യുഎസിനെ പ്രതിസന്ധിയിലാക്കി സർക്കാരിന്റെ ഭരണസ്തംഭനം (ഗവ. ഷട്ട്ഡൗൺ) 13-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ട്രംപ് സർക്കാര്‍ ഫെഡറൽ ജീവനക്കാരെ കൂട്ടത്തോടെ തൽക്കാലത്തേയ്ക്കു പിരിച്ചു വിട്ടു തുടങ്ങി.
ഡെമോക്രറ്റുകളുടെ മേൽ കൂടുതൽ സമ്മർദം ചെലുത്താനുള്ള തന്ത്രമാണിതെന്ന് വിലയിരുത്തലുകളുണ്ട്.
ഇതു വിവിധ സര്‍ക്കാർ ഏജൻസികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുമുണ്ട്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കെതിരെ ജനരോഷം ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ ഭരണ വിഭാഗത്തിൽ നിന്നുള്ള ഈ അസാധാരണ നീക്കം.
4000 ത്തിലേറെ ജീവനക്കാരെ ഫെഡറൽ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് തൽക്കാലത്തേയ്ക്ക് പിരിച്ചുവിട്ടതായി നോട്ടിസ് നൽകിയിട്ടുണ്ട്.
വൈറ്റ്ഹൗസ് ഓഫിസ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ റസൽ വോൾട്ട് ഇക്കാര്യം എക്സിൽ കുറിച്ചു. ആരോഗ്യ, മനുഷ്യവിഭവ സേവനം, ഊർജം, സുരക്ഷ, വിദ്യഭ്യാസം, ട്രഷറി, കൊമേഴ്സ്, ഭവന–നഗരവികസനം തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ താൽക്കാലിക പിരിച്ചുവിടൽ നോട്ടിസ് നൽകിയിട്ടുള്ളത്.
ശമ്പളമില്ല
ഷട്ട്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബർ ഒന്നു മുതൽ വിവിധ ഫെഡറൽ ഡിപ്പാർട്ട്മെന്റുകൾ നിശ്ചലമാണ്.
വിവിധതലങ്ങളിലുള്ള ജീവനക്കാർക്ക് തങ്ങളുടെ ആദ്യ ആഴ്ചയിലെ ശമ്പളം ലഭിച്ചിട്ടുമില്ല. ആരോഗ്യ വിഭാഗത്തിൽ 1,100 പേർക്കാണ് പിരിച്ചു വിടൽ നോട്ടിസ് കിട്ടിയിട്ടുള്ളത്.
ആയിരക്കണക്കിന് ജീവനക്കാർ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. അതേസമയം അടിയന്തര മേഖലയിലുള്ളവർ ശമ്പളമില്ലാതെ സേവനം ചെയ്യുന്ന അവസ്ഥയാണ്.
അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത 67% പേർ ഭരണസ്തംഭനത്തിന് കുറ്റപ്പെടുത്തിയത് പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെത്തന്നെയാണ്.
63% ജനങ്ങളും നിലവിലെ പ്രതിസന്ധിക്ക് ട്രംപിനെ പഴിചാരുകയാണെന്നും സർവേ റിപ്പോർട്ട് പറയുന്നു. 63% പേര് ഡെമോക്രാറ്റുകളെ വിമർശിക്കുന്നുണ്ട്.
രാഷ്ട്രീയ മുതലെടുപ്പ്
യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് അംഗങ്ങൾ തമ്മിലുള്ള ബജറ്റ് തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസ് ഫെഡറൽ സർക്കാർ ഒക്ടോബർ ഒന്നിനാണ് ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്.
തുടർന്ന് ദൈനംദിന ചെലവുകൾക്കു പണമില്ലാത്ത അവസ്ഥയിലാണ് വിവിധ സർക്കാർ വകുപ്പുകൾ അടച്ചു പൂട്ടിയത്. തുടർന്നുണ്ടായ ചർച്ചകൾ സമവായത്തിലെത്തിയിട്ടില്ല.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കുന്നതാണ് അടച്ചുപൂട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നത്.
അടച്ചു പൂട്ടൽ അധിക നാൾ നീണ്ടാൽ കാര്യങ്ങൾ അവതാളത്തിലാകുമെന്നും ഉടൻ പരിഹാരം വേണമെന്നും അമേരിക്കക്കാർ പറയുന്നു. ഫെഡറൽ ഓഫിസുകളിൽ വിവിധ വകുപ്പുകളിൽ ആളില്ലാത്തതിനാൽ സേവനം ലഭ്യമല്ല.
കൂടുതല്‍ പിരിച്ചുവിടൽ
സാമൂഹ്യ സുരക്ഷാ പേയ്മെന്റുകൾ, വിദ്യാർഥികൾക്കുള്ള സഹായങ്ങള്‍, ആരോഗ്യ പരിചരണ ചെലവുകൾ ഇവയെല്ലാം ഭാഗികമായെങ്കിലും മുടങ്ങിയിട്ടുണ്ട്. വൃദ്ധർക്കും ദരിദ്രർക്കും വേണ്ടിയുള്ള സാമൂഹിക ആരോഗ്യ പദ്ധതികളായ മെഡികെയർ, മെഡികെയ്ഡ് എന്നിവ തുടരുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവു ജോലിക്ക് തടസ്സമാകുന്നുണ്ട്.
പ്രവർത്തന ഫണ്ടില്ലാത്തതിനാൽ മൃഗശാലകൾ വരെ അടച്ചു പൂട്ടി. ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]