പനമരം / ബത്തേരി ∙ ജില്ലയിൽ നെൽക്കർഷകരെ ആശങ്കയിലാക്കി നെല്ലിന് ഓലകരിച്ചിലും മഞ്ഞളിപ്പുരോഗവും വ്യാപകമാകുന്നു. ഇഞ്ചിക്കു പിന്നാലെ നെല്ലിലും രോഗം പടരുന്നതിൽ ആശങ്കയിലാണു കർഷകർ.
പൂതാടി പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന നെയ്ക്കുപ്പ – ചെഞ്ചടി പാടശേഖരങ്ങളിലും നൂൽപുഴ പഞ്ചായത്തിലെ ഒട്ടേറെ പാടങ്ങളിലുമാണു മഞ്ഞളിപ്പും കരിച്ചിലും വ്യാപകം. നെൽച്ചെടികളിൽ മഞ്ഞളിപ്പ് ബാധിച്ചതിനു പിന്നാലെ ഓലകൾ കരിയുന്ന സ്ഥിതിയിലാണ് രോഗം കാണപ്പെടുന്നത്.
ഇലയുടെ അറ്റത്തു നിന്ന് ആരംഭിക്കുന്ന കരിച്ചിൽ നെല്ലോലയെ പൂർണമായി ബാധിച്ച് കരിഞ്ഞ് ഉണങ്ങുന്നതാണ് രോഗ ലക്ഷണം.
നെൽച്ചെടികളിൽ ഇലകളുടെ രണ്ട് അരികുകളിലും മഞ്ഞളിപ്പ് കാണപ്പെടുന്നതിന് പിന്നാലെയാണ് നെല്ലോല കരിഞ്ഞുണങ്ങുന്നത്. ഇത് ബാക്ടീരിയൽ ഇല കരിയൽ രോഗമാണെന്ന് സംശയിക്കുന്നതായി കർഷകർ പറയുന്നു.
25 മുതൽ 34 ഡിഗ്രി വരെയുള്ള അന്തരീക്ഷ ഊഷ്മാവും 70 ശതമാനത്തിലധികം ആർദ്രതയോടും കൂടിയ കാലാവസ്ഥയിലാണ് ഓലകരിച്ചിൽ രോഗം കണ്ടുവരുന്നത്. പ്രാരംഭ ദിശയിൽ തന്നെ പ്രതിരോധം നടത്തിയില്ലെങ്കിൽ രോഗം പടർന്ന് പിടിക്കുമെന്നും ഇത് മൂലം 50 ശതമാനത്തിലധികം വിളനാശം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കർഷകർ പറയുന്നു.
നെയ്ക്കുപ്പ ചെഞ്ചടി വയലിൽ ചെഞ്ചടി അനന്തു കൃഷ്ണന്റെ നെൽക്കൃഷിയിലാണ് രോഗം വ്യാപകമായിരിക്കുന്നത്.കഴിഞ്ഞ തവണ ഇഞ്ചി കൃഷിയിറക്കിയ ഭാഗത്തെ വയലിലാണ് രോഗം ആദ്യം കണ്ടു തുടങ്ങിയതെന്നും ദിവസങ്ങൾക്കുള്ളിൽ ഇത് ഗന്ധകശാല അടക്കമുള്ള ഏക്കറുകണക്കിന് നെൽക്കൃഷിയിലേക്ക് വ്യാപിക്കുകയായിരുന്നു എന്നും അനന്തു പറയുന്നു.
രോഗം ബാധിച്ച വിവരം കൃഷി വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
രോഗം ബാധിച്ച പാടശേഖരങ്ങൾ അടിയന്തരമായി കൃഷി വകുപ്പ് അധികൃതർ സന്ദർശിക്കണമെന്നും രോഗബാധ നിയന്ത്രിക്കാനാവശ്യമായ നടപടി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടാകണമെന്നുമാണു കർഷകരുടെ ആവശ്യം.കഴിഞ്ഞ വർഷം കരിച്ചിൽ രോഗം പലയിടത്തും കണ്ടെങ്കിലും പടർന്നു പിടിക്കാതെ മാറിയിരുന്നതായി നൂൽപുഴയിലെ കർഷകർ പറ ഞ്ഞു. തുടർച്ചയായ മഴ മാറിയപ്പോഴാണ് രോഗം കൂടുതലായി കാണുന്നത്.
വന്യജീവികൾ കൃഷിയിടത്തിൽ വരുത്തുന്ന നാശനഷ്ടത്തിന് പുറമേയാണ് വയലേലകളിൽ രോഗബാധ കൂടി ഉണ്ടാകുന്നത്. വാഴ, ഇഞ്ചി, ചേന വിളകളിലും രോഗബാധ വ്യാപകമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]