വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധപ്രഖ്യാപനം കേട്ടാണ് പോയവാരം കടന്നു പോയത്. ചൈനയ്ക്കെതിരെ 100% ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയതോടെ അവരുടെ മൊത്തം ചുങ്കം 130 ശതമാനമായിരിക്കുന്നു.
തൊട്ടുപിന്നാലെ യുഎസ് വിപണികളിലും വലിയ തകർച്ചയുണ്ടായി.
ആശ്വാസത്തിന്റെ ഒരു വാരമാണ് ഇന്ത്യൻ വിപണികളിൽ കടന്നു പോയത്. ബുധനാഴ്ച ഒഴികയുള്ള 4 ദിവസങ്ങളിലും ഓഹരി വിപണി നേട്ടത്തിലായിരുന്നു.
അവസാന 2 ദിവസങ്ങളിൽ മുഖ്യ സൂചികകൾ രണ്ടും ശ്രദ്ധേയമായ മുന്നേറ്റം നടത്തി. വാരാവസാനം സെൻസെക്സ് 82,500ലും നിഫ്റ്റി 25,285ലും എത്തി.
ഇവ രണ്ടും പോയ ആഴ്ചയിൽ യഥാക്രമം 1294 പോയിന്റും 391 പോയിന്റും നേട്ടമുണ്ടാക്കി.
ഐടി, ബാങ്കിങ് ഓഹരികളുടെ പ്രകടനമാണ് വിപണിയെ തിരിച്ചുവരവിന് സഹായിച്ചത്. ഫാർമ, റിയൽറ്റി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും പിന്തുണ നൽകി.
കൂടാതെ, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും രണ്ടാംപാദ ഫല കാലത്തിന്റെ ആരംഭവും എസ്ബിഐ പോലുള്ള ബാങ്കുകളുടെ തലപ്പത്തേക്കു സ്വകാര്യ മേഖലയിൽ നിന്ന് ആളെ കണ്ടെത്താനുള്ള സർക്കാർ നീക്കവും അമേരിക്ക ബയോടെക്നോളജി മേഖലയിൽ ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കാൻ തീരുമാനിച്ചതും വ്യാപാര ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ട്രംപും നരേന്ദ്ര മോദിയും വിലയിരുത്തിയതും വിപണിയുടെ മുന്നേറ്റത്തിന് ഊർജം പകർന്നു. സെപ്റ്റംബറിൽ എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) മുഖേന മ്യൂച്വൽ ഫണ്ടിലേക്കെത്തിയത് 30000 കോടി രൂപയാണെന്നാണ് കണക്കുകൾ.
മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 75 ലക്ഷം കോടി പിന്നിട്ടു. വിപണിയിൽ നിക്ഷേപകർക്കുള്ള വിശ്വാസം ദൃഢപ്പെടുന്നതിന്റെ സൂചനയാണിത്.
രണ്ടാംപാദ പ്രകടനം നിർണായകം
ഈ ആഴ്ചയും മുന്നേറ്റത്തിനാണ് സാധ്യതയെങ്കിലും ഈ കാലയളവിൽ വരുന്ന രണ്ടാംപാദ ഫലങ്ങളെ ആശ്രയിച്ചിരിക്കും ഇത്.
പ്രമുഖ കമ്പനികളുടെ രണ്ടാംപാദ പ്രകടനം വിപണിയുടെ പ്രതീക്ഷയ്ക്കു താഴെയാണെങ്കിൽ വിപണി വീണ്ടും ഇറക്കത്തിലേക്കു പോകാനാണ് സാധ്യത.
റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, വിപ്രോ, ആക്സിസ് ബാങ്ക്, ഐആർഇഡിഎ, ഐആർഎഫ്സി, നെസ്ലെ, ജിയോ ഫിനാൻഷ്യൽ സർവീസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഫലങ്ങളാണ് ഈ ആഴ്ച പ്രതീക്ഷിക്കുന്നത്. വിപണി ഇപ്പോൾ വാങ്ങലിന്റെ പാതയിൽ എത്തിയെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
ഈ ട്രെൻഡ് തുടരുകയാണെങ്കിൽ ഈ ആഴ്ച നിഫ്റ്റി 25,500 മുതൽ 25,800 വരെ പോയേക്കാം. നിഫ്റ്റി 25,800 കടക്കുകയാണെങ്കിൽ റാലിക്കു സാധ്യതയുണ്ട്.
ഇറക്കത്തിലേക്കു പോയാൽ 25,150 വരെ എത്തിയാലും വലിയ ആശങ്കയ്ക്കു സാധ്യതയില്ല. തിരിച്ചുവരവിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
എന്നാൽ നിഫ്റ്റി 25,150നു താഴെ പോയാൽ വലിയ ഇടിവിനും സാധ്യതയുണ്ട്.
ഐപിഒ തരംഗം
അതിവേഗം വളരുന്ന ഇന്ത്യൻ നിക്ഷേപക സമൂഹം ഐപിഒ വിപണിയിലേക്കും ഇടിഎഫുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ച 8 ഐപിഒകൾ കൂടി വിപണിയിൽ നിന്ന് സമാഹരിച്ചത് 30,387 കോടി രൂപയാണ്.
ഇതിൽ എൽജി ഇലക്ട്രോണിക്സായിരുന്നു താരം. 10.18 കോടി ഓഹരികൾക്ക് 54.02 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്.
എന്നാൽ ടാറ്റ ക്യാപ്പിറ്റലിനു ലഭിച്ചതാകട്ടെ വെറും 1.95 മടങ്ങ് അപേക്ഷകൾ മാത്രം. ഇവിടെയാണ് ഇന്ത്യൻ നിക്ഷേപകരിൽ വന്ന മാറ്റം ശ്രദ്ധേയമാകുന്നത്.
ഇപ്പോൾ സ്വർണത്തോടൊപ്പം വെള്ളിയിലും നിക്ഷേപകർ ആവേശം കാണിച്ചു തുടങ്ങി.
മുംബൈയിലെ സിൽവർ എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടിൽ (ഇ ടി എഫ്) നിക്ഷേപം കൂട്ടത്തോടെ വന്നതോടെ ഫണ്ട് നടത്തിപ്പുകാർ കഴിഞ്ഞ വ്യാഴാഴ്ച വല്ലാതെ ബുദ്ധിമുട്ടി. നിക്ഷേപത്തിന്റെ തുല്യ മൂല്യമുള്ള വെള്ളി അവരുടെ പക്കൽ ഇല്ലാത്തതുകൊണ്ട് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ അവർ വലിയ സമ്മർദത്തിലായി.ലോകത്തിന്റെ പല ഭാഗത്തും ഇടിഎഫുകൾ, വെള്ളിയുടെ ക്ഷാമം മൂലം നിക്ഷേപം സ്വീകരിക്കുന്നത് തന്നെ നിർത്തിവച്ചു.
ട്രംപ് വെള്ളിക്കും തീരുവ കൂട്ടുമെന്ന പേടിയിൽ അവിടത്തെ വ്യാപാരികൾ വലിയ തോതിൽ വെള്ളി ഇറക്കുമതി ചെയ്താണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. കടിഞ്ഞാൺ പൊട്ടി പായുന്ന കുതിരപോലെ കുതിക്കുന്ന സ്വർണവില ഔൺസിന് ( 28.
35 ഗ്രാം) 4000 ഡോളറും കടന്നു. സംഗതികൾ മാറ്റമില്ലാതെ തുടരുകയാണെങ്കിൽ ഇത് ഈ വർഷം തന്നെ 5000 ഡോളറിൽ എത്തും.
എന്നാൽ സ്വർണ വില കൂടുന്നതിൽ ഇന്ത്യയ്ക്കു സന്തോഷിക്കാൻ വകയുണ്ട്.
വിലയിൽ 62 ശതമാനം കുതിപ്പുണ്ടായപ്പോൾ ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 3.8 ലക്ഷം കോടി ഡോളറായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

