ദില്ലി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ഫോളോ ഓൺ വഴങ്ങിയെങ്കിലും മികച്ച ചെറുത്തുനിൽപ്പ് കാഴ്ചവെച്ച വിൻഡീസ്, ഇന്ത്യക്ക് മുന്നിൽ 121 റൺസിൻ്റെ വിജയലക്ഷ്യമാണ് വെച്ചത്.
മറുപടി ബാറ്റിംഗിൽ നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എടുത്തിട്ടുണ്ട്. 30 റൺസോടെ സായ് സുദർശനും 25 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ.
8 റൺസെടുത്ത യശസ്വി ജയ്സ്വാളിൻ്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. വാറിക്കനാണ് ജയ്സ്വാളിനെ പുറത്താക്കിയത്.
നാലാം ദിനം രണ്ടിന് 173 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിനായി കാംപെൽ സെഞ്ചുറി നേടി. ജഡേജയെ സിക്സറടിച്ചാണ് കാംപെൽ തൻ്റെ ശതകം തികച്ചത്.
എന്നാൽ സെഞ്ചുറിക്ക് പിന്നാലെ ജഡേജയുടെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച താരം വിക്കറ്റിന് മുന്നിൽ കുടുങ്ങി. 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കാംപെലിൻ്റെ ഇന്നിംഗ്സ്.
മൂന്നാം വിക്കറ്റിൽ ഷായ് ഹോപ്പുമായി ചേർന്ന് 177 റൺസിൻ്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമായിരുന്നു താരത്തിൻ്റെ മടക്കം. തൊട്ടുപിന്നാലെ ഷായ് ഹോപ്പും സെഞ്ചുറി പൂർത്തിയാക്കി.
12 ഫോറും രണ്ട് സിക്സും ഉൾപ്പെട്ടതായിരുന്നു ഹോപ്പിൻ്റെ ഇന്നിംഗ്സ്. എന്നാൽ സെഞ്ചുറി നേടിയ ഉടൻ തന്നെ ഹോപ്പിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കി.
സെഞ്ചുറി നേടിയ ഇരുവരും പുറത്തായതോടെ വിൻഡീസ് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ക്യാപ്റ്റൻ റോസ്റ്റൺ ചേസ് (40) കുൽദീപ് യാദവിൻ്റെ പന്തിൽ പുറത്തായി.
പിന്നാലെ വന്ന ടെവിൻ ഇമ്ലാച്ച് (12), ഖാരി പിയറി (0), ജോമൽ വാറിക്കൻ (3), ആൻഡേഴ്സൺ ഫിലിപ്പ് (2) എന്നിവർക്ക് ക്രീസിൽ നിലയുറപ്പിക്കാനായില്ല. ഇതോടെ മൂന്നിന് 217 എന്ന ശക്തമായ നിലയിൽ നിന്ന് വിൻഡീസ് ഒമ്പതിന് 311 എന്ന നിലയിലേക്ക് വീണു.
എന്നാൽ പത്താം വിക്കറ്റിൽ ഒന്നിച്ച ഗ്രീവ്സ് – സീൽസ് സഖ്യം 79 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ 390 റൺസിലെത്തിച്ചു. 32 റൺസെടുത്ത സീൽസിനെ പുറത്താക്കി ബുമ്രയാണ് ഈ കൂട്ടുകെട്ട് തകർത്തത്.
ഗ്രീവ്സ് 50 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്രയും കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി. കൂടുതൽ വാർത്തകൾക്കും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കുമായി newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]