കീക്കൊഴൂർ ∙ മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പു പോലെ പുതമൺ പാലം നിർമാണം പൂർത്തിയാക്കി ശബരിമല തീർഥാടനത്തിനു മുൻപു ഗതാഗതത്തിനു തുറക്കുമോ? കൂടുതൽ പണിക്കാരെ നിയോഗിച്ച് ടൈംടേബിൾ തയാറാക്കി പണി നടത്തിയാൽ മാത്രമേ ലക്ഷ്യം സാധ്യമാകൂ. പ്രമോദ് നാരായണൻ എംഎൽഎയുടെ സബ്മിഷനു മറുപടിയായിട്ടാണ് തീർഥാടനത്തിനു മുൻപ് പാലം തുറക്കുമെന്ന് മന്ത്രി അറിയിച്ചത്.
തീർഥാടനത്തിനു ഇനി ഒരു മാസം മാത്രമേ ശേഷിച്ചിട്ടുള്ളൂ.
അതിനു മുൻപ് ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്യണം. ഇതിനായി തട്ട് ഉറപ്പിക്കുന്ന പണി നടക്കുന്നതേയുള്ളൂ.
അതിനു മുകളിൽ ഇരുമ്പു പാളികൾ ഉറപ്പിച്ച ശേഷം കമ്പി കെട്ടി വേണം കോൺക്രീറ്റ് ചെയ്യാൻ. കോൺക്രീറ്റ് ഉറച്ചിട്ടു മാത്രമേ ഗതാഗതം സാധ്യമാക്കാനാകൂ.
ഒരു മാസത്തിനുള്ളിൽ ഇതു സാധ്യമാകണമെങ്കിൽ പിഡബ്ല്യുഡി പാലം വിഭാഗം എൻജിനീയർമാർ സ്ഥലത്തു ക്യാംപ് ചെയ്ത് ഓരോ ദിവസത്തെയും ടൈംടേബിൾ തയാറാക്കി പണി ചെയ്യിക്കണം. തോട്ടിൽ കരിങ്കല്ല് പാകിയ ശേഷം (അപ്രോൺ) ഉപരിതലം കോൺക്രീറ്റ് ചെയ്താണ് തട്ട് ഉറപ്പിക്കുന്ന പണികൾ ആരംഭിച്ചത്.
സമീപന റോഡിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനു കോൺക്രീറ്റ് തുടങ്ങിയിട്ടുണ്ട്.
പാലം പൂർത്തിയായ ശേഷം സമീപന റോഡിൽ ജിഎസ്ബി വിരിച്ച് വാഹന ഗതാഗതത്തിന് താൽക്കാലിക സംവിധാനം ഒരുക്കാനാണു പദ്ധതി. ചെങ്ങന്നൂർ–കോഴഞ്ചേരി– പമ്പ ശബരിമല പാതയിലെ പാലമാണിത്.
നിലവിലുണ്ടായിരുന്ന പാലത്തിനു നാശം നേരിട്ടതോടെയാണു പുതിയതു പണിയുന്നത്. 8 മീറ്റർ വീതം നീളമുള്ള 2 സ്പാനുകളോടു കൂടിയ സബ്മേഴ്സിബിൾ പാലമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
7.50 മീറ്റർ വാഹന ഗതാഗതത്തിനും 1.50 മീറ്റർ വീതം ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് വീതി. 2.06 കോടി രൂപയാണു നിർമാണ ചെലവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]