തിരുവനന്തപുരം ∙ അറ്റകുറ്റപ്പണികൾക്കായി സ്മാർട് റോഡുകൾ പൊളിക്കേണ്ടി വരില്ലെന്ന റോഡ് ഫണ്ട് ബോർഡിന്റെയും സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെയും അവകാശവാദം പൊളിച്ച്, കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡിൽ കൊത്തുവാൽ തെരുവിന് എതിർവശത്ത് റോഡിന്റെ മധ്യ ഭാഗം കുത്തിപ്പൊളിച്ചു. പൊട്ടിയ സുവിജ് പൈപ്പ് കണ്ടെത്താനാണിത്. പൈപ്പ് കണ്ടെത്തുന്നതിനുള്ള കുഴിയെടുക്കുന്നതിന് തടസ്സമായി കേബിളുകൾ ഉണ്ടെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ പുതിയ വെളിപ്പെടുത്തൽ.
ഇലക്ട്രിക്, ടെലഫോൺ കേബിളുകൾ പ്രത്യേക ഡക്ടുകളിലാക്കിയാണ് സ്മാർട് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയത് എന്നാണ് റോഡ് ഫണ്ട് ബോർഡും സ്മാർട് സിറ്റിയും അവകാശപ്പെട്ടിരുന്നത്.
1.06 കിലോമീറ്റർ നീളമുള്ള കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡിന്റെ പുനർ നിർമാണത്തിന് 33.02 കോടി ചെലവാക്കി എന്നാണ് കണക്ക്. വൈദ്യുതി, ടെലഫോൺ കേബിളുകൾ ഭൂമിക്കടിയിലാക്കിയതാണ് സ്മാർട് റോഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. കേബിളുകൾ കേടു പറ്റിയാൽ റോഡ് പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തുന്നതിന് ഓരോ പത്തു മീറ്ററിലും മാൻഹോളുകൾ നിർമിച്ചിട്ടുണ്ട്.
സുവിജ് പൈപ്പ് പൊട്ടിയ ഭാഗത്തെ മണ്ണ് മാറ്റാനായി മണ്ണുമാന്തി ഉപയോഗിച്ചപ്പോൾ നിറയെ കേബിളുകളാണെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.
ചെറിയ ആഴത്തിൽ കുഴിയെടുത്ത ശേഷം യന്ത്രം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് ജോലിക്കാർ ഇറങ്ങിയാണ് കുഴി എടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പൈപ്പ് പൊട്ടിയ സ്ഥലത്ത് കുഴി എടുത്തെങ്കിലും ഇന്നലെ രാത്രി വരെ പൊട്ടിയ ഭാഗം കണ്ടെത്തിയില്ല. കുഴിയെടുത്ത ഭാഗത്ത് വെള്ളം നിറയുന്നതാണ് മറ്റൊരു പ്രശ്നം.
ഈ വെള്ളം പമ്പ് ചെയ്ത് മാറ്റിയാൽ മാത്രമേ തുടർ പ്രവർത്തനം നടത്താൻ കഴിയൂ.
കൊത്തുവാൽ തെരുവിന് എതിർവശത്ത് റോഡിന്റെ മധ്യത്തിൽ ശനിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്. പൊട്ടിയ പൈപ്പ് കണ്ടെത്താനായി എടുത്ത കുഴിയിലേക്ക് മണ്ണ് ഇടിഞ്ഞു വീഴാതിരിക്കാൻ ഇരുമ്പ് പാളികൾ സ്ഥാപിച്ച ശേഷമേ പൊട്ടൽ പരിഹരിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കൂ. പൊട്ടിയ ഭാഗം മാറ്റി പുതിയത് വിളക്കിചേർത്ത ശേഷമേ പമ്പിങ് പുനഃരാരംഭിക്കൂ.
900 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പ് ആയതിനാലാണ് കൂടുതൽ സമരം വേണ്ടി വരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 18നു മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]