പച്ചനുണകൊണ്ട് കെട്ടിപ്പൊക്കിയ ആരോപണങ്ങൾ, ഒറ്റയടിക്ക് കൊഴിഞ്ഞുപോയത് 100 ബില്യൻ ഡോളർ! സുമാർ 8 ലക്ഷം കോടി രൂപ.
സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയ്ക്ക് എങ്ങനെ ഒരു കമ്പനിയുടെ തലവര തിരുത്തിയെഴുതാമെന്നതിന്റെ തെളിവ്… ഒരിടവേളയ്ക്കുശേഷം വീണ്ടും ഹിൻഡൻബർഗ് റിസർച്ചിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രംഗത്ത്.
മുംബൈയിൽ വിസ്ലിങ് വുഡ്സ് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഗൗതം അദാനിയുടെ പ്രതികരണം.
കഥകൾ ഇപ്പോൾ സിനിമയിൽ ഒതുങ്ങുന്നില്ല, പലതരം വ്യാഖ്യാനങ്ങളും കള്ളക്കഥകളും വിപണികളെപ്പോലും ചലിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുന്നു.
തലവരകൾ പോലും തിരുത്തപ്പെടുന്നു. ‘‘എന്റെ സ്വന്തം അനുഭവം തന്നെ പറയാം.
യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് റിസർച് 2023 ജനുവരിയിൽ ഞങ്ങൾക്കെതിരെ കണക്കുകൂട്ടലുകളോടെ കള്ളക്കഥകൾ പുറത്തുവിട്ടു. വെറുമൊരു റിപ്പോർട്ടല്ല, എല്ലാവർക്കും ഇടയിൽ സംശയങ്ങളും ആശങ്കകളും ഉയർത്തുന്ന കെട്ടിച്ചമച്ച റിപ്പോർട്ട്.
ഞങ്ങളുടെ 100 ബില്യൻ ഡോളർ വിപണിമൂല്യമാണ് ഒലിച്ചുപോയത്’’, ഗൗതം അദാനി പറഞ്ഞു. കമ്പനിയുടെ പ്രവർത്തന അടിത്തറയിൽ എന്തെങ്കിലും പാളിച്ചകൊണ്ടായിരുന്നില്ല ആ വീഴ്ച; മറിച്ച് കള്ളക്കഥ ഒരു ആയുധമെന്നപോലെ ഞങ്ങൾക്കെതിരെ ഉപയോഗിക്കുകയായിരുന്നു – അദ്ദേഹം പറഞ്ഞു.
ഏറെ വർഷത്തെ പ്രയ്തനംകൊണ്ട് കെട്ടിപ്പടുത്ത നേട്ടങ്ങളാണ് ഹിൻഡൻബർഗിന്റേത് പോലുള്ള കള്ളറിപ്പോർട്ടുകൾ വഴി നഷ്ടപ്പെടുന്നതെന്നും ഗൗതം അദാനി പറഞ്ഞു.
വിദേശ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഇന്ത്യയുടെ വ്യക്തിത്വത്തെ ഹനിക്കുന്ന കള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നതിനെതിരെ നടപടിയുണ്ടാവണം. മിണ്ടാതിരിക്കുന്നത് കീഴടങ്ങലിന് തുല്യമാണെന്നും ‘ഗാന്ധി’, ‘സ്ലംഡോഗ് മില്യണയർ’ പോലുള്ള ചലച്ചിത്രങ്ങൾ ഇന്ത്യയെക്കുറിച്ച് ഏത് തരം വ്യാഖ്യാനമാണ് വിദേശികൾക്ക് നൽകിയതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗൗതം അദാനിക്കും ഗ്രൂപ്പിലെ അദാനി പവർ, അദാനി എന്റർപ്രൈസസ് തുടങ്ങിയ കമ്പനികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഹിൻഡൻബർഗ് 2023ൽ പുറത്തുവിട്ടത്.
വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിച്ച് അവവഴി ഇന്ത്യയിലെ സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തി. ഇത്തരത്തിൽ കൃത്രിമമായി വില പെരുപ്പിച്ച ഓഹരികൾ ഈടുവച്ച് വായ്പകൾ സംഘടിപ്പിച്ചു – തുടങ്ങിയവ ആരോപണങ്ങളാണ് ഹിൻഡൻബർഗ് തൊടുത്തുവിട്ടത്.
റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വിറ്റൊഴിയൽ സമ്മർദം ശക്തമാവുകയും വിപണിമൂല്യം ഇടിയുകയുമായിരുന്നു.
റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തിയ സെബി പക്ഷേ, അദാനിക്ക് അടുത്തിടെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവില്ലെന്നും വായ്പകൾ പലിശസഹിതം അദാനി കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്നും സെബി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ സമൻസ് കൈമാറിയില്ലെന്ന് എസ്ഇസി
കൈക്കൂലിക്കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരായ സമൻസ് ഇനിയും കൈമാറാൻ ഇന്ത്യ തയാറായിട്ടില്ലെന്ന് യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) വ്യക്തമാക്കി.
ന്യൂയോർക്ക് ഡിസ്ട്രിക്ട് കോടതിയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്ന് ഊർജ വിതരണക്കരാർ നേടാനായി ഉദ്യോഗസ്ഥർക്ക് 265 മില്യൻ ഡോളർ കൈക്കൂലി കൊടുത്തെന്നായിരുന്നു ആരോപണം.
സമൻസ് കൈമാറുന്നത് സംബന്ധിച്ച് സെപ്റ്റംബർ 14ന് ആണ് ഇന്ത്യയുടെ നിയമ മന്ത്രാലയവുമായി ഏറ്റവുമൊടുവിൽ ബന്ധപ്പെട്ടത്.
എന്നാൽ, മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നും എസ്ഇസി കോടതിയിൽ പറഞ്ഞു. അതേസമയം, ആരോപണങ്ങളെല്ലാം ഗൗതം അദാനിയും അദാനി ഗ്രൂപ്പും നിഷേധിച്ചിരുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]