ഐപിഒയിലും ലിസ്റ്റിങ്ങിലും മികച്ച നേട്ടം കൊയ്ത പലകമ്പനികളുടെയും ഓഹരികൾ പിന്നീട് കനത്ത വിൽപന സമ്മർദത്തിൽ മുങ്ങിയെന്നതും അവർ ഓർമിപ്പിക്കുന്നു.
എൽഐസിയുടെ 2022ലെ 20,600 കോടി രൂപയുടെ ഐപിഒ അതുവരെയുള്ള ഐപിഒകളിൽ ഏറ്റവും വമ്പൻ ആയിരുന്നു. പക്ഷേ ലിസ്റ്റിങ് 8 ശതമാനത്തോളം നഷ്ടത്തിലായിരുന്നു.
11,257 കോടി രൂപയുടെ ഐപിഒ നടത്തിയ ജിഐസി-റീയുടെ ലിസ്റ്റിങ് 4.6 ശതമാനം നഷ്ടത്തോടെയായിരുന്നു. 2008ൽ വമ്പൻ സബ്സ്ക്രിപ്ഷനുമായി സൂപ്പർഹിറ്റായ റിലയൻസ് പവർ ലിസ്റ്റ് ചെയ്തപ്പോഴുള്ള വില 17% കുറവായിരുന്നു.
പേയ്ടിഎം ഐപിഒവഴി 18,300 കോടി രൂപ സമാഹരിച്ചിരുന്നു. എൽഐസിക്ക് മുൻപ് ഐപിഒകളിലെ റെക്കോർഡുമായിരുന്നു.
ലിസ്റ്റിങ് നടന്നത് പക്ഷേ 27% താഴ്ന്നായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]