യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനയും സ്വരം മയപ്പെടുത്തിയിട്ടും കെട്ടടങ്ങാതെ വ്യാപാരയുദ്ധം. ചൈനീസ് തുറമുഖങ്ങളിലെത്തുന്ന യുഎസ് കപ്പലുകൾക്ക് ചൈന ഏർപ്പെടുത്തിയ പോർട്ട് ഫീസ് വർധന ഇന്നുമുതൽ പ്രാബല്യത്തിലായി.
ചൈനീസ് കപ്പലുകൾക്ക് യുഎസ് ഫീസ് കൂട്ടിയതിനുള്ള ചൈനയുടെ മറുപടിയുമായി ഇത്. ചൈനീസ് കപ്പലുകൾക്ക് നിലവിൽ ടണ്ണിന് 50 ഡോളറാണ് യുഎസ് ഈടാക്കുന്നത്; ചൈന തിരിച്ച് 56 ഡോളറും.
ഇരുകൂട്ടരും വരുംവർഷങ്ങളിൽ ഫീസ് പടിപടിയായി കൂട്ടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തുറമുഖ ഫീസ് വർധിപ്പിച്ചത് ചൈനയുടെയും യുഎസിന്റെയും വിതരണശൃംഖലകളുടെ താളംതെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ ഇറാൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഒരു ചൈനീസ് തുറമുഖത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയത് ഭിന്നത കൂടുതൽ വഷളാക്കിയിട്ടുമുണ്ട്.
അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതിനുള്ള തിരിച്ചടിയെന്നോണം പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം ചൈനയ്ക്കുമേൽ 100% അധികത്തീരുവ പ്രഖ്യാപിച്ചതാണ് വ്യാപാരയുദ്ധത്തെ പുതിയതലത്തിലേക്ക് നയിച്ചത്.
ഉരിയാടാതെ ചൈന; കാര്യമില്ലെന്ന് ട്രംപ്
റെയർ എർത്തിന്റെ 70 ശതമാനവും കൈവശമുള്ള ചൈന, കുത്തകമേധാവിത്തം നേടാനുള്ള ശ്രമത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. എന്നാൽ, യുഎസിന് ഇരട്ടത്താപ്പാണെന്നും ലോകത്ത് ഏറ്റവുമധികം വസ്തുക്കൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള രാജ്യം യുഎസ് ആണെന്നും ചൈന തിരിച്ചടിച്ചിരുന്നു.
ഇതിനിടെ, ദക്ഷിണ കൊറിയയിൽവച്ച് ഈമാസം ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തേണ്ടിയിരുന്ന കൂടിക്കാഴ്ചയും തുലാസിലായി.
കൂടിക്കാഴ്ചയെ കുറിച്ച് ചൈനീസ് അധികൃതർ ഇനിയും മിണ്ടിയിട്ടില്ല. അതേസമയം, ഷിയുമായി ഇനി ചർച്ച നടത്തുന്നതുകൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു ട്രംപും പറഞ്ഞത്.
ഭിന്നത കൂടുതൽ വഷളായത് ഇരു രാജ്യങ്ങളും തമ്മിലെ വിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്. താരിഫ് വിഷയത്തിൽ യുഎസും ചൈനയും തമ്മിൽ 90-ദിന പരിധിയിൽനിന്നുകൊണ്ട് ചർച്ചകൾ പുരോഗമിക്കവേയാണ് ചൈന റെയർ എർത്തിൽ കടുംപിടിത്തം നടത്തിയതും ട്രംപ് തീരുവ കൂട്ടി തിരിച്ചടിച്ചതും.
കൂപ്പുകുത്തി ചൈനീസ് കയറ്റുമതി
കഴിഞ്ഞമാസം ചൈനയുടെ മൊത്തം കയറ്റുമതി 8.3 ശതമാനം ഉയർന്നെങ്കിലും യുഎസിലേക്കുള്ളത് 27% ഇടിഞ്ഞെന്നത്, നിലവിലെ വ്യാപാരയുദ്ധം ചൈനയെ സാരമായി ബാധിക്കുന്നുണ്ടെന്നതിന്റെ സൂചനയുമായി.
യുഎസിൽ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതി 16 ശതമാനവും ഇടിഞ്ഞു. യുഎസ്-ചൈന പോരിന് അയവില്ലാത്തത് ഓഹരി വിപണികളെ സമ്മിശ്രപാതയിലേക്കും നയിച്ചു.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.77% താഴേക്കുപോയി. എന്നാൽ ചൈനയിൽ ഷാങ്ഹായ് സൂചിക 0.57%, ഹോങ്കോങ് സൂചിക 0.22% എന്നിങ്ങനെ കയറി.
ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.25% താഴ്ന്നു.
യൂറോപ്പിൽ ഡാക്സ് 0.60%, എഫ്ടിഎസ്ഇ 0.16% എന്നിങ്ങനെ നേട്ടം കുറിച്ചു.
യുഎസ് ഓഹരികൾക്ക് മിന്നുംനേട്ടം
അതേസമയം യുഎസ് ഓഹരികൾ മികച്ച നേട്ടത്തിലേക്ക് തിരിച്ചുകയറി. ചൈനയെക്കുറിച്ച് പേടിക്കേണ്ടെന്നും എല്ലാം ശരിയാകുമെന്നും ട്രംപ് കഴിഞ്ഞദിവസം ട്രൂത്ത് സോഷ്യലിൽ പോസ്റ്റിട്ടതാണ് യുഎസ് ഓഹരികൾക്ക് പ്രധാനമായും ഊർജമായത്.
നാസ്ഡാക് 2.21%, ഡൗ 1.29%, എസ് ആൻഡ് പി 1.56% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ഫ്യൂച്ചേഴ്സ് വിപണിയിലും സൂചികകൾ നേരിയ നേട്ടത്തിലേറി.
ഇന്ത്യയിൽ ഇന്നുരാവിലെ ഗിഫ്റ്റി നിഫ്റ്റി നേരിയ നേട്ടം കുറിച്ചു.
സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടങ്ങിയേക്കുമെന്ന പ്രതീക്ഷ ഇതു നൽകുന്നു. എങ്കിലും കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ സംബന്ധിച്ച ആശങ്ക നിക്ഷേപകർക്കിടയിൽ ശക്തമാണ്.
റീട്ടെയ്ൽ പണപ്പെരുപ്പം സെപ്റ്റംബറിൽ 8 വർഷത്തെ താഴ്ചയിലേക്ക് വീണത് വിപണിക്ക് കരുത്താകും. യുഎസ്-ചൈന തർക്കം ഒഴിഞ്ഞേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ക്രൂഡ് ഓയിൽ വില നേരിയ നേട്ടത്തിലേക്ക് കയറി.
കത്തിക്കയറി സ്വർണം
അതേസമയം, ‘സുരക്ഷിത നിക്ഷേപ’ പെരുമയുമായി സ്വർണവും വെള്ളിയും കത്തിക്കയറുകയാണ്.
രാജ്യാന്തര സ്വർണവില ഔൺസിന് ഒറ്റയടിക്ക് 125 ഡോളറിലധികം കയറി സർവകാല ഉയരമായ 4,148.64 ഡോളറിൽ എത്തി. കേരളത്തിൽ ഇന്നുവില പവന് 93,000 രൂപ ഭേദിച്ചാലും അത്ഭുതപ്പെടേണ്ട.
വെള്ളിവിലയും തീക്കുതിപ്പിലാണ്. രാജ്യാന്തരവില ഔൺസിന് 5.46% നേട്ടവുമായി 53 ഡോളറിനടുത്തായി.
റെക്കോർഡാണ് ഇതും. കേരളത്തിൽ വില ഇന്നു ഗ്രാമിന് 190 രൂപ ഭേദിക്കാം.
രൂപ ഇന്നലെ ഡോളറിനെതിരെ 4 പൈസ ഉയർന്ന് 88.68ൽ എത്തിയിരുന്നു.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും ഇന്ത്യൻ ഓഹരികൾ വിൽക്കുകയാണ്. ഇന്നലെ 240 കോടി രൂപ അവർ പിൻവലിച്ചു.
ക്രൂഡ് വില വർധനയും വിദേശ നിക്ഷേപ നഷ്ടവും രൂപയ്ക്ക് സമ്മർദമായേക്കാം.
ലാഭവിഹിതവുമായി എച്ച്സിഎൽ ടെക്
എച്ച്സിഎൽ ടെക്കിന്റെ രണ്ടാംപാദ ലാഭത്തിൽ വാർഷികാടിസ്ഥാനത്തിൽ കാര്യമായ മാറ്റമില്ല. വരുമാനം 10.7% ഉയർന്നു.
കമ്പനി ഓഹരിക്ക് 12 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ടെക് മഹീന്ദ്ര, ഐസിഐസിഐ ലൊമ്പാർഡ്, ഐസിഐസിഐ പ്രുഡൻഷ്യൽ, ഐആർഇഡിഎ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ലീല ഹോട്ടൽസ് തുടങ്ങിയവ ഇന്നു പ്രവർത്തനഫലം പുറത്തുവിടും.
എൽജി ലിസ്റ്റിങ് ഇന്ന്
എൽജി ഇലക്ട്രോണിക്സ് ഓഹരികളുടെ ലിസ്റ്റിങ് ഇന്ന് രാവിലെ 10ഓടെ നടക്കും.
11,607 കോടി രൂപയുടെ ഐപിഒ 2025ലെ ഏറ്റവുംവലിയ സബ്ക്രിപ്ഷനോടെ റെക്കോർഡ് കുറിച്ചിരുന്നു. 30-35% നേട്ടത്തോടെയായിരിക്കും ലിസ്റ്റിങ് എന്നാണ് വിലയിരുത്തൽ.
ഐപിഒ വില 1,140 രൂപയായിരുന്നെങ്കിൽ ഇതിനേക്കാൾ 360 രൂപയോളം ഉയരത്തിലാണ് ഇന്നലെ ഗ്രേ മാർക്കറ്റ് വില (ജിഎംപി) ഉണ്ടായിരുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]