തിരുവനന്തപുരം ∙ കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡ് പൊളിച്ച ജല അതോറിറ്റി നടപടിക്കെതിരെ റോഡ് ഫണ്ട് ബോർഡും സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റുന്നത് ഉൾപ്പെടെയുള്ളവയ്ക്കായി റോഡുകൾ നവീകരിക്കുന്നതിന് മുൻപ് നൽകിയ പണം ജല അതോറിറ്റി ചെലവഴിച്ചില്ല എന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം സുവിജ് പൈപ്പ് പൊട്ടിയ കൊത്തുവാൽ തെരുവിനു മുൻവശത്ത് റോഡ് നിർമിക്കുന്നതിനു മുൻപുതന്നെ സുവിജ് ലൈനിൽ ചോർച്ച ഉണ്ടായിരുന്നെന്നും ജല അതോറിറ്റി അന്ന് ശരിയായി അറ്റകുറ്റപ്പണി നടത്താത്തതു കൊണ്ടാണ് അടിക്കടി പൈപ്പ് പൊട്ടുന്നതെന്നും റോഡ് ഫണ്ട് ബോർഡ് ആരോപിച്ചു.
റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നിർമിച്ച 12 റോഡുകളിലെ സുവിജ് ലൈൻ അറ്റകുറ്റപ്പണികൾക്കായി 20 കോടിയും കോർപറേഷൻ റോഡുകളിലെ പണികൾക്കായി 10 കോടിയും ജല അതോറിറ്റിക്ക് മുൻകൂറായി നൽകിയെന്ന് സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് അധികൃതർ അറിയിച്ചു. കാലപ്പഴക്കം കാരണം പൊട്ടാൻ സാധ്യതയുളള പൈപ്പുകൾ മാറ്റുന്നതിനും പൈപ്പ് പൊട്ടിയാൽ റോഡ് പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള മാൻഹോളുകൾ നിർമിക്കുന്നതിനുമാണ് സ്മാർട് സിറ്റി ഫണ്ടിൽ നിന്ന് പണം അനുവദിച്ചത്.
എന്നാൽ ഇതിന്റെ പകുതി പോലും ചെലവഴിച്ചില്ല. പൊട്ടാൻ സാധ്യതയുള്ള പൈപ്പുകളുടെ കണക്ക് ചോദിച്ചിട്ട് നൽകിയില്ലെന്നും ആരോപിക്കുന്നു.
റോഡിലെ സമ്മർദം കാരണമോ കാലപ്പഴക്കത്താലോ ശുദ്ധ ജല, സുവിജ് പൈപ്പുകൾ പൊട്ടിയാൽ റോഡ് പൊളിക്കേണ്ട
അവസ്ഥയാണെന്ന് കെആർഎഫ്ബിയും സ്മാർട് സിറ്റിയും ആരോപിക്കുന്നു.സ്മാർട് റോഡുകളുടെ ഏറ്റവും വലിയ മേന്മയായി റോഡ് ഫണ്ട് ബോർഡും സ്മാർട് സിറ്റിയും പറഞ്ഞിരുന്നത് അറ്റകുറ്റപ്പണികൾക്കായി റോഡുകൾ പൊളിക്കേണ്ടി വരില്ല എന്നതാണ്. രണ്ടു പൈപ്പുകളും ഡക്ടുകൾക്കുള്ളിലാക്കിയെന്നും അറ്റകുറ്റപ്പണികൾ നടത്താനായി ഓരോ പത്തു മീറ്റർ ദൂരത്തിലും മാൻഹോളുകൾ നിർമിച്ചെന്നുമായിരുന്നു അവകാശവാദം.
ഇതെല്ലാം പൊളിച്ചാണ് കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡ് ജല അതോറിറ്റി പൊളിച്ചത്.
ചോർച്ച പരിഹരിച്ചു
കൊത്തുവാൾ തെരുവിനു മുൻവശത്ത് സുവിജ് പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിച്ചു. പൈപ്പുകൾ മുറിച്ചു മാറ്റാതെ തന്നെ ചോർച്ച പരിഹരിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനു മുകളിൽ കോൺക്രീറ്റ് ചെയ്ത ഭാഗം ഉണങ്ങിയ ശേഷം കുഴി മൂടി റോഡ് പൂർവ സ്ഥിതിയിലാക്കും. ഇതിനു ശേഷമേ ഗതാഗതത്തിന് തുറന്നു കൊടുക്കൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]