കോഴിക്കോട് ∙ പേരാമ്പ്രയിൽ വെള്ളിയാഴ്ച ഷാഫി പറമ്പിൽ എംപിക്കു പരുക്കേറ്റ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പൊലീസ് റജിസ്റ്റർ ചെയ്തു. സംഘർഷ സ്ഥലത്തേക്കു പുറത്തുനിന്നു സ്ഫോടക വസ്തു എറിഞ്ഞിട്ടുണ്ടെന്നു സിപിഎം നൽകിയ പരാതിയിലാണ് യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ജീവാപായം വരുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഇത് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നും എഫ്ഐആറിൽ പറയുന്നു. സംഭവ ദിവസം പകർത്തിയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇതു ശ്രദ്ധയിൽ പെട്ടതെന്നും പൊലീസ് പറഞ്ഞു.
യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൽഡിഎഫ് പ്രവർത്തകർക്കെതിരെയുമായി 2 കേസുകൾ നേരത്തെ റജിസ്റ്റർ ചെയ്തിരുന്നു.
പേരാമ്പ്ര ഡിവൈഎസ്പി എൻ.സുനിൽകുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ പി.ജംഷീദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ സംഭവ സ്ഥലത്തു തെളിവെടുത്തു. ഫൊറൻസിക് സംഘവുമുണ്ടായിരുന്നു.
അതേസമയം, മൂക്കിനു സാരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ ഇന്നലെ ആശുപത്രി വിട്ടു. പൂർണ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
ലോക്സഭാ സ്പീക്കർക്കു വീണ്ടും കത്തയച്ച ഷാഫി കയ്യേറ്റം ജില്ലാ പൊലീസ് മേധാവി തന്നെ സമ്മതിച്ച സാഹചര്യത്തിൽ, കുറ്റക്കാർക്കെതിരെ അടിയന്തര നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഷാഫിയെ ലാത്തികൊണ്ടടിച്ചയാളെന്ന് ആരോപിച്ചു തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടക്കുന്നതായി കാണിച്ച് പേരാമ്പ്ര സ്റ്റേഷനിലെ സിപിഒ വിഷ്ണു വത്സൻ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.അതേ സമയം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടില്ല. പേരാമ്പ്രയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ 3 കേസുകളാണു പൊലീസ് അന്വേഷിക്കുന്നത്. ഇവയിലൊന്നും എംപിക്കു പൊലീസ് മർദനം ഏറ്റതെങ്ങനെയെന്നു പ്രത്യേകമായി നോക്കുന്നുമില്ല.
ലോക്സഭാ സ്പീക്കർക്കും പാർലമെന്റ് പ്രിവിലിജ് കമ്മിറ്റിക്കും എംപി നൽകിയ പരാതിയിൽ എന്തെങ്കിലും നിർദേശം വരുമ്പോൾ അക്കാര്യം അന്വേഷിക്കാമെന്ന നിലപാടിലാണ് റൂറൽ പൊലീസ്. പേരാമ്പ്രയിൽ നടന്നതു ഗൂഢാലോചനയാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഷാഫിയെ ആശുപത്രിയിൽ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
ഗൂഢാലോചന അന്വേഷിക്കണം
കോഴിക്കോട്∙ ഷാഫി പറമ്പിൽ എംപിയെ ആക്രമിക്കാൻ പൊലീസിലെ സിപിഎം ഫ്രാക്ഷൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. എംപിയ ആക്രമിച്ചവരെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ഒന്നും വേണ്ട.
വെറും 10 മിനിറ്റ് കൊണ്ട് ദൃശ്യം പരിശോധിച്ചു നടപടി എടുക്കാവുന്നതേ ഉള്ളൂ. അതിനാൽ സംഭവത്തിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ച് ഉന്നതതല അന്വേഷണം നടത്തണം.
പൊലീസ് അസോസിയഷൻ നേതാക്കളുടെ പ്രസ്താവനയും പൊലീസിലെ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
തുറന്നുപറച്ചിൽ ദുരൂഹം
കോഴിക്കോട്∙ ഷാഫി പറമ്പിലിനെ മർദിച്ച പൊലീസുകാരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന വടകര എസ്പിയുടെ തുറന്നുപറച്ചിൽ ദുരൂഹമാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ പറഞ്ഞു. റൂറൽ എസ്പി ആർഎസ്എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധവുമായി അസോസിയേഷൻ
കോഴിക്കോട്∙ പേരാമ്പ്രയിൽ പൊലീസുകാരനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
പൊലീസിനെതിരായ അക്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെ ശക്തമായ പ്രതികരണമുയരണമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.സുധീർഖാൻ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]