പുനലൂർ ∙ പുനലൂരിലെ ഗതാഗത സ്തംഭനത്തിനു പരിഹാരം കാണുന്നതിനു കല്ലടയാറിനു കുറുകെ പുതുതായി പാലം നിർമിക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നു. കല്ലടയാറിന്റെ തീരത്തുള്ള പുനലൂർ തൃക്കോതേശ്വരം മഹാദേവർ ക്ഷേത്രക്കടവിൽ സർവേ നടപടികൾ ആരംഭിച്ചു.
പി.എസ്.സുപാൽ എംഎൽഎ, നഗരസഭാധ്യക്ഷ കെ.പുഷ്പലത എന്നിവരുടെ സാന്നിധ്യത്തിലാണു സർവേ ആരംഭിച്ചത്.
പൂർത്തിയാക്കി രണ്ടു മാസത്തിനുള്ളിൽ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാനാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു. ശിവൻകോവിൽ കടവിൽ നിന്ന് നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവർ ക്ഷേത്രത്തിനു മുന്നിലായി പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ ചേരുംവിധമാണു പാലം നിർമിക്കാൻ പദ്ധതിയിടുന്നത്.
ഏകദേശം 120 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമായിരിക്കും പാലം.
സമീപന റോഡുകൾ ഉൾപ്പെടെ മൊത്തം 160 മീറ്ററോളം നീളം വരും. കെഎസ്ആർടിസി ജംക്ഷനിൽ നിന്ന് മൂർത്തിക്കാവുവഴി ശിവൻകോവിലിലേക്ക് ഉള്ള റോഡിന്റെ തുടർച്ചയെന്ന നിലയിലായിരിക്കും പാലം.
നിലവിൽ പുനലൂരിൽ കല്ലടയാർ കടക്കാൻ തൂക്കുപാലത്തോടു ചേർന്നുള്ള വലിയപാലം മാത്രമേയുള്ളൂ.
ഈ പാലത്തിനു ബലക്ഷയമുണ്ടായാൽ പുഴ കടക്കാൻ വാഹനങ്ങൾക്കു കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടിവരും. എറണാകുളം ആസ്ഥാനമായ കമ്പനിയാണ് സർവേക്കും പഠനത്തിനും കരാർ എടുത്തിട്ടുള്ളത്.
ഈ ആവശ്യമുന്നയിച്ച് എംഎൽഎ സർക്കാരിനു നിവേദനം നൽകുകയും തുടർന്നു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ടോക്കൺ പ്രൊവിഷൻ ലഭിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഭൂമി ഏറ്റെടുക്കലിനും നിർമാണ പ്രവൃത്തിക്കുമായി മരാമത്തു വകുപ്പ് (പാലങ്ങൾ വിഭാഗം) 22 കോടി രൂപയുടെ അടങ്കൽ തയാറാക്കി. ഇതു സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തി ഡിപിആർ തയാറാക്കാൻ സർക്കാർ 7.33 ലക്ഷം രൂപ അനുവദിച്ചു. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച സർവേ ആരംഭിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

