ഇസ്രയേലും ഹമാസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ‘ഗാസ സമാധാന’ കരാർ ആഗോളതലത്തിൽ ഓഹരി വിപണികൾക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ചൈനയും യുഎസും തമ്മിലെ വ്യാപാരയുദ്ധം വീണ്ടും കലുഷിതമാകുന്നത്. അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കവും ഇതിനു തിരിച്ചടിയായി ചൈനയ്ക്കുമേൽ 100% അഡിഷണൽ തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയും കഴിഞ്ഞ വാരാന്ത്യം യുഎസ്, ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികളെ രക്തച്ചൊരിച്ചിലിലേക്ക് നയിച്ചിരുന്നു.
ചൈനയും യുഎസും തമ്മിലെ ബന്ധം വീണ്ടും വഷളാകുന്നത് ഇന്നും ആഗോള ഓഹരി വിപണികളെ സാരമായി ഉലച്ചേക്കുമെന്ന ഭീതിയും വീശിയടിച്ചിരുന്നു.
വ്യാപാരയുദ്ധത്തെ പേടിക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ ആശങ്ക കൂടുകയും ചെയ്തു. എന്നാൽ, റെയർ എർത്ത് കയറ്റുമതി നിയന്ത്രിച്ചിട്ടില്ലെന്നും ലൈസൻസിങ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ച് ചൈന സ്വരം മയപ്പെടുത്തിയിട്ടുണ്ട്.
പിന്നാലെ, ചൈനയെ കുറിച്ച് ഓർത്തു പേടിക്കേണ്ടെന്നും എല്ലാം ശരിയാകുമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റിടുകയും ചെയ്തത് ഓഹരി വിപണികൾക്ക് മഞ്ഞുരുകലിന്റെ പ്രതീക്ഷയാണ് നൽകുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കാനുള്ള സാധ്യതയുമേറി. ട്രംപിന്റെ പോസിറ്റിനു പിന്നാലെ യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് സൂചിക 358 പോയിന്റ് (+0.8%) ഉയർന്നു.
എസ് ആൻഡ് പി ഫ്യൂച്ചേഴ്സ് 1%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 1.2% എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
അതേസമയം, ഓഹരി നിക്ഷേപകരെ അലട്ടുന്ന ആശങ്കകൾ വേറെയും ഒട്ടേറെയുണ്ട്. 1) പരിഹാരമില്ലാതെ നീളുന്ന യുഎസ് ഷട്ട്ഡൗൺ.
2) ഉടൻ പുറത്തുവരുന്ന യുഎസിന്റെയും ഇന്ത്യയുടെയും റീട്ടെയ്ൽ പണപ്പെരുപ്പ കണക്കുകൾ. 3) യുഎസ് ഫെഡറൽ ബാങ്ക് ചെയർമാൻ ജെറോം പവൽ, അദ്ദേഹത്തിന്റെ എതിരാളിയും ട്രംപ് അനുകൂലിയുമായ മിറൻ എന്നിവരുടെ പ്രഭാഷണങ്ങൾ.
4) കോർപറേറ്റ് പ്രവർത്തനഫലങ്ങൾ. ഇങ്ങനെ നീളുന്നു വെല്ലുവിളികളുടെ പട്ടിക.
എച്ച്സിഎൽ ടെക്, ആനന്ദ് റാഥി വെൽത്ത്, ജസ്റ്റ് ഡയൽ തുടങ്ങിയവ ഇന്ന് സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടും.
റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ജിയോ ഫിനാൻഷ്യൽ സർവീസസ്, വിപ്രോ, എച്ച്ഡിഎഫ്സി ലൈഫ്, നെസ്ലെ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, അൾട്രടെക് സിമന്റ് തുടങ്ങിയ വമ്പന്മാരും ഈയാഴ്ച പ്രവർത്തനഫലം പുറത്തുവിടുമെന്നത് ഓഹരിനിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ജാപ്പനീസ് നിക്കേയ്, ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ്, യൂറോപ്പിൽ എഫ്ടിഎസ്ഇ, ഡാക്സ് എന്നിവ യുഎസ്-ചൈന ബന്ധം വീണ്ടും മോശമാകുന്നുവെന്ന ആശങ്കമൂലം 1.5 ശതമാനത്തോളം ഇടിഞ്ഞതും തിരിച്ചടിയാണ്. ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 50 പോയിന്റ് താഴ്ന്നുവെന്നതാണ് മറ്റൊരു ടെൻഷൻ. സെൻസെക്സും നിഫ്റ്റിയും താഴ്ന്ന് വ്യാപാരം ചെയ്യുമെന്നതിന്റെ സൂചനയാണിത്.
5-മാസത്തെ താഴ്ചയിലേക്ക് യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം വീണ രാജ്യാന്തര ക്രൂഡ് ഓയിൽ വില, ട്രംപിന്റെ പോസ്റ്റിനു പിന്നാലെ തിരിച്ചുകയറി.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.29% ഉയർന്ന് 59.66 ഡോളറായി. ബ്രെന്റ് വില 1.24% ഉയർന്ന് 63.51 ഡോളറും.
എണ്ണവില തിരിച്ചുകയറിയത് രൂപയ്ക്ക് സമ്മർദമായേക്കാം. കഴിഞ്ഞയാഴ്ചയിലെ അവസാന സെഷനിൽ ഡോളറിനെതിരെ രൂപ 88.78ൽ നിന്ന് 88.68ലേക്ക് നില മെച്ചപ്പെടുത്തിയിരുന്നു.
ഗാസ ഉടമ്പടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഫോണിൽ സംസാരിച്ചതും പരസ്പരം പുകഴ്ത്തിയതും പിന്നാലെ, ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരചർച്ചകൾ വീണ്ടും സജീവമാകുന്നുവെന്ന് മോദി വ്യക്തമാക്കിയതും കയറ്റുമതി അധിഷ്ഠിത കമ്പനികളുടെ ഓഹരികൾക്ക് നേട്ടമായേക്കും.
കിറ്റെക്സ് ഉൾപ്പെടെയുള്ള ടെക്സ്റ്റൈൽ ഓഹരികൾ കഴിഞ്ഞയാഴ്ച നേട്ടത്തോടെയായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഐടിക്കും ഫാർമയ്ക്കും നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
യുഎസ് ഷട്ട്ഡൗൺ, ചൈന-യുഎസ് വ്യാപാരയുദ്ധം എന്നിവയുടെ പശ്ചാത്തലത്തിൽ സ്വർണവില തിരിച്ചുകയറ്റം തുടങ്ങി.
ഔൺസിന് കഴിഞ്ഞവാരം ഒരുവേള 4,000 ഡോളറിന് താഴെപ്പോയ രാജ്യാന്തരവില ഇന്നുള്ളത് 64 ഡോളർ ഉയർന്ന് 4,050 ഡോളറിൽ. കേരളത്തിൽ ഇന്നുവില അടുത്ത റെക്കോർഡ് തകർത്തേക്കും.
സംസ്ഥാനത്ത് സ്വർണവില നിർണയം സംബന്ധിച്ച് ജ്വല്ലറി അസോസിയേഷനുകൾക്കിടയിൽ ഭിന്നതയുണ്ട്. പലരും പലവില ഇടുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശയക്കുഴപ്പവുമാണ്.
അതേസമയം, ഗാസയിൽ സമാധാനത്തിന്റെ കിരണങ്ങൾ തെളിയുമ്പോഴും റഷ്യ-യുക്രെയ്ൻ സംഘർഷം പക്ഷേ, കൂടുതൽ വഷളാവുകയാണ്.
സമാധാന ചർച്ചകൾക്ക് റഷ്യ തയാറാവുന്നില്ലെങ്കിൽ, യുക്രെയ്ന് അത്യാധുനിക ‘തമഹോക്’ മിസൈലുകൾ നൽകുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ലോകത്തിന്റെ ശ്രദ്ധ യുക്രെയ്നിൽ നിന്ന് വ്യതിചലിക്കുന്നത് സംഘർഷം കൂടുതൽ രൂക്ഷമാക്കുകയാണെന്ന് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ യുക്രെയ്ൻ നേതാവ് സെലൻസ്കി അഭിപ്രായപ്പെട്ടിരുന്നു.
യുക്രെയ്ന് ‘തമഹോക്’ നൽകിയാൽ റഷ്യ ശക്തമായി പ്രതികരിക്കുമെന്ന സൂചന പ്രസിഡന്റ് പുട്ടിനും നൽകിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]